Movie Reviews

കിംഗ്‌ ലയര്‍- മൂവി റിവ്യൂ

പ്രേക്ഷകരുടെ ആഘോഷ ആവേശങ്ങള്‍ക്കു ആരവമുയര്‍ത്തി ജനപ്രിയ നായകന്‍റെ കിംഗ്‌ ലയര്‍ ( രാജനുണയന്‍) ഇന്ന് പ്രദര്‍ശനത്തിനെത്തി. 22 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ധിക്ക്-ലാല്‍  കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയാണ് സിനിമയുടെ പ്രധാന സവിശേഷത. ഇരുവരും കാലങ്ങളെടുത്ത് കൈ കോര്‍ക്കുമ്പോള്‍ നിലവാര മയമുള്ള ഒരു വാണിജ്യ സിനിമ തന്നെ അണിയറയില്‍ ഒരുങ്ങണം. അത് അങ്ങനെ തന്നെ ആകും എന്ന ചിന്ത മനസ്സിലിട്ടു കൊണ്ടാണ് പ്രേക്ഷകരത്രയും തീയറ്ററില്‍ നിലയുറപ്പിച്ചത്.  ആദ്യഷോ കാണാന്‍ തന്നെ മിനിമം സ്ത്രീ ജനങ്ങള്‍ തീയറ്ററില്‍ വന്നു ചേരുമ്പോഴും മുന്‍ ദിലീപ് സിനിമകള്‍ കുടുംബ പ്രേക്ഷകര്‍ക്ക്‌ നല്‍കിയിട്ടുള്ള വിശ്വാസ്യത വാനോളം ഉയരുന്നുണ്ട്.

അവധിക്കാലം ലക്ഷ്യമാക്കിയാണ് ഈ രാജനുണയനെ സിദ്ധിക്ക്-ലാല്‍ ടീം പ്രേക്ഷകരിലേക്ക് എറിഞ്ഞു കൊടുത്തത്. വാണിജ്യ നേട്ടങ്ങളുടെ മികവ് വന്‍ തോതില്‍ ഉയര്‍ത്താന്‍ സഹായകമായ സാഹചര്യമാണ് ഈ അവധിക്കാലം. കിംഗ്‌ ലയര്‍ കണ്ടു ജനം ആര്‍ത്തൊന്നു കയ്യടിച്ചു ചിരിച്ചാല്‍ ഇതും പണം വാരി പടങ്ങളുടെ പരുവത്തിലേക്ക്‌ വരും എന്നത് ഉറപ്പാണ്.

ലാല്‍ സംവിധാനത്തില്‍ കൈ തൊട്ടപ്പോള്‍ തിരക്കഥ സിദ്ധിക്കാണ് നിര്‍വഹിച്ചത്. സംഭാഷണമെഴുതാന്‍ ഇരുവരും ചേര്‍ന്ന് ബിപിന്‍ ചന്ദ്രനെ ഏല്‍പ്പിച്ചു. പാവാടയെന്ന സിനിമ എഴുതി ഹിറ്റാക്കിയ ബിപിന്‍ ചന്ദ്രന്‍ കിംഗ്‌ ലയറിന്‍റെ എഴുത്തില്‍ പങ്കാളിയായത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കാനും കാരണമായി.

സത്യനാരായണന്‍റെ നുണ കഥയാണ് പിന്നീട് പ്രേക്ഷകര്‍ക്കു മുന്നില്‍ തെളിഞ്ഞു തുടങ്ങിയത്. നുണ സാഹചര്യങ്ങള്‍ എപ്പോഴും നര്‍മ സാഹചര്യങ്ങള്‍ക്ക് തീര്‍ച്ചയായും വഴി തുറക്കും. ആയതിനാല്‍ തമാശയുടെ കൂട് പൊട്ടുകയാണ്‌ ചിത്രത്തിന്‍റെ തുടക്കം മുതല്‍ തന്നെ.
തമാശകളിലെ കൃത്യത സത്യനാരായണന്‍ എന്ന കഥാപാത്രത്തിലൂടെ ദിലീപ് ഭംഗിയായി കൂട്ടി ചേര്‍ക്കുന്നുണ്ട്. നായകന്‍റെ തല്ല് കൊള്ളാനും, ചീത്ത വിളി കേള്‍ക്കാനുമുള്ള ഭാഗ്യം സിദ്ധിച്ച സന്തത സാഹചരിയായി വേഷമിട്ടത് ലാലിന്‍റെ തന്നെ അനന്തരവനായ യുവ നടന്‍ ബാലു വര്‍ഗീസാണ്. ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ കൂടുതല്‍ സ്നേഹം ചേര്‍ത്ത് അടുപ്പിച്ചു നിര്‍ത്താന്‍ വലിയ വലിയ നുണകളുടെ കെട്ടഴിക്കുകയാണ് ‘സത്യനാരായണന്‍. ദിലീപും, ബാലുവര്‍ഗീസും. ചേര്‍ന്ന് ആദ്യ പകുതി നര്‍മം പൊഴിച്ചു വിളഞ്ഞാടുന്നുണ്ട്.വിശ്വാസ യോഗ്യമാകുന്ന തരത്തിലെ നുണകളുടെ കൂമ്പാരമാണ് സത്യനാരായണന്‍ അഞ്ജലിയ്ക്ക് മുന്നില്‍ പടച്ചു വിടുന്നത്. ഇത്തരം നിമിഷങ്ങളിലൂടെയൊക്കെ സിനിമ കടന്നു പോകുമ്പോഴും പ്രേക്ഷകര്‍ ആവേശ പൂര്‍വ്വം ചിരിച്ചാണ് ആദ്യ പകുതിയുടെ ആസ്വാദനം കണ്ടു തീര്‍ത്തത്.

ദാമ്പത്യ ബന്ധം വേര്‍പെട്ട് നില്‍ക്കുന്ന ‘ആനന്ദ്‌ വര്‍മ’,  ‘ദേവികാ വര്‍മ’ എന്നീ കഥാപാത്രങ്ങളുടെ ഇടയിലേക്കാണ്‌ സത്യനാരയണന്‍റെയും, സന്തത സാഹചാരിയുടെയും പിന്നീടുള്ള സഞ്ചാരം. രാജനുണയനെ ആനന്ദ് വര്‍മ്മ കയ്യിലെടുക്കുകയും ഒരു ദൗത്യത്തിനായി ദുബായിലേക്ക് പറഞ്ഞു വിടുകയും ചെയ്യുന്നതോട് കൂടി രണ്ടാം പകുതിയും ചലിച്ചു തുടങ്ങും. കേരളം മറന്നു ക്യാമറ ദുബായില്‍ എത്തിയതോടു കൂടി കഥയുടെ സ്വഭാവം തന്നെ മാറി. പറഞ്ഞു കഴിഞ്ഞ എത്രയോ സ്ഥിരം സിനിമകളുടെ പരുവം പോലെയായി കിംഗ്‌ലയറും എന്നത് സമ്മതിക്കേണ്ട സത്യമാണ്.

കഥയിലെ ഗൗരവമൊന്നും പ്രേക്ഷകനെ തെല്ലും പിടിച്ചു കുലുക്കുന്നില്ല. ആയിരമാവര്‍ത്തി ഞാന്‍ ഇതേ സ്വഭാവമുള്ള സിനിമയ്ക്ക് അരികില്‍ ഇരുന്നിട്ടുണ്ടെന്ന് ഓരോ പ്രേക്ഷകരും മനസ്സില്‍ തട്ടി പറയാതെ പറഞ്ഞു. തമാശകള്‍ മങ്ങി തുടങ്ങിയപ്പോള്‍ പ്രേക്ഷകരത്രയും അസ്വസ്ഥരായി എന്നത് തീയറ്ററിനുള്ളില്‍ നിന്ന് തന്നെ വ്യക്തം. പ്രേക്ഷകരുടെ ഈ നെടുവീര്‍പ്പിടല്‍ ഒരു പരിധി വരെ മറികടക്കാന്‍ ദിലീപ് എന്ന നടന്‍റെ അഭിനയ ശ്രമത്തിനു സമര്‍ത്ഥമായി കഴിയുന്നുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.
പ്രേക്ഷകര്‍ക്ക്‌ തീരെ ദഹിക്കാത്ത മടുപ്പിക്കുന്ന ഒരു കഥാ നിര്‍മ്മിതി സിദ്ധിക്ക് എഴുതി കാട്ടിയപ്പോള്‍ മനോഹരമായ ഒരു വിനോദ സിനിമ എന്ന ഗണത്തില്‍ നിന്ന് കിംഗ്‌ ലയര്‍ ഒരുപാട് പിന്നിലേക്ക്‌ വീണു. ബോക്സ് ഓഫീസ് വിജയം എന്ന ഘടകം ഈ ചിത്രത്തെയും പിന്തുടരുകയാണെങ്കില്‍ അത് ദിലീപിന് മാത്രം നല്‍കേണ്ട പ്രശംസ തന്നെയാണ്.

ലാലിന്‍റെ സംവിധാനം നിറം ചോര്‍ന്നു

ഒരു ആഘോഷ സിനിമ ഭംഗിയായി അലങ്കരിക്കാന്‍ ലാലിന്‍റെ സംവിധാനത്തിന് തീരെ കഴിയാതെ വന്നിട്ടുണ്ട്. നല്ല വരികളും, നല്ല സംഗീതവും ചേര്‍ന്ന ഒരു മനോഹര ഗാനം അനാവശ്യ ചിത്രീകരണം കൊണ്ട് അലോങ്കലമാക്കിയ ലാലിലെ ആ പഴയ സംവിധാന പ്രതിഭ എവിടെയോ നിറം കെട്ടു നില്‍ക്കുന്നുണ്ട്.

തിരക്കഥാ രചനയിലെ നല്ലതും, മോശവും

സിദ്ധിക്ക് സംഭാഷണം മറ്റൊരാളെ ഏല്‍പ്പിച്ചത് കൊണ്ടാകാം തിരക്കഥയില്‍ വലിയ ഒരു അപാകത പ്രകടമായത്. സിദ്ധിക്ക് എഴുതിയ കഥയില്‍ സിദ്ധിക്ക് എഴുതിയ തിരക്കഥയില്‍ സിദ്ധിക്ക് തന്നെ സംഭാഷണം രചിക്കുന്നതായിരുന്നു കൂടുതല്‍ ഉചിതം. നല്ല ഫലിത സാഹചര്യങ്ങള്‍ തിരക്കഥയിലെ നല്ല വശം തുറന്നു കാട്ടുന്നു.

ബിപിന്‍ ചന്ദ്രന്‍റെ സംഭാഷണ ഭാഗത്തെ ഒരിക്കലും കുറ്റം പറയാന്‍ കഴിയില്ല. ചിരിക്കു വകയുള്ള നല്ല എഴുത്ത് ബിപിന്‍ ചന്ദ്രനില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സിദ്ധിക്കിന്‍റെ കഥയും, തിരക്കഥയും തന്നെയായിരുന്നു പ്രധാന പോരായ്മകള്‍.

എല്ലാവരുടെയും അഭിനയം മികച്ചു നിന്നപ്പോള്‍

ദിലീപ് എന്ന നടന്‍ ഇന്നും ജനങ്ങളുടെ പ്രിയമാകുന്നതിനു കാരണം കാട്ടി തരുന്ന മറ്റൊരു മികച്ച കഥാപാത്രം തന്നെയാണ് രാജനുണയന്‍ എന്ന ‘സത്യനാരായണന്‍. ദിലീപില്‍ സത്യനാരായണന്‍റെ പരകായ പ്രവേശം അതിശയം ജനിപ്പിക്കുന്നതാണ്. തമാശ ഇത്ര ഭംഗിയോടെയും ടൈമിംഗ് തെറ്റാതെയും ചെയ്യുന്ന നടന്മാര്‍ ഇന്ത്യയില്‍ തന്നെ വിരളമാണ്. മഡോണയുടെ പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്. ഇതിലെ അഞ്ജലിയും പ്രേക്ഷകര്‍ അവരുടെ ഹൃദയത്തില്‍ തുന്നിവെയ്ക്കും എന്നത് ഉറപ്പാണ്. വളരെ പരിചയ സമ്പത്തുള്ള ഒരു നടിയെ പോലെ നിസ്സാരമായി തന്നെ തന്നിലെ കഥാപാത്രം മഡോണ അഭിനയിച്ചു തീര്‍ത്തു.

ബാലു വര്‍ഗീസും പ്രേക്ഷകര്‍ക്കു നിറ ചിരി സമ്മാനിച്ചു കൊണ്ട് ഉഗ്രനായി സ്കോര്‍ ചെയ്തു. ആശാ ശരത്തും, ലാലും മികച്ച അഭിനയം തന്നെയാണ് സിനിമയിലുടനീളം കാഴ്ചവെച്ചത്. മറ്റുള്ള അഭിനേതാക്കളെല്ലാം തന്നെ വളരെ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്

മറ്റു ടെക്നിക്കല്‍ വശങ്ങള്‍

ആല്‍ബിയുടെ ചായാഗ്രഹണം മികച്ചു നിന്നു. മികച്ച ക്യാമറ ദൃശ്യങ്ങള്‍ സിനിമയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. രതീഷ്‌ രാജിന്‍റെ ചിത്ര സംയോജനം താളം തെറ്റിയ പോലെ അനുഭവപ്പെട്ടപ്പോള്‍
അലക്സ്‌‌ പോള്‍ ഈണമിട്ട ചിത്രത്തിലെ ആദ്യ ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതായി തോന്നി. ദീപക് ദേവിന്‍റെ പിന്നണി ഗീതവും അത്യാവശ്യ നിലവാരം കാത്തു സൂക്ഷിച്ചു.

അവസാന വാചകം

കിംഗ്‌ ലയര്‍ ഒരു ബോക്സ്‌ ഓഫീസ് വിജയമാകുമോ? ഈ ഒരു ചോദ്യം മാത്രം ഇനിയും ബാക്കി നില്‍ക്കും . കാരണം ജനപ്രിയനായ ഈ രാജനുണയന്‍ പലയാവര്‍ത്തി അത് തെളിയിച്ചതാണ്.

shortlink

Related Articles

Post Your Comments


Back to top button