CinemaIndian CinemaMollywoodNEWSSpecial

കാഴ്ചകള്‍ പുന:നിര്‍മ്മിച്ച ചലച്ചിത്രകാരന്‍

മലയാളിയുടെ കാഴ്ചകളെ പുനര്‍ നിര്‍മ്മിച്ച സമാന്തര സിനിമാ രംഗത്തെ അതികായകന്‍ പി എ ബക്കര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍. മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ പി എ ബക്കര്‍  ഒരു സംവിധായകന്‍ മാത്രമല്ല എന്ന് കാണാം. സംവിധായക പദവി ലഭിക്കും മുന്‍പേ സിനിമയുടെ ഇടങ്ങളില്‍ ഈ താടിക്കാരനെ കണ്ടവര്‍ ഉണ്ട്. മലയാള സിനിമയെ അതിന്‍റെ ചരിത്രത്തെ സുവര്‍ണ്ണ ലിപികളില്‍ കുറിച്ച ‘നീലക്കുയിലി’ന്‍റെ പ്രൊഡക്ഷന്‍ ബോയ്, ‘മുടിയനായ പുത്രനി’ലെ പ്രൊഡക്ഷന്‍ ഡിസൈനര്‍, ദേശീയതലത്തില്‍ എത്തിയ ‘ചെമ്മീനി’ന്‍റെ പ്രൊഡക്ഷന്‍ മാനേജര്‍, സാമതര സിനിമയുടെ ആരംഭത്തിന് നാഴികക്കല്ലായി മാറിയ ‘ഓളവും തിരവും’, ‘അവള്‍’ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് എന്നിങ്ങനെ വിശാലമായ ഒരു വ്യക്തിത്വം ബക്കറില്‍ കാണാം.

കേരളത്തിന്‍റെ സാംസ്കാരികചരിത്രത്തില്‍ യുവത്വത്തിന്റെ ചരിത്രം എഴുതിയ ‘കബനീനദി ചുവന്നപ്പോളി’ന്‍റെ സംവിധായകനായി സിനിമയില്‍ തന്‍റെ ചിന്തകളും ഭാവനകളും നിറച്ചു വച്ച സംവിധായകന്‍. ആദ്യ സിനിമക്ക് ത്തന്നെ ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. കാരണം മലയാള സമാന്തര സിനിമയില്‍ ഇന്ന് ശ്രദ്ധേയനായ ടി വി ചന്ദ്രന്‍ ആണ് കബനീനദി ചുവന്നപ്പോളിലെ നായകന്‍. പി പവിത്രനാണ് നിര്‍മ്മാണം. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്താണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്. അതും ഇടതുപക്ഷ പ്രമേയം. വിപ്ലവകരമായ ചില നേട്ടങ്ങളും ദുരന്തങ്ങളും ഈ ചിത്രത്തിനു പിന്നിലുണ്ട്.

അടിയന്തരാവസ്‌ഥക്കാലത്തു പുറത്തുവന്ന കബനീനദി സെൻസർ ബോർഡിനെ വിറളിപിടിപ്പിച്ച ചിത്രമാണ്. സംവിധായകനായ പവിത്രനായിരുന്നു കബനീനദിയുടെ നിർമാതാവ്. ടി.വി. ചന്ദ്രൻ, ചിന്ത രവി, സലാം കാരാശേരി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം മലയാള സിനിമയിൽ നിലവിലുണ്ടായിരുന്ന സൗന്ദര്യസങ്കൽപങ്ങളെ തകിടംമറിച്ചു. വിപ്ലവകാരിയായ ഗോപി എന്ന യുവാവിന്റെ കഥയാണ് കബനീനദി പറയുന്നത്. പോലീസ് തെരയുന്ന ഗോപി തന്റെ കാമുകിയുടെ അടുത്ത് അഭയം തേടുന്നു. ഗോപിയും കാമുകിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ചിത്രത്തിൽ രാഷ്ട്രീയം ചർച്ചചെയ്യപ്പെടുകയാണ്. ഒരു മികച്ച സംവിധായകന്റെ കൈയടക്കം ഈ രംഗങ്ങളിൽ പ്രകടമാണ്. താൻ പിടിക്കപ്പെടുമെന്നു മനസിലാക്കി ഈ വീട്ടിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഗോപി പോലീസിന്റെ വെടിയേറ്റു മരിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.

1976ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് ‘കബനീനദി ചുവന്നപ്പോള്‍’ കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ് പി.എ. ബക്കറിനും ലഭിച്ചു. ‘കബനി’ക്കുശേഷം ബക്കര്‍ പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എഴുപതുകളുടെ രണ്ടാംപകുതിയിലാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍ പുറത്തുവരുന്നത്. സാധാരണക്കാരന്‍െറ അടിസ്ഥാന യാഥാര്‍ഥ്യങ്ങളാണ് അവയില്‍ അവതരിപ്പിച്ചത്. അനാഥാലയത്തില്‍നിന്ന് പുറത്തിറങ്ങി സ്വന്തം ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവാവിന്‍െറ കഥയാണ് ‘മണിമുഴക്കം’. സമൂഹത്തിന്‍െറ പുറമ്പോക്കില്‍ കഴിയുന്ന മനുഷ്യരുടെ കഥയാണ് ‘ചുവന്ന വിത്തുകള്‍’. വര്‍ഗസമൂഹത്തിന്‍െറ വൈരുധ്യങ്ങളാണ് സംഘഗാനം. മണ്ണിന്‍െറ മാറില്‍, ‘ഉണര്‍ത്തുപാട്ട്’, ‘ചാപ്പ’, ‘ഇന്നലെയുടെ ബാക്കി’, ‘ശ്രീനാരായണഗുരു’ തുടങ്ങി 12 ചിത്രങ്ങളാണ് ബക്കർ സംവിധാനം ചെയ്തത്. ചാരം, ഇന്നലെയുടെ ബാക്കി എന്നീ ചിത്രങ്ങളൊഴികെയുള്ളവ നിരവധി പുരസ്കാരങ്ങൾ നേടി. സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘സഖാവ്’ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ബക്കര്‍ യാത്രയായി-1993 നവംബര്‍ 22ന് 53-ആം വയസ്സില്‍.

shortlink

Related Articles

Post Your Comments


Back to top button