Movie Reviews

‘ഒരു മെക്സിക്കന്‍ അപാരത’-നിരൂപണം; ചുവപ്പിന്‍റെ വിപ്ലവം ചടുലമായോ?

പ്രവീണ്‍.പി നായര്‍ 

ഇടതുപക്ഷ രാഷ്ട്രീയ സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന സംഭാഷണമാണ് ‘ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍’. ഇടതിന്‍റെ വികാരം കനപ്പെടുത്തുന്ന ‘ലാല്‍ സലാ’മെന്ന ചിത്രത്തിലേതാണ് മേല്‍പറഞ്ഞ സംഭാഷണം. ഈ ചിത്രം പ്രേക്ഷകരോട് പങ്കുവെച്ചത് മലയാളത്തിന്‍റെ പ്രിയ സംവിധായകനും,തിരക്കഥാകൃത്തുമായ വേണുനാഗവള്ളിയാണ്. ലെഫ്റ്റ് ആശയം പ്രമേയമാക്കി വേണു നാഗവള്ളി പിന്നെയും ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവയൊന്നും ലാല്‍ സാലം പോലെ ഹൃദ്യമായിരുന്നില്ല. ആക്ഷേപ ഹാസ്യമെന്ന നിലയില്‍ ശ്രീനിവാസനും രാഷ്ട്രീയ വിഷയം പ്രമേയമാക്കി സിനിമയെടുത്തു ഹിറ്റാക്കിയിട്ടുണ്ട്. സമീപകാലത്ത് മുരളിഗോപിയും രാഷ്ട്രീയ വിഷയം അവതരിപ്പിച്ചാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. മലയാളത്തില്‍ രാഷ്ടീയ സിനിമകള്‍ അനവധിയുണ്ടെങ്കിലും സത്യസന്ധമായി നേര്‍ കാഴ്ചയൊരുക്കിയ നല്ല പൊളിറ്റിക്കല്‍ സിനിമകള്‍ വിരളമാണ്.

ഒരു മെക്സിക്കന്‍ അപരാതയിലൂടെ ക്യാമ്പസിനുള്ളിലെ രാഷ്ട്രീയം പറയാനാണ് നവഗാതനായ ടോം ഇമ്മട്ടിയുടെ ശ്രമം. 90-കളിലെ ക്യാമ്പസ് രാഷ്ട്രീയം പങ്കുവെയ്ക്കുന്ന ചിത്രത്തില്‍ ചെങ്കൊടിയാണ് നായകന്‍. അതിനുള്ളില്‍ നിന്നാണ് കഥാപാത്രങ്ങളുടെ തേരോട്ടം. ക്യാമ്പസില്‍ തുടര്‍ച്ചയായി ഭരണം കയ്യാളുന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വെല്ലുവിളിയുമായി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ക്യാമ്പസില്‍ പിറവി എടുക്കാന്‍ പരിശ്രമിക്കുന്നതാണ് ഒറ്റവാക്കില്‍ മെക്സിക്കന്‍ അപരാത.

ഇടതെന്ന വികാരത്തെ മാസ്സ് അവതരണത്തിലൂടെ പ്രേക്ഷകരില്‍ കൂട്ടിക്കെട്ടാനാണ് സംവിധായകന്‍റെ പ്രയത്നം. ഇക്വലാബും, ചെങ്കൊടിയും, ചെഗുവേരെയുമൊക്കെ സ്ക്രീനില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ആസ്വാദന വീര്യം കൂട്ടാന്‍ തുനിഞ്ഞു ഇറങ്ങിയിയിരിക്കുകയാണ് ടോം ഇമ്മട്ടിയിലെ സംവിധായകനും, എഴുത്തുകാരനും. സിനിമയുടെ തുടക്കത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം രാഷ്ട്രീയമല്ല, പലയാവര്‍ത്തി സിനിമകളില്‍ കണ്ടിട്ടുള്ള ക്യാമ്പസിലെയും, ക്യാമ്പസ് ഹോസ്റ്റലുകളുടെയും പുനരവതരണമാണ് ആദ്യ പകുതിയിലെറെയും ചിത്രം പങ്കിടുന്നത്. പ്രണയം, അത് കഴിഞ്ഞു രൂപപ്പെടുന്ന നഷ്ട പ്രണയം, കള്ള്, കഞ്ചാവ്,ഹോസ്റ്റല്‍ റൂമില്‍ മാത്രം ഗാനം ആലപിക്കാന്‍ നിയോഗിക്കപ്പെട്ട മദ്യപാനി, നായകനൊപ്പം വിഡ്ഢിത്വം വിളംബാന്‍ കൂടെ ചേരുന്ന വഷളന്‍ കൂട്ടുകാരന്‍, കലോത്സവം ഇവയൊക്കെയും മെക്സിക്കന്‍ അപാരതയില്‍ ആദ്യപകുതിക്കൊപ്പം ചേക്കേറുന്നുണ്ട്. വിചിത്ര കഥകളായാലും, വിപ്ലവ കഥകളയാലും ഹ്യൂമറെന്ന സംഗതി മലയാള സിനിമയുടെ രാജാവാണ്‌.  അതുകൊണ്ട് തന്നെ വിപ്ലവ വീര്യത്തിനോപ്പം ചിരിപ്പിക്കാനുള്ള വിദ്യയും സംവിധായകന്‍ ചിത്രത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. ക്യാമ്പസില്‍ സ്ഥാനം ഉറപ്പിക്കാനുള്ള രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്പരമുള്ള പകപോക്കലൊക്കെ രണ്ടാം പകുതിക്ക് ശേഷമാണ് കാഴ്ചയാകുന്നത്. ചരിത്രത്തിന്‍റെ താള് തുറന്നാണ് മെക്സിക്കന്‍ അപാരതയെന്ന സിനിമാ കാഴ്ച തുടങ്ങുന്നത്. കൊല്ലാന്‍ വരുന്നവന് മുന്നില്‍ ചങ്കൂറ്റത്തോടെ നെഞ്ചും വിരിച്ച് ഇക്ല്വാബ് എന്ന് ഉറക്കെ വിളിക്കുന്ന രക്തസാക്ഷിയാകുന്ന ധീര രാഷ്ട്രീയ നായകനെ ചിത്രീകരിച്ചു കൊണ്ട് തുടങ്ങുന്ന സിനിമയില്‍ കലരുന്നത്രയും ചുവപ്പിന്‍റെ ആശയങ്ങളാണ്. ഒളിക്കുന്നത് കുതിക്കാനാണെന്നും, കൊന്നാലും തോല്‍പ്പിക്കാനാകില്ലെന്നുമൊക്കെയുള്ള ചെഗുവേര ആശയങ്ങളൊക്കെ നായകന്മാരെ കൊണ്ട് പറയിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കാനുള്ള തന്ത്രമൊക്കെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട് ചിത്രത്തിന്റെ അണിയറക്കാര്‍.

ശക്തമായ ഒരു രാഷ്ട്രീയ വിഷയം അവതരിപ്പിക്കപ്പെടുന്ന സിനിമയല്ല ‘മെക്സിക്കന്‍ അപാരത’. മഹാരാജാസ് ക്യാമ്പസിലെ രാഷ്ട്രീയ സംഭവങ്ങളെ മാത്രം ചെറിയ ക്യാന്‍വാസില്‍ പറഞ്ഞവസാനിപ്പിക്കുക എന്ന ദൗത്യമാണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്. പാര്‍ട്ടി കൊടി ഉയരുന്നതിന്റെ പേരിലും, കൊടി താഴ്ത്തിയതിന്റെ പേരിലുമൊക്കെ കലാലയത്തില്‍ നടക്കുന്ന വിപ്ലവ വീര്യമാണ് ആകെത്തുകയില്‍ മെക്സിക്കന്‍ അപാരത. നായകനടക്കമുള്ള കഥാപാതങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശകലനങ്ങള്‍ പകുത്തു നല്‍കാത്ത ചിത്രം ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ മത്സരത്തെ മാത്രമാണ് മുന്നില്‍ വയ്ക്കുന്നത്.

പൂര്‍ണ്ണമായും ലെഫ്റ്റ് അനുഭാവമുള്ള ചിത്രമെങ്കിലും, ഇന്നത്തെ ഇടതിന്‍റെ ക്യാമ്പസ് രാഷ്ട്രീയ വിവരണത്തെക്കുറിച്ചൊന്നും ചിത്രം പറയുന്നില്ല. ഭൂതകാലത്തിന്‍റെ രാഷ്ട്രീയ ആവേശത്തിലേക്ക് മാത്രം ക്യാമറ തിരിയുമ്പോള്‍ അധികം വിമര്‍ശനങ്ങള്‍ നേരിടാതെ ചിത്രം പറഞ്ഞവസാനിപ്പിക്കാന്‍ മെക്സിക്കന്‍ ടീമിന് കഴിയും. ഇടതിന്റെ രാഷ്ട്രീയം സ്ക്രീനില്‍ മാസ്സായി രൂപപ്പെടുത്തിയപ്പോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയോ സംഘടനകളെയോ ചിത്രം കൊത്തിപ്പറിക്കുന്നില്ല.
ലെഫ്റ്റിന്‍റെ ചിത്രമാണ്‌ മെക്സിക്കന്‍ അപാരതയെങ്കിലും വലതിന്റെ രാഷ്ട്രീയ ആശയങ്ങളെ വളരെ മോശമായ രീതിയില്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല.രാഷ്രീയ വിപ്ലവങ്ങളെ മഹാരാജാസ് ക്യാമ്പസിനപ്പുറം തുറന്നു വിടാതെ കൂട്ടിലടച്ച രീതി വലിയ പ്രതിഷേധങ്ങളെ അകറ്റി നിര്‍ത്തുമെന്നതാണ് സത്യം.ടോമും കൂട്ടരും വിപ്ലവം സൃഷ്ടിക്കാനല്ല സിനിമയെടുത്തതെന്ന് ചിത്രത്തിലുടനീളം വ്യക്തമാണ്. ചിത്രത്തിന് പൂര്‍ണ്ണമായും ഇടതുപക്ഷ അനുഭാവമുള്ളതിനാല്‍ കണ്ടിരിക്കുന്ന ഇടതുപക്ഷ സഹയാത്രികര്‍ക്ക് ചെങ്കൊടിയും, ചെഗുവരെയും എ.കെ.ജിയും, ഇ.കെ നായനാരുമൊക്കെ കൂടുതല്‍ രോമാഞ്ചം ഉണര്‍ത്തിയേക്കാം.

വാണിജ്യപരമായ മുന്നേറ്റം കാര്യമായി ഉണ്ടാകണം എന്ന തോന്നലോടെ ചെയ്തുവെച്ച മെക്സിക്കന്‍ അപാരതയില്‍ അപാരമായ രചനാ വൈഭവം കണ്ടെത്താന്‍ കഴിയില്ല. ചിത്രത്തിന്‍റെ തിരക്കഥ തളര്‍ച്ചയോടെ നീങ്ങുമ്പോഴും അവതരണത്തിലെ മിടുക്കാണ് മെക്സിക്കന്‍ അപാരതയെ കണ്ടിരിക്കാവുന്ന കാലസൃഷ്ട്ടിയാക്കുന്നത്.

ടോം ഇമ്മട്ടി നവാഗത സംവിധായകനെന്ന നിലയില്‍ ഏറെ തിളങ്ങുന്നുണ്ടെങ്കിലും നവാഗത എഴുത്തുകാരനെന്ന നിലയില്‍ പിന്നോട്ടാണ്. സിനിമയുടെ സ്വഭാവത്തിനനുസൃതമായ തരത്തില്‍ തിരക്കഥ പരുവപ്പെടുത്തിയെങ്കിലും സംഭാഷണങ്ങളിലെ ബലക്കുറവ് സിനിമയിലുടനീളം പ്രകടമാണ്. രാഷ്ട്രീയ വിഷയത്തിന്റെ ഇടങ്ങളിലേക്ക് സിനിമ ഇറങ്ങുമ്പോള്‍ കയ്യടിക്കാന്‍ പ്രേരിപ്പിക്കുന്ന സംഭാഷണങ്ങള്‍ രചയിതാവിന്‍റെ തൂലികയില്‍ നിന്ന് പുതുതായി പരുവപ്പെടണം എന്നാല്‍ അത്തരമൊരു ശ്രമം ഇമ്മട്ടിയുടെ കൈയ്യില്‍ നിന്ന് പ്രകടമായി കണ്ടില്ല. നര്‍മത്തിലൂന്നി പറഞ്ഞ ചില സംഭാഷണങ്ങളും ചിത്രത്തിന് കല്ല്‌ കടിയാകുന്നുണ്ട്. ഒരു സീനില്‍ നിന്ന് അടുത്ത സീനിലേക്കുള്ള പ്രയാണം പലപ്പോഴും അടിസ്ഥാനമില്ലാത്തത് പോലെ തോന്നിയത് തിരക്കഥയുടെ പാളിച്ചയാണ് .ചുവപ്പിന്‍റെ മനസ്സുമായി ഇരിക്കുന്ന കൂട്ടര്‍ക്ക് കലാസൃഷ്ടിക്കപ്പുറം ഇതൊരു ആവേശവും ആഘോഷവുമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കുപ്പായം അണിയാത്ത സിനിമാ മോഹികള്‍ക്ക് ഒരു മെക്സിക്കന്‍ അപാരത കണ്ടിരിക്കാവുന്ന സിനിമാ കാഴ്ച മാത്രമാകുന്നു.

നല്ല നടനാകന്‍ ടൊവിനോ ഇനിയും പരിശ്രമിക്കേണ്ടതുണ്ട്. ‘കൊച്ചനിയന്‍’എന്ന പഴയ കാലഘട്ടത്തിലെ രാഷ്ട്രീയ കഥാപാത്രത്തെയും അത് കഴിഞ്ഞെത്തുന്ന പോൾ വർഗ്ഗീസ്‌ എന്ന കഥാപാത്രത്തെയും നിലവാരപരമായ അഭിനയ രീതിയോടെ ടൊവിനോ അടയാളപ്പെടുത്തിയിട്ടുണ്ട്. പകപോക്കലും പുഞ്ചിരിയുമൊക്കെ സ്വഭാവികതയോടെ മിന്നി തുടങ്ങുന്നതിലൂടെ ടൊവിനോയില്‍ നല്ല നടനാകാനുള്ള സാധ്യതയേറുന്നുണ്ട്. പിന്തുണയ്ക്കാന്‍ ഒട്ടേറെപ്പേര്‍ പുറത്തുള്ളത് കൊണ്ട് അഭിനയം ഇനിയും ചെത്തി മിനുക്കി മുന്നേറാന്‍ ടൊവിനോയ്ക്ക് സമയമുണ്ട്.താരമെന്ന പദവിയിലേക്ക് ടൊവിനോ പ്രവേശിച്ചിരിക്കുന്നു. ആദ്യം താരത്തെയാണ് മനസ്സ് കൊണ്ട് പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നത്. പിന്നെ ആ താരത്തെ അവര്‍ നല്ല നടനാക്കി വളര്‍ത്തും. താരമെന്ന കൂട്ടില്‍ ടൊവിനോയെ പ്രേക്ഷകര്‍ അടച്ചിരിക്കുന്നു . കാഞ്ചനയെ നഷ്ടപെട്ടതിന്റെ വേദനയിലൂടെയാണ് ടൊവിനോ പ്രേക്ഷകര്‍ക്കിടെയില്‍ ഇഷ്ടനടനായത്.ഒരാളെ പ്രണയിക്കുമ്പോള്‍  ഈര്‍ഷ്യയോടെ കാണുകയും അതേ പ്രണയം നഷ്ടപ്പെടുകയാണെങ്കില്‍ സ്നേഹത്തോടെ നോക്കുകയും ചെയ്യുന്ന മലയാളികള്‍ക്ക് ടൊവിനോയെന്ന നടനോട് വല്ലാത്തൊരു അടുപ്പമുണ്ട്. നഷ്ടപ്രണയം ഇഷ്ടത്തോടെ കാണുന്ന ഭൂരിഭാഗം മലയാളികളും എന്ന് നിന്‍റെ മൊയ്തീനിനെ അപ്പുവിനെ വല്ലാണ്ട് സ്നേഹിച്ചു. ആ സ്നേഹത്തിന്‍റെ തുടര്‍ച്ചയാണ് ഗപ്പിയിലും മെക്സിക്കന്‍ അപാരതയിലുമൊക്കെ കണ്ടത്. ‘ഗപ്പി’ എന്ന ചിത്രത്തിന് താരത്തെ സൃഷ്ടിക്കാന്‍ കഴിവില്ലാത്തതിനാല്‍ ‘ടൊവിനോ പ്രേമികള്‍’ ഒരു താരത്തെ ജനിപ്പിക്കാന്‍ മെക്സിക്കന്‍ അപാരതയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

ചിത്രത്തില്‍ നായികയായി അഭിനയിച്ച ഗായത്രി സുരേഷും അമിതാഭിനയം കടമെടുക്കാതെ കലക്കനാക്കിയിട്ടുണ്ട്,നായികയ്ക്ക് അധിക പ്രാധാന്യം സിനിമയില്‍ നല്‍കുന്നില്ലെങ്കിലും ഗായത്രിയുടെ അനുവെന്ന കഥാപാത്രം വെറുതെ നിഴലായി നിന്ന പോലെ അനുഭവപ്പെട്ടില്ല. പാര്‍ട്ടിയുടെ തലതൊട്ടപ്പനായ ഹരീഷ് പേരാടി ഈ ചിത്രത്തിലും കയ്യടി നേടുന്ന കഥാപാത്രമായി സ്ക്രീനില്‍ നിറഞ്ഞു. ചിത്രത്തിലെ വലത് വിദ്യാര്‍ഥി സംഘടനാ നേതാവിനെ പ്രതിനിധീകരിച്ച രൂപേഷ് പീതാംബരന്‍റെ അഭിനയം വികൃതമായിരുന്നു. ഡബ്ബ് ചെയ്യുന്നതിലടക്കം അഭിനയത്തിന്‍റെ കാര്യത്തില്‍ കാര്യമായ പ്രശ്നം സൃഷ്ട്ടിച്ചിട്ടുണ്ട് രൂപേഷിലെ നടന്‍. തട്ടുപൊളിപ്പന്‍ തരികിട വേഷങ്ങളില്‍ നിന്ന് മോചിതാനായ നീരജ് മാധവ് സുഭാഷ് എന്ന ശക്തമായ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവും വിധം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിലെ രക്തസാക്ഷി ഗാനത്തിന് സംഗീതം നിര്‍വഹിച്ച മണികണ്ഠൻ അയ്യപ്പ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന് ഉതകുന്ന രീതിയില്‍ പിന്നണി ഈണം വായിച്ച ഗോപി സുന്ദറും കയ്യടി  അര്‍ഹിക്കുന്നു. പ്രകാശ് വേലായുധന്‍റെ ഛായാഗ്രഹണ ഭംഗിയും വേറിട്ട്‌ നിന്നു.

അവസാന വാചകം

ലെഫ്റ്റ് സിനിമയെന്ന നിലയില്‍ കമ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് വാഴ്ത്തിപ്പാടാന്‍ വേണ്ടി മാത്രമുള്ളതോ മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് വിമര്‍ശിക്കാനുള്ളതോ ആയ  തര്‍ക്ക സിനിമയല്ല ഒരു മെക്സിക്കന്‍ അപാരത. ഒരു കലാസൃഷ്ടി എന്ന നിലയില്‍ സത്യസന്ധമായി മാര്‍ക്കിടുമ്പോള്‍ മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന കാഴ്ചാനുഭവമാണ് ‘ചിത്രം. ടോം ഇമ്മട്ടി പ്രതീക്ഷ നല്‍കാവുന്ന സംവിധായകനും.

shortlink

Related Articles

Post Your Comments


Back to top button