മികച്ച സിനിമകൾ കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന സംവിധായകനാണ് രാജമൗലി. ഇന്ത്യൻ സംസ്കാരങ്ങളുടെ അടിസ്ഥാനത്തിൽ കഥ പറയുമ്പോഴും ലോകത്തെ എല്ലവർക്കും കാണാവുന്ന രീതിയിലുള്ള യൂണിവേഴ്സൽ ടച്ചാണ് രാജമൗലിയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രം വിദേശ രാജ്യങ്ങളിൽ പോലും ചർച്ച ചെയ്യപ്പെടുകയാണ്. പത്ത് ആഴ്ചകളിൽ അധികമായി ചിത്രം നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിലാണ്. ഇപ്പോളിതാ, ആർആർആറിന് വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പറയുകയാണ് രാജമൗലി. നെറ്റ്ഫ്ലിക്സ് റുസ്സോ ബ്രദേഴ്സിനെയും രാജമൗലിയെയും ചേർത്ത് ഒരുക്കിയ ദി ഡയറക്ടേഴ്സ് ചെയർ എന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജമൗലിയുടെ വാക്കുകൾ:
വിദേശത്ത് നിന്ന് സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ ഞാൻ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഒരു നല്ല കഥ ലോകം മുഴുവൻ നല്ല കഥ തന്നെ ആയിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദേശങ്ങൾ, ഭാഷകൾ ഒക്കെ ഭേദിച്ച് ഒരു ചിത്രം ലോകം മുഴുവൻ ആളുകളെ കാണിക്കുന്നതിന് നിരവധി കടമ്പകൾ കടക്കണം. എന്നാൽ, വിദേശ സിനിമ പ്രേമികൾക്ക് ഇഷ്ടമാകും വിധം സിനിമ ഒരുക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നിൽ എനിക്ക് വിശ്വാസമില്ലായിരുന്നു എന്നതാണ് സത്യം.
എന്റെ സിനിമകൾ എല്ലാവർക്കും കാണാൻ സാധിക്കുമെന്ന് വിശ്വസിപ്പിക്കേണ്ടത് ഞാനാണ്. എനിക്ക് അത് സാധിച്ചില്ലെങ്കിൽ വലിയ ചിത്രങ്ങൾ ചെയ്യാൻ സാധിക്കില്ല. നമ്മുടെ കഥ ലോകത്തെ മുഴുവൻ ആളുകൾക്കും കാണാൻ കഴിയുന്ന ഒന്നാണെന്ന് വിശ്വസിപ്പിക്കാൻ സാധിക്കണം.
എല്ലായിടത്തും മനുഷ്യ വികാരങ്ങൾ ഒന്നാണ്. സുഹൃത്ത് ബന്ധം ആയാലും, പ്രണയമായാലും, കുടുംബമായാലും ഇന്ത്യയിൽ ഉള്ളത് തന്നെയാണ് ജപ്പാനിലുമുള്ളത്.
Post Your Comments