KeralaNewsParayathe VayyaWriters' Corner

പ്രബുദ്ധ കേരളത്തിലെ സദാചാരക്കൊലകള്‍ ആര്‍ക്കുവേണ്ടി? സദാചാരകൊലകള്‍ക്കും രാഷ്ട്രീയം ഉണ്ട്

സുജാതാ ഭാസ്കര്‍

പാലക്കാട് ഒരു മദ്ധ്യവയസ്കനെ അവിഹിതത്തിന് പോകുന്നു എന്ന പേരില്‍ ചിലര്‍ കൂടി അടിച്ചു കൊല്ലുകയും, തടഞ്ഞ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഞെട്ടലുണ്ടാക്കിയെങ്കിലും അതിന്റെ പേരില്‍ ചുംബനസമരങ്ങളോ പ്രതിഷേധങ്ങളോ ഒന്നും കണ്ടില്ല. കാരണം സദാചാര കൊലകള്‍ക്ക് രാഷ്ട്രീയം ഉണ്ട്. തങ്ങള്‍ക്ക് പഥ്യമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം സദാചാര കൊലകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ പ്രബുദ്ധ കേരളം പ്രതികരിക്കൂ എന്ന അവസ്ഥയാണിന്ന്‍. കോഴിക്കോടിനടുത്ത കൊടിയത്തൂരില്‍ ഷഹീദ് ബാവയെന്ന ചെറുപ്പക്കാരനെ ഒരു സംഘം അതിക്രൂരമായി ഇരുമ്പു വടികൊണ്ട് തല്ലിയും കല്ലെറിഞ്ഞും മൃതപ്രായനാക്കിയത് 3 വര്‍ഷം മുമ്പാണ്.

ബിഹാറിലും, അസമിലും, ഉത്തര്‍പ്രദേശിലും ഒക്കെ ആളെ തല്ലിക്കൊന്നു എന്ന വാര്‍ത്തകള്‍ അദ്ഭുതത്തോടെയും ഒപ്പം ഭീതിയോടെയും കേട്ടിരുന്ന മലയാളി ഞെട്ടലോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ രണ്ടു കൂട്ടര്‍ നടത്തിയ സംഘര്‍ഷത്തില്‍ കയ്യബദ്ധം പിണഞ്ഞതല്ലായിരുന്നു ഈ കൊലപാതകങ്ങള്‍. പകരം ആസൂത്രിതമായി ഒരു നികൃഷ്ട ജീവിയെ തല്ലിക്കൊല്ലുന്നതിലും ലാഘവത്തോടെ തല്ലിച്ചതച്ച് ഇരയുടെ മരണം ഉറപ്പാക്കാനായി കാത്തു നില്‍ക്കുന്ന കഴുകന്മാരെ പോലെയായിരുന്നു ഇവരുടെ ചെയ്തികള്‍.

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍, പതിനഞ്ചോളം വരുന്ന സംഘം അടിച്ചും മര്‍ദ്ദിച്ചും ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ കല്ലെറിഞ്ഞു വീഴ്ത്തിയും കൈകാലുകള്‍ ബന്ധിച്ചും ആക്രമിച്ചത് ആരെയും നടുക്കുന്നതായിരുന്നു. ഷഹീദ് ബാവ എന്ന 26 കാരന്റെ നിലവിളി ഒരു ഹരത്തോടെയാണ് അവര്‍ ആസ്വദിച്ചത്. ആക്രമണം നടന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഷഹീദ് ബാവയെ വിവരമറിഞ്ഞെത്തിയ പോലീസിനു ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. 2012 നവംബര്‍ 13-ന് ആക്രമണം നടന്നതിന്റെ നാലാം ദിവസം ആ ചെറുപ്പക്കാരന്‍ മരിക്കുകയും ചെയ്തു. അക്രമകാരികളെ പോലീസ് അറസ്റ്റ് ചെയ്തു, ഇപ്പോള്‍ അവര്‍ ജയിലിലുമാണ്.

വീണ്ടും നാലുവര്‍ഷത്തിനു ശേഷം സദാചാര ഗൂണ്ടകള്‍ മങ്കടയിലെത്തിയപ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റം ഉണ്ടായില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് നസീര്‍ അക്രമിക്കപ്പെടുന്നത്. യുവതി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ നസീറിനെത്തേടി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത അക്രമി സംഘമെത്തി വീടിന്‍റെ വാതില്‍ ചിവിട്ടിപ്പൊളിച്ചാണ് അകത്തു കടന്ന് ആക്രമിച്ചത്. പട്ടികയും മുട്ടന്‍വടികളും കൊണ്ട് കൈകാലുകള്‍ അടിച്ചൊടിച്ചു. വെള്ളം കൊടുക്കാന്‍ ശ്രമിച്ച നാട്ടുകാരനെ ഭീഷണിപ്പെടുത്തി. ഫോണ്‍ചെയ്ത് പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചവരെയും ബലമായി തടഞ്ഞു. പോലീസെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഒപ്പം നസീറിന്റെ ജീവനും നഷ്ടമായിരുന്നു. ഷഹീദ് ബാവയുടെ കൊലയ്ക്കുശേഷം ഉയര്‍ന്ന പ്രതിഷേധംകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു കരുതിയവര്‍ക്ക് തെറ്റി.

കോഴിക്കോട്ടും കാസര്‍ഗോട്ടുമെല്ലാം ഇത് വീണ്ടും നടന്നു. അമ്മയും മകനും അമ്പലത്തില്‍ ഉത്സവം കഴിഞ്ഞു മടങ്ങുമ്പോള്‍ തടഞ്ഞു നിര്‍ത്തി മകന്റെ മുന്നില്‍ വെച്ച് അമ്മയെ അപമാനിക്കാന്‍ ശ്രമിച്ചു. ഇതരമതത്തില്‍പ്പെട്ടൊരു പെണ്‍കുട്ടിയുമായി റോഡരികില്‍ നിന്ന് സംസാരിക്കുന്നവനെ വെട്ടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. എറണാകുളം ജില്ലയില്‍ ഒരു കുടുംബം ഒന്നിച്ചു ജീവിക്കുന്ന വീട്ടില്‍ അത്താഴത്തിനു പോയ എസ്‌ഐയെ തടഞ്ഞു നിര്‍ത്തി മാര്‍ദ്ദിച്ചെങ്കിലും നാട്ടുകാര്‍ തക്ക സമയത്ത് ഇടപെട്ടതുകൊണ്ട്‌ അയാള്‍ക്ക് തന്‍റെ ജീവന്‍ രക്ഷിക്കാന്‍ പറ്റി.

ഗോമാംസം സൂക്ഷിച്ചതിന്‍റെ പേരില്‍ ഉത്തരേന്ത്യയില്‍ കുടുംബനാഥന്‍ കൊല്ലപ്പെട്ടതും, പശുവിനെ ഇറച്ചിക്കായി വില്‍ക്കാന്‍ കൊണ്ടുപോയവരെ ചാണകം തീറ്റിച്ചതും വലിയ വാര്‍ത്തകളും ചര്‍ച്ചയുമാകുന്ന കേരളത്തില്‍, ഇത്തരം സദാചാര ഗൂണ്ടായിസത്തിനെതിരെ കണ്ടില്ല ചുംബനസമരങ്ങളും ടെലിവിഷന്‍ ചര്‍ച്ചകളും. അനാശ്യാസം നടന്നാല്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലീസും കോടതിയും ഉള്ളപ്പോള്‍ നാട്ടുകാരായ ഗുണ്ടകളെ ആരാണ് ഇത്തരം കാര്യങ്ങള്‍ ഏല്‍പ്പിച്ചത്. കോഴിക്കോടു ഡൌണ്‍ ടൌണ്‍ ഹോട്ടലില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ മയക്കുമരുന്നും മറ്റും നല്‍കി പ്രലോഭിപ്പിച്ചു പീഡനത്തിന് സൌകര്യമുണ്ടാക്കി കൊടുത്ത ഹോട്ടല്‍ നാട്ടുകാരോടൊപ്പം ചേര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി അടിച്ചു തകര്‍ത്തപ്പോള്‍, അതിലെ സദാചാര പോലീസിംഗ് അങ്ങ് ബിബിസി വരെ എത്തിച്ചവര്‍ക്ക് ഇത് കാണാന്‍ കഴിഞ്ഞില്ല എന്നതാണ് പരിതാപകരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button