Election News

വയനാട്ടില്‍ പ്രചാരണം കൊഴുപ്പിയ്ക്കാന്‍ പ്രിയങ്ക ഗാന്ധിയും സ്മൃതി ഇറാനിയും

കല്‍പ്പറ്റ: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. സ്ഥാനാര്‍ത്ഥികള്‍ എല്ലാം പ്രചാരണം പൊടിപൊടിക്കുകയാണ്. ഇതോടെ സ്ഥാനാര്‍ത്ഥികള്‍ക്കായി ദേശീയ നേതാക്കള്‍ എല്ലാം തന്നെ സ്ഥാാര്‍ത്ഥികളുടെ പ്രചാരണത്തിനായി രംഗത്തുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതോടെ രാജ്യം ഉറ്റുനോക്കുന്ന വയനാട്ടില്‍ സഹോദരന് വോട്ടഭ്യര്‍ത്ഥിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും എത്തും. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് രാഷ്ട്രീയ ആയുധമാക്കി പ്രചരണം നടത്തുന്ന അമേഠിയിലെ എതിര്‍ സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വയനാട്ടില്‍ എത്തുന്നതോടെ മണ്ഡലത്തില്‍ തീപാറും. പ്രിയങ്കയും സ്മൃതി ഇറാനിയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.

വയനാട് ലോക്സഭ മണ്ഡലത്തിലെ മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പ്രസംഗിക്കും. ശനിയാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കാ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗം മാനന്തവാടിയിലെത്തും. ശേഷം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന് വീട് സന്ദര്‍ശിക്കും. പിന്നീട് പുല്‍പ്പള്ളിയിലെ കര്‍ഷകസംഗമത്തിലും പങ്കെടുക്കും. ഇതിനുശേഷം അരീക്കോട്ടേക്ക് തിരിക്കും. ശനിയാഴ്ച രാത്രി വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്കാ ഗാന്ധി ഞായറാഴ്ച രാവിലെ തിരികെ മടങ്ങും.

എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി വയനാട്ടിലെത്തുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സംഘടിപ്പിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിലും തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും സ്മൃതി ഇറാനി പങ്കെടുക്കും.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശനിയാഴ്ച വയനാട്ടിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button