literatureworldnewstopstories

മരണ ശേഷം ജീവിച്ചിരിക്കാനുള്ള കൊതികൊണ്ടാണ് എഴുതുന്നത് – സുഭാഷ്‌ ചന്ദ്രന്‍

 

ഷാര്‍ജ: മരണ ശേഷം ജീവിച്ചിരിക്കാനുള്ള കൊതികൊണ്ടാണ് താന്‍ എഴുതുന്നതെന്നു സുഭാഷ്‌ ചന്ദ്രന്‍. ഷാര്‍ജ പുസ്തകോത്സവത്തില്‍ മനുഷ്യന് ഒരു ആമുഖം എന്ന വിഷയത്തില്‍ വായനക്കാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്ക് അല്ലാതെ മറ്റു ജീവികള്‍ക്ക് മരണത്തെക്കുറിച്ച് ധാരണയില്ല. കാലാതിവര്‍ത്തിയായ എന്തെങ്കിലും സൃഷ്ടിച്ചുകൊണ്ട് മരിച്ചുപോകണമെന്ന ആഗ്രഹത്തിലാണ് ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവല്‍ എഴുതിയത്. നോവല്‍ മറ്റു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്‌ അല്ല മറിച്ച് മലയാളത്തില്‍ എഴുതി എന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

എഴുത്തുകാരന്റെ ജാതിയും പുസ്തകങ്ങളും കൂട്ടി വായിക്കുന്ന ഒരു പ്രവണത ഇന്ന് സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യനെ ജാതിയായും മതമായും വര്‍ഗമായും മാത്രം കാണുന്ന വൃത്തികെട്ട ഇരുണ്ട കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മനുഷ്യന് ഒരു ആമുഖം’ എന്ന തന്‍റെ നോവലില്‍ ശ്രീനാരായണ ഗുരുവാണ് കേന്ദ്രം. ഈ കൃതി വായിച്ചിട്ട് അഭിനന്ദിക്കാന്‍ വിളിച്ച വായനക്കാര്‍ രഹസ്യമായി ചോദിച്ചത് താങ്കള്‍ ഈഴവനായിരിക്കുമല്ലെ എന്നാണ്. ഈഴവനല്ലാത്ത ഒരാള്‍ എന്തിന് നാരായണ ഗുരുവിനെ പുകഴ്ത്തുന്നു എന്ന ബോധമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

‘ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന മഹാനായ മലയാളിയെ സൃഷ്ടിച്ച മണ്ണ് എല്ലാ തരത്തിലുമുള്ള ഛിദ്ര വാസനകളുമായി വീണ്ടും ഇരുണ്ട യുഗത്തിലേക്ക് പതുക്കെ മടങ്ങിപ്പോവുകയാണ്. ഇങ്ങനെ വിഷമിക്കാനുള്ള ഒരുപാട് കാരണങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

മലയാളികള്‍ സ്വന്തം ഭാഷയോടും എഴുത്തുകാരോടും ആദരവ് കാണിക്കുന്നതില്‍ പിന്നിലാണെന്നും ഭാഷയോടുള്ള സ്നേഹവും ആദരവും ഒരു സംസ്കാരമാണെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ കുട്ടികള്‍ക്ക് ഭാഷപിതാവ് ആരാണെന്നും പ്രധാന കൃതികള്‍ ഏതാണെന്നും അറിയാത്ത അവസ്ഥയായി. ഷാറൂഖ് ഖാന്‍െറ ഭാര്യയുടെ പേര് അറിയുന്ന കുട്ടികളോട് മാധവിക്കുട്ടിയുടെ ഒരു കഥയുടെ പേര് ചോദിച്ചാല്‍ അറിയില്ല. മറ്റുള്ളവര്‍ക്ക് മാര്‍ക്കിടാന്‍ താല്‍പര്യപ്പെടുന്ന മലയാളി കൃതികള്‍ വായിക്കാതെ എഴുത്തുകാരന്‍ മോശക്കാരന്‍ ആണെന വിധി എഴുതുന്നു.

shortlink

Post Your Comments

Related Articles


Back to top button