interviewliteratureworldnewstopstories

വിഭജിക്കപ്പെട്ടു പോകുന്നവരെ ഒരുമിപ്പിക്കാന്‍ സാഹിത്യത്തിനു മാത്രമേ കഴിയു- എഴുത്തുകാരന്‍ കെ.ശിവ റെഡ്ഢി

 

വിഭജിക്കപ്പെട്ടു പോകുന്നവരെ ഒരുമിപ്പിക്കാന്‍ സാഹിത്യത്തിനുമാത്രമേ കഴിയു. അതുകൊണ്ട് വിഭജിച്ചു ഭരിക്കാന്‍ ശ്രമിക്കുന്നവരുടെ നാട്ടില്‍ എഴുത്തുകാര്‍ പ്രതിരോധം തീര്‍ക്കണമെന്ന് തെലുങ്ക് എഴുത്തുകാരന്‍ കെ.ശിവ റെഡ്ഢി അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പല സാമൂഹിക കാരണങ്ങള്‍ക്കൊണ്ട് വിഭജിക്കപ്പെട്ടു പോകുന്നവരെ ഒരുമിപ്പിക്കാന്‍ സാഹിത്യത്തിനുമാത്രമേ കഴിയു. വര്‍ത്തമാനകാലത്തിനെ ഭൂതകാലത്തില്‍ നിന്നുമാറ്റിനിര്‍ത്താന്‍ സാധിക്കില്ല. എക്കാലവും ആവര്‍ത്തിക്കപ്പെടുന്ന അനുഭവങ്ങളാണ് ലോക ക്ലാസിക്കുകളിലുള്ളത്. എഴുത്തിന് മാസ്മരികശക്തിയുണ്ട്. അതുകൊണ്ട്തന്നെ നമുക്ക് ചുറ്റും നടക്കുന്നതിനെ കണ്ടെത്താന്‍ എഴുത്തുകാരനു കഴിയണം. എഴുത്തുകാരന്‍ സംവദിക്കുന്നത് ഏത് ഭാഷയിലായാലും ഏതുതരം സാഹിത്യവിഭാഗമായാലും എഴുതുന്നതെല്ലാം ഒന്നായി മാറുന്നു. അതാണ് എഴുത്തിന്റെ ശക്തി എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കപടശത്രുക്കളെ മുന്നില്‍ നിര്‍ത്തി അവരാണ് ശത്രുക്കള്‍ എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടം നടത്തുന്നുവെന്നും രാജ്യത്തുള്ള യഥാര്‍ത്ഥ അനുഭവങ്ങള്‍ മറച്ചുവയ്ക്കുവാന്‍ ഭരണകൂടങ്ങള്‍ പൗരന്മാരെ കയ്‌പേറിയ അനുഭവങ്ങളിലേക്ക് തള്ളിവിടുന്നുവെന്നും കഥാകൃത്ത് അശോകന്‍ചരുവില്‍ പറഞ്ഞു. അതുകൊണ്ട് സമൂഹത്തിന്റെ വേദനകള്‍ കൂടി മനസിലാക്കാന്‍ കഴിയുന്ന എഴുത്തുകാര്‍ കൂടുതലായി ആവിഷ്‌കരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.കെ.പി.മോഹനന്‍, ടി.പി.ബെന്നി എന്നിവര്‍ പ്രസംഗിച്ചു. ആറു വര്‍ഷം മുന്‍പെഴുതിയ ഒരു നോവല്‍ ഇപ്പോള്‍ അധികാരകേന്ദ്രങ്ങളെ പ്രകോപിപ്പിച്ചുവെന്നതിന് ഉദാഹരണമാണ് പെരുമാള്‍ മുരുകന്റെ കഥയെന്ന് പ്രബന്ധാവതരണത്തില്‍ തമിഴ് എഴുത്തുകാരി ജയശ്രീ പറഞ്ഞു. അധികാരവൃന്ദത്തിന് നേരെ പ്രതിരോധിക്കാന്‍ എഴുത്തുകാരനും സാധ്യമാകുമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

shortlink

Post Your Comments

Related Articles


Back to top button