bookreviewliteratureworldnewstopstories

ഇരുന്നൂറു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിള്‍ പുനഃപ്രകാശനം ചെയ്യുന്നു

 

1811ല്‍ സുറിയാനി ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ബൈബിള്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ മത്ഥിയാസ് പുനഃപ്രകാശനം ചെയ്യുന്നു. ഇരുന്നൂറു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിളിന്റെ അതേ രൂപകല്പനയോടെയാണ് പുനഃപ്രകാശനം. ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ബഥനി ആശ്രമത്തിലെ ഇയ്യോബ്, ഫാ.ഡോ. ജോസഫ് ചീരന്‍ എന്നിവര്‍ ചേര്‍ന്നാണ് ബൈബിളിന് വീണ്ടും ജീവന്‍ വെപ്പിക്കുന്നത്. പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.

ബൈബിള്‍ മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമ ദ്വിശതാബ്ദി സമ്മേളനത്തിന്റെ അവസരത്തിലാണ് പുനഃപ്രകാശനം. മലങ്കരഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ ബൈബിള്‍ ഏറ്റുവാങ്ങും. തിരുമേനിയുടെ ജന്മദേശമായ കുന്നംകുളത്തോ മെത്രാഭിഷേകം നടത്തിയ പഴഞ്ഞിയിലോ ആയിരിക്കും പുനഃപ്രകാശന ചടങ്ങ് നടത്തുന്നത്.

പുലിക്കോട്ടില്‍ തിരുമേനിയും കായംകുളം ഫിലിപ്പോസ് റമ്പാനും ചേര്‍ന്നെഴുതിയ ബൈബിളാണ് മലയാളഭാഷയില്‍ അച്ചടിച്ച ആദ്യഗ്രന്ഥമെന്ന് ചരിത്രകാരനും ഗവേഷകനുമായ ഫാ. ഡോ. ജോസഫ് ചീരന്‍ പറയുന്നു. മലയാളഭാഷ കൊത്തിയ കല്ലച്ചിലായിരുന്നു ബൈബിള്‍ അച്ചടിച്ചത്. കൊറിയര്‍ പ്രസ്സില്‍ ആംഗലേയ മിഷനറി ക്ലോഡിയോസ് ബുക്കാനന്റെ സാമ്പത്തിക സഹായത്തോടെയാണ് ബൈബിള്‍ മുംബൈയില്‍ നിന്ന് മലയാളനാട്ടിലേക്ക് കൊണ്ടുവന്നത്. നൂറു കോപ്പികളാണ് അന്ന് അച്ചടിച്ചത്. സുറിയാനിക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിന്റെ അച്ചടിജോലികള്‍ക്ക് തിമ്മയ്യപ്പിള്ളയുടെ സഹായവും ലഭിച്ചു. റമ്പാന്‍ ബൈബിള്‍, ബുക്കാനാന്‍ ബൈബിള്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട ഗ്രന്ഥമായിരുന്നു ആദിമ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് മറ്റു ബൈബിളുകള്‍ കടന്നുവന്നതോടെ വിസ്മൃതിയിലായ ബൈബിള്‍ കുന്നംകുളം എം.ജെ.ഡി. പ്രസ്സിലാണ് പുനഃപ്രകാശനത്തിനായി അച്ചടിച്ചത്. ഇരുനൂറ്റഞ്ച് വര്‍ഷം മുമ്പുപയോഗിച്ച കല്ലച്ചിലെ അതേ അക്ഷരങ്ങളിലും അതേ വലുപ്പത്തിലുമാണ് ബൈബിള്‍ പുറത്തിറക്കുന്നത്.

shortlink

Post Your Comments

Related Articles


Back to top button