bookreviewindepthliteratureworldnewstopstories

വിശ്വ സാഹിത്യത്തിലെ അനശ്വരനായ സാഹിത്യകാരന്‍

വിശ്വ സാഹിത്യത്തിലെ അനശ്വരനായ സാഹിത്യകാരന്‍ ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌ എന്ന ലിയോ ടോൾസ്റ്റോയ്‌ വിടപറഞ്ഞിട്ട് നൂറ്റിയാറു വര്‍ഷങ്ങള്‍. പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ടോൾസ്റ്റോയി ജനിച്ചത്‌.

ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ്‌ തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപരമായി കടപ്പെട്ടിരിക്കുന്നുവെന്ന് പറയാം.

ജീവിതത്തിന്റെ ആദ്യകാലമത്രയും ഉന്നതമായ ആദർശങ്ങൾക്കും അവയ്ക്കു നിരക്കാത്ത ജീവിതത്തിനും ഇടക്കു ചാഞ്ചാടുകയായിരുന്ന ടോൾസ്റ്റോയി. ചൂതാട്ടം വരുത്തി വച്ച കടത്തിൽ നിന്നു രക്ഷപ്പെടാനായി 1851-ൽ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യൻ സൈന്യത്തിൽ ചേർന്ന അദ്ദേഹം ക്രീമിയൻ യുദ്ധത്തിൽ ഒരു പീരങ്കിസേനാവിഭാത്തിന്റെ തലവനായി പങ്കെടുത്തിട്ടുണ്ട്. മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോൾസ്റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയിൽ ശ്രദ്ധേയനാക്കി. സൈന്യത്തിൽ വിരമിച്ചശേഷം 1857-ൽ ടോൾസ്റ്റോയി ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. യൂറോപ്യൻ പര്യടനത്തിനൊടുവിൽ യാസ്നിയ പോല്യാനായിൽ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി,

വിവാഹത്തെ തുടർന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവർഷങ്ങളിലാണ് ടോൾസ്റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോൾസ്റ്റോയി ഈ നോവലിൽ. ചരിത്രം സൃഷ്ടിക്കുന്നത് മഹദ്‌വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവർത്തനങ്ങളിലാണ് ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു. വിശ്വചരിത്രത്തിന്റെ കുത്തൊഴുക്കിൽ തങ്ങളുടെ കഴിവില്ലായ്മ തിരിച്ചറിയാതെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ് തങ്ങളെന്ന് ഭാവിക്കുക മാത്രമാണ് നെപ്പോളിയനെപ്പോലുള്ളവർ. മോസ്കോയിലും പീറ്റേഴ്സ്ബർഗ്ഗിലുമായുള്ള അഞ്ചുകുടുംബങ്ങളുടെ കഥയിലൂടെയാണ് ടോൾസ്റ്റോയി ചരിത്രത്തെക്കുറിച്ചുള്ള ഈ നിലപാട് അവതരിപ്പിക്കുന്നത്. നോവൽ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത്‌രചനയാണ് യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580-ഓളം കഥാപാത്രങ്ങളുണ്ട് അതിൽ. യുദ്ധവും സമാധാനവും എന്ന ബൃഹത്കൃതി അദ്ദേഹത്തിന്‍റെ ഭാര്യ സോഫിയ അഡ്രീന ഏഴുവട്ടം പകർത്തി എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു

സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു രചന അന്നാ കരേനിന. അതിനുശേഷം ഉണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകൾ എഴുതുന്നത് നിർത്തിയപ്പോൾ ടോൾസ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയിൽ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവൽ‍ക്കരിക്കപ്പെട്ടിട്ടുണ്ട്. 2007 ജനുവരിയിൽ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളിൽ യഥാക്രമം ഒന്നാമത്തേതും മൂന്നാമത്തേതും ആയി വിലയിരത്തി.

1886-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇവാൻ ഇല്ലിച്ചിന്റെ മരണം ലോകവ്യഗ്രതയിൽ ഒരു മികവുമില്ലാത്ത ജീവിതം നയിച്ച ഒരു മനുഷ്യൻ, മദ്ധ്യവയസ്സിലെത്തിയപ്പോൾ, രോഗപീഢയിലൂടെ കടന്ന് മരണത്തിന്റെ പടിവാതിക്കൽ ആത്മസാക്ഷാത്കാരം കണ്ടെത്തുന്നതിന്റെ കഥയാണത്. ലൈഗികതയോടുള്ള ടോൾസ്റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ് 1889-ൽ പ്രസിദ്ധീകരിച്ച ക്രൊയിറ്റ്സർ സൊനാറ്റാ (Kreutzer Sonata) എന്ന ലഘുനോവൽ. റഷ്യയിൽ ഈ നോവൽ നിരോധിക്കപ്പെട്ടു. മരണത്തേയും ലൈംഗികതയേയും സംബന്ധിച്ച ടോൾസ്റ്റോയിയുടെ ആശയങ്ങൾ സ്ഥാപിക്കാൻ‌വേണ്ടി എഴുതിയവയെങ്കിലും, ഇവാൻ ഇല്ലിച്ചിന്റെ മരണവും, ക്രൊയിറ്റ്സർ സൊണാറ്റയും കഥനകലാസാമർഥ്യത്തിന്റെ മുന്തിയ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവക്കു പുറമേയുള്ള ടോൾസ്റ്റൊയിയുടെ മൂന്നാമത്തെ മുഴുനോവലായ ഉയിർത്തെഴുന്നേല്പ്പ് (Resurrection)1901-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ നിശിതമായ വിമർശനം അടങ്ങിയിരുന്ന ആ കൃതിയും റഷ്യയിൽ നിരോധിക്കപ്പെട്ടു. ഓർത്തൊഡോക്സ് സഭയിൽ നിന്ന് ടോൾസ്റ്റോയിയുടെ ബഹിഷകരണത്തിന് കാരണമായത് ഉയിർത്തെഴുന്നേല്പ്പും ക്രൊയിറ്റ്സർ സൊണാറ്റയും ആണ്.
1897-ൽ പ്രസിദ്ധീകരിച്ച് എന്താണ് കല എന്ന പ്രബന്ധം പരിവർത്തിതനായ ടോൾസ്റ്റോയിയുടെ കലാവീക്ഷണത്തിന്റെ സംഗ്രഹമാണ്. ഇതിൽ അദ്ദേഹം ചരിത്രത്തിലെ എണ്ണപ്പെട്ട എഴുത്തുകാരായ ഷേക്സ്പിയർ, ഡാന്റേ, സംഗീതജ്ഞരായ വാഗ്നർ, ബീഥോവൻ തുടങ്ങിയവരുടെ കൃതികളേയും തന്റെതന്നെ മുൻ‌കൃതികളിൽ മിക്കവയേയും തള്ളിപ്പറയുന്നു. ടോൾസ്റ്റോയിയുടെ അവസാനത്തെ രചനയായിരുന്ന ഹാദ്ജി മുറാദ് അദ്ദേഹത്തിന്റെ മരണശേഷമാണ് വെളിച്ചം കണ്ടത്.

അധികാരശക്തികളുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ മത-രാഷ്ട്രനേതൃത്വങ്ങളുടെ അപ്രീതിക്കുപാത്രമായെങ്കിലും സാഹിത്യനായകനെന്ന നിലയിലും, അതിലുപരി ഒരു ധാർമ്മികശക്തിയെന്ന നിലയിലും, റഷ്യക്കകത്തും പുറത്തും ടോൾസ്റ്റോയി അസാമാന്യമായ ശ്രദ്ധ പിടിച്ചു പറ്റി. എൺപത്തിരണ്ടാമത്തെ വയസ്സിൽ, വിശ്വാസങ്ങൾക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹം നൂമോണിയ പിടിപെട്ട് അസ്താപ്പോവിലെ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ 1910 നവംബർ ഇരുപതാം തിയതി അന്തരിച്ചു.

കർക്കശവും അപ്രായോഗികവുമായ മത-ധാർമ്മിക ചിന്തകൾ പുലര്‍ത്തുന്നയാളാണ് ടോൾ‍സ്റ്റോയിയെന്ന വിമര്‍ശനം ഉണ്ട് . മനുഷ്യരുടെ ദുഃഖങ്ങളുടേയും ദാരിദ്ര്യത്തിന്റേയും പേരിൽ മാത്രമല്ല അവരുടെ സന്തോഷങ്ങളുടേയും സുഖങ്ങളുടേയും പേരിൽ കൂടി ടോൾസ്റ്റോയി കണ്ണീരൊഴൊക്കി എന്ന് ജി.കെ. ചെസ്റ്റർട്ടൻ വിമർശിച്ചിട്ടുണ്ട്.
ഐസയാ ബെർളിൻ വേലിപ്പന്നി ആകാൻ ആഗ്രഹിച്ച കുറുക്കൻ ആണ് ടോൾസ്റ്റോയി എന്ന് യുദ്ധവും സമാധാനവും എന കൃതിയുടെ ചരിത പഠനത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

shortlink

Post Your Comments

Related Articles


Back to top button