literatureworldnewstopstories

പാപത്തിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തേണ്ട കാലമായി – സാഹിത്യകാരി എസ്. ശാരദക്കുട്ടി

പാപത്തിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തേണ്ട കാലമായെന്ന് സാഹിത്യകാരി എസ്. ശാരദക്കുട്ടി. പത്തനംതിട്ട പ്രസ് ക്ലബും കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച ‘സ്ത്രീകള്‍ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ‘എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇഷ്ടമില്ലാത്ത പുരുഷന്‍ ഒരിക്കല്‍പ്പോലും സ്പര്‍ശിക്കാത്ത സ്ത്രീകള്‍ ഭാഗ്യവതികലാണെന്നും  അവര്‍ പറഞ്ഞു.

ഒരു നേരത്തെ അന്നത്തിനായി ശരീരം വില്‍ക്കേണ്ടി വരുന്നവളെ പാപിയെന്ന് വിളിക്കുന്ന സമൂഹം അവളെ ആസ്വദിക്കാനെത്തുന്നവനെ വെറുതെവിടുന്നു. യഥാര്‍ഥത്തില്‍ ഇവിടെ പുരുഷനല്ലേ പാപം ചെയ്യുന്നത്. മാറുമറച്ചപ്പോള്‍ കീറിയെറിഞ്ഞവരുടെ പിന്‍മുറക്കാരിന്ന് ചുരിദാറിന് മുകളില്‍ വീണ്ടും വസ്ത്രം ധരിക്കാനാവശ്യപ്പെടുന്നു. പുരുഷന്‍ പറയുന്നതിനനുസരിച്ചേ സ്ത്രീ വസ്ത്രം പോലും ധരിക്കാവൂ എന്ന അവസ്ഥയാണിത്. കേരളത്തിനു പുറത്ത് വിശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിത വേശ്യാവൃത്തി പ്രോല്‍സാഹിപ്പിക്കുന്നവര്‍ തന്നെ സദാചാര ഗുണ്ടകളാവുന്നതും വൈരുദ്ധ്യം. മതങ്ങളുടെ സങ്കുചിത മനോഭാവത്തോട് പുരോഗമന പ്രസ്ഥാനങ്ങള്‍ പോലും ചേര്‍ന്നു നില്‍ക്കുന്നത് ഭീകരമായ അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ സ്വമേധയാ എഴുന്നേറ്റു നിന്നിരുന്ന നമ്മുടെ ആന്തരിക ചൈതന്യത്തിന് ക്ഷതമേല്‍പ്പിക്കലാണ് ഇപ്പോഴുള്ള നിര്‍ബന്ധിത എഴുന്നേല്‍പ്പിക്കല്‍. നൈമിഷിക ഇക്കിളികള്‍ക്കപ്പറുത്ത് സമൂഹത്തിന്റെ ജാഗ്രത നഷ്ടപ്പെട്ടിരിക്കുന്നു. ഉപരിപ്ലവ ചര്‍ച്ചകള്‍ മാത്രമാണിപ്പോള്‍ നടക്കുന്നത്. ആന്തരിക നവോത്ഥാനമാവണം പുസ്തകങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീയുടെ ഉന്നമനത്തിന് സമൂഹത്തിന്റെ സ്‌ത്രൈണതയുടെ സാന്ത്വന സ്പര്‍ശം വേണം. വിവാഹത്തില്‍ പോലും മതം അധികാരം സ്ഥാപിക്കുന്നതില്‍ നിന്ന് മോചനം വേണമെന്നും അവര്‍ പറഞ്ഞു.

പ്രസ്‌ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്തു.

shortlink

Post Your Comments

Related Articles


Back to top button