literatureworldnewstopstories

ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് എം.എ. റഹ്മാന്

മികച്ച സാഹിത്യ കൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് എം.എ. റഹ്മാന്. അദ്ദേഹത്തിന്റെ ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന കൃതിക്കാണ് പുരസ്‌കാരം.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മഹാകവി ജി. സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് സമ്മാനിക്കുന്നത്. ഡോക്യുമെന്ററി ഫിലിം ഡയറക്ടര്‍ കൂടിയായ റഹ്മാന്‍, തന്റെ ജീവിതത്തിന്റെ ഒന്നര ദശകം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ഇടപെട്ട് നടത്തിയ പ്രതിരോധ പോരാട്ടങ്ങളുടെ നാള്‍വഴി പുസ്തകമാണ് ‘ഓരോ ജീവനും വിലപ്പെട്ടതാണ്’.

സാധാരണ ജനങ്ങളുടെയും അവരുടെ ആവാസവ്യവസ്ഥയുടെയുംമേല്‍ നടന്ന അവകാശ ലംഘനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പുകളുടെയും ആഴമേറിയ അനുഭവങ്ങളുടെയും ആന്തരിക വൈരുധ്യങ്ങളുടെയും താക്കീതുകളുടെയും തീവ്ര വ്യാഖ്യാനമാണ് ഈ കൃതിയെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

ജി.യുടെ 39-മത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സാഹിത്യപരിഷത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും.

shortlink

Post Your Comments

Related Articles


Back to top button