‘എന്റെ ശരീരം അവനു ലൈംഗികത മാത്രമാണ്’. പന്ത്രണ്ടാം ക്ലാസുകാരിയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സദാചാര, സാംസ്കാരിക അധപതനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് സമൂഹത്തിൽ കാണുന്ന ലിംഗഅസമത്വങ്ങൾക്കെത്തിരെ ശബ്ദമുയര്‍ത്തുകയാണ് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി. മുംബൈ സ്വദേശിനിയായ ആരണ്യ ജോഹർ ആണ് ‘എ ബ്രൗൺ ഗേൾസ് ഗൈഡ് റ്റു ജെണ്ടർ’ എന്ന് പേരിട്ടിരിക്കുന്ന തന്റെ കവിതയിലൂടെ സമൂഹത്തെ ചോദ്യം ചെയ്യുന്നത്. കവിത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘എ ബ്രൗൺ ഗേൾസ് ഗൈഡ് ടു ജെണ്ടർ’ എന്ന് പേരിട്ടിരിക്കുന്ന കവിത അൺഇറേസ് പോയറ്ററി എന്ന സംഘടനയാണ് സമൂഹമധ്യത്തിൽ എത്തിച്ചിരിക്കുന്നത്. സ്ത്രീ പുരുഷ ലൈംഗിക കാഴ്ചകള്‍ എഴുത്തില്‍ നിറയുന്ന ഫമിനിസ്റ്റ് മൂവ്മെന്റുകള്‍ വളര്‍ന്ന ഒരു നാട്ടില്‍ ഇപ്പോള്‍ സ്ത്രീയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ വസ്ത്രം ധരിക്കാന്‍ കഴിയുന്നില്ല. സ്ത്രീ ഒരു ലൈംഗിക വസ്തു മാത്രമായി ചുരുങ്ങുന്നു. പുരുഷാധിപത്യത്തിന്റെ കണ്ണുകളില്‍ അവള്‍ തളയ്ക്കപ്പെടുന്നു. ജീവനും ജീവിതവും കന്യകാത്വവും അവന്റെ ദാനമായി കിട്ടേണ്ട അവസ്ഥയായിക്കഴിഞ്ഞു. ഈ സമൂഹത്തില്‍ സ്വതന്ത്രമായ ചിന്തയോടെ വാക്കുകള്‍ കൊണ്ട് ചോദ്യം ചെയ്യുകയാണ് ആരണ്യ. വാക്കുകളിലെ തീഷ്ണതകൊണ്ടും, ചിന്തയുടെ ആഴം കൊണ്ടും ആരണ്യയുടെ കവിത ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

പുരുഷന് ആർത്തവത്തെ കുറിച്ചും സ്ത്രീയുടെ പ്രശ്നങ്ങളെക്കുറിച്ചും അറിയേണ്ട, സ്ത്രീശരീരം അവനു ലൈംഗികത മാത്രമാണ്…എന്ന അർത്ഥത്തിൽ ആരംഭിക്കുന്ന ആരണ്യയുടെ കവിത, പുരുഷാധിപത്യ സമൂഹത്തിന്റെയും അവനവനിലേക്ക് തന്നെ ചുരുങ്ങാനുള്ള അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ ത്വരയെയും വരച്ചു കാണിക്കുന്നു. സ്ത്രീയുടെശരീരം ഒരു പളുങ്കുപാത്രം പോലെയാണ് എന്നാണ് സമൂഹം കരുതുന്നത്. അതിനു കോട്ടം സംഭവിക്കുന്നത് അവളുടെ ജീവിതത്തിന്റെ അവസാനമായി കണക്കാക്കപ്പെടുന്നു.

എത്ര പെട്ടന്നാണ്‌ നമ്മൾ നിർഭയയെയും സമാനരീതിയിൽ കൊലചെയ്യപ്പെട്ട പെൺകുട്ടികളെയും മറന്നത്, പീഡനത്തിനിരയായി ഇന്ത്യയുടെ മകൾ എന്ന പേരിൽ അറിയപ്പെടാതിരിക്കുന്നതിനായി, ശരീരം മൂടുന്ന രീതിയിൽ നമ്മൾ വസ്ത്രം ധരിക്കുന്നു. ഇതിലൂടെ കന്യകാത്വമല്ല, എന്റെ ജീവനാണ് ഞാൻ സംരക്ഷിക്കുന്നത്. ആരണ്യ പറയുന്നു.