literatureworldnewstopstories

വായനാ ദിനം; ചില ഓര്‍മ്മപ്പെടുത്തല്‍

ഇ- ലോകത്തിന്റെ വേഗതയില്‍ മുന്നേറുന്ന ഇന്ന് വായനയ്ക്കായൊരു ദിനം, അതാണ് ജൂണ്‍ 19. പുതു തലമുറയ്ക്ക് വായനയില്‍ കമ്പം കുറയുമ്പോഴും പലര്‍ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മയുടെ ഭാഗമാണ്. വിജ്ഞാന, വിനോദ സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായനയെ അങ്ങനെ വേഗം മറക്കാവുന്നതുമല്ലല്ലോ.

കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍. പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്‍മപരിപാടികളുടെ തുടര്‍ച്ചയായിട്ടുള്ള ഒരു പ്രവര്‍ത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്.

എന്നാല്‍ ഇന്ന് കുട്ടികളില്‍ വായനയും പുസ്തകവും പാഠപുസ്തകമായി മാറിക്കഴിഞ്ഞ ഈ കാലത്ത് ഇന്റര്‍നെറ്റിലൂടെ ചില വായനകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. വായനയ്ക്ക് പുതിയ മുഖങ്ങള്‍ വരികയും പുസ്തകങ്ങള്‍ക്ക് പകരക്കാരുണ്ടാകുകയും ചെയ്തെങ്കിലും വായനയ്ക്കോ വായനാദിനത്തിനോ പ്രാധാന്യം കുറയുന്നില്ല.

വായിച്ചാല്‍ വളരും ഇല്ലെങ്കില്‍ വളയുമെന്നു കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞത് ഒരു തലമുറയെ മാത്രം ഉദ്ദേശിച്ചല്ല. വായന വിനോദത്തിനും വിജ്ഞാനത്തിനുമപ്പുറം മനുഷ്യന്റെ സംസ്കാരത്തെ ചിട്ടപ്പെടുത്തുന്ന ഒന്നാണ്. പത്രങ്ങളും മാസികകളും മറ്റുമായി നാട്ടിന്‍പുറങ്ങളില്‍ ലൈബ്രറി സജീവമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് വായന വിരള്‍ തുമ്പിലെ ഒരു ടച്ചിലേക്ക് ചുരുങ്ങിക്കഴിഞ്ഞു.

പുസ്തകവും വായനക്കാരനും തമ്മിലുള്ള ജൈവിക ബന്ധം ഇ- വായനയുടെ ലോകത്ത് നഷ്ടമായി. വിരള്‍ തുമ്പിലെ സ്പര്‍ശനത്താല്‍ വിരിയുന്ന മായകാഴ്ചകളുടെ മുന്നില്‍ വായന ഭാവനയുടെ സൈബര്‍ സാധ്യതകള്‍ തുറക്കുന്നു. സ്കൂള്‍ബസിലെ കണ്ണാടി ചില്ലിനാപ്പുരത്തെ വെള്ളം മാത്രമായി മഴ മാറുകയും നെല്‍ച്ചെടി പ്രോജക്ടിലെ അരിച്ചെടിയായി ഒതുങ്ങുകയും ചെയ്തപ്പോള്‍ മണ്ണിനെയും പ്രകൃതിയെയും അറിയാത്ത യുവ തലമുറ നമുക്ക് മുന്നില്‍ വളര്‍ന്നു. അവരുടെ ബാക്കി പത്രമായ മറ്റൊരു തലമുറ പേപ്പര്‍ ചുരുളുക്കള്‍ക്ക്‌ അപ്പുറത്ത് ഈ വായനുടെ വാതായനം തുറന്നു.

പുസ്തകം എന്നാല്‍ പാഠപുസ്തകങ്ങള്‍ എന്നതില്‍ കവിഞ്ഞ് ഒരു സങ്കല്‍പം വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതായി തുടങ്ങിയിട്ട് കാലമേറെയായി. അവധികാല ക്ലാസുകളിലെ വായനകളില്‍ കൂടി സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറികള്‍ വായനയുടെ പുതിയ അനുഭവം പകര്‍ന്നു നല്‍കുന്ന പരിപാടികള്‍ ആവിഷ്കരിച്ചു കൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. 2 മാസത്തെ വെക്കേഷന്‍ എങ്ങനെയെങ്കിലും തീരട്ടെയെന്നതിനപ്പുറം വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും അസ്തമിക്കാത്ത വായന അപൂര്‍വ്വ വസ്തുവായി മാറാതിരിക്കാന്‍ വായനാദിനങ്ങള്‍ കാരണമാകട്ടെ.

shortlink

Post Your Comments

Related Articles


Back to top button