പാബ്ലോ നെരൂദയെ വിഷംകൊടുത്തു കൊലപ്പെടുത്തിയതോ?

 

നൊബേല്‍ സമ്മാനജേതാവായ കവിയും നയതന്ത്രജ്ഞനുമായ പാബ്ലോ നെരൂദയുടെ മരണം വീണ്ടും ചര്‍ച്ചയാക്കപ്പെടുന്നു. 1973-ലാണ് നെരൂദ മരണപ്പെട്ടത്. നെരൂദയെ വിഷംനല്‍കി കൊലപ്പെടുത്തിയതാണെന്ന ആരോപണം അന്നുമുതല്‍ നിലനിന്നിരുന്നു. നെരൂദയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കാന്‍ വിദഗ്ധസംഘം വീണ്ടും. ചിലി, സ്പെയിന്‍, യു.എസ്., ഡെന്‍മാര്‍ക്ക്, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സംഘമാണ് നെരൂദയുടെ മരണരഹസ്യം അന്വേഷിക്കാനെത്തിയത്.

മരിക്കുമ്പോള്‍ ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായിരുന്നു നെരൂദ. 1973-ല്‍ അഗസ്റ്റോ പിനോഷെ പട്ടാള അട്ടിമറിയിലൂടെ ചിലിയിലെ സോഷ്യലിസ്റ്റ് സര്‍ക്കാറിനെ പുറത്താക്കി 12 ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 23-നാണ് നെരൂദ മരിക്കുന്നത്. മൂത്രസഞ്ചിയിലെ അര്‍ബുദബാധയാണ് മരണകാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍, പിനോഷെയുടെ നിര്‍ദേശപ്രകാരം നെരൂദയ്ക്ക് വിഷം നല്‍കി കൊലെപ്പടുത്തുകയായിരുന്നുവെന്ന് നെരൂദയുടെ മുന്‍ഡ്രൈവര്‍ മാനുവല്‍ അരായയുടെ വെളിപ്പെടുത്തലോടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2011-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. നെരൂദ ചികിത്സ തേടിയ സാന്താ മരിയാ ക്ലിനിക്കില്‍ പിനോഷെയുടെ ഏകാധിപത്യത്തിന് കീഴില്‍ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആരോപിക്കുന്നു.

2013 ഓഗസ്റ്റ് എട്ടിന് നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ച വിദഗ്ധര്‍ നെരൂദയുടെ മരണം വിഷബാധയെത്തുടര്‍ന്നല്ലെന്ന നിഗമനത്തിലാണെത്തിയത്.