എഴുത്തുകാരന്‍ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

 

ചിന്തകനും എഴുത്തുകാരനുമായ തുറവൂര്‍ വിശ്വംഭരന്‍ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്കൃത പണ്ഡിതന്‍, അധ്യാപകന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തുറവൂരിന്റെ മഹാഭാരതത്തെ ലോക തത്വചിന്തയുടെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്ന രചനകളായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്. തപസ്യ മുന്‍ സംസ്ഥാന രക്ഷാധികാരിയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായും തുറവൂര്‍ മത്സരിച്ചിരുന്നു.

1943ല്‍ ചേര്‍ത്തലയ്ക്ക് സമീപം തുറവൂരായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബിരുദ ബിരുദാനന്തര പഠനങ്ങള്‍ മഹാരാജാസില്‍ പൂര്‍ത്തിയാക്കിയ തുറവൂര്‍ കാല്‍ നൂറ്റാണ്ടുകാലം മഹാരാജാസ് കോളെജില്‍ തന്നെ അധ്യാപകനായി. പണ്ഡിതനായിരുന്ന പിതാവില്‍ നിന്നും ഗുരുകുല സമ്പ്രദായത്തിലൂടെയായിരുന്നു തുറവൂര്‍ ജ്യോതിശാസ്ത്രത്തിലും, ആയുര്‍വേദത്തിലും, വേദാന്തത്തിലുമെല്ലാം അറിവ് നേടിയത്.