കാവ്യ ഭംഗി മങ്ങാതെ…. ഒഎന്‍വിയുടെ ഓര്‍മ്മകളില്‍

കാലമെത്ര കഴിഞ്ഞാലും നഷ്ടപ്പെടാത്ത സുഗന്ധവുമായി മലയാളി മനസ്സില്‍ മായാതെ നില്‍ക്കുന്ന കാവ്യപുഷ്പങ്ങള്‍ സമ്മാനിച്ച കവി ഒ.എന്‍.വി. കുറുപ്പ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. ഒഎന്‍വി എന്ന മൂന്നക്ഷരത്തില്‍ കവിതയെ സ്വന്തമാക്കിയ കവി ഒറ്റപ്ലാക്കന്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ്. ചങ്ങമ്പുഴ കവിതകളിലെ സൗന്ദര്യവും താളവും അതിനൊപ്പം ചേര്‍ന്ന വിപ്ലവഗാനങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ച കവിയുടെയുടെ സംഗീതത്തെ സാമൂഹ്യ വിപ്ലവത്തിന്റെ സംഗീതമെന്നായിരുന്നു എന്‍വി കൃഷ്ണവാരിയര്‍ വിശേഷിപ്പിച്ചത്.

1937 മെയ് 27ന് കൊല്ലം ചവറയില്‍ ജനിച്ച ഒഎന്‍വി 1949 മുതല്‍ ജീവീതാവസാനം വരെ സാഹിത്യ രംഗത്ത് സജീവമായി. പതിനഞ്ചാം വയസിലാണ് ആദ്യകവിതയായ ‘മുന്നോട്ട്’ എഴുതുന്നത്. 1949ല്‍ പുറത്തിറക്കിയ ‘പൊരുതുന്ന സൗന്ദര്യം’ ആണ് ഒഎന്‍വിയുടെ ആദ്യ കവിതാസമാഹാരം. കവിതകള്‍, നാടക ഗാനങ്ങള്‍, സിനിമാ ഗാനങ്ങള്‍ തുടങ്ങി മലയാള സാഹിത്യത്തില്‍ നിത്യശോഭ പടര്‍ത്തിയ എത്രയെത്ര കാവ്യപുഷ്പങ്ങളാണ് ഒഎന്‍വിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തത്. ഒടുവില്‍ 2016 ഫെബ്രുവരി 13 ന് മലയാളികളെ ദുഃഖത്തിലാഴ്ത്തി കാവ്യധാര നിലച്ചു.