സിനിമാ ലോകത്ത് താന്‍ ഒറ്റപ്പെടാന്‍ കാരണം വെളിപ്പെടുത്തി രേഖ

സർപ്പ സുന്ദരി, മന്ത്രവാദിനി, കുടുംബം കലക്കി എന്നിങ്ങനെ  വിശേഷണങ്ങള്‍ ഏറെയുള്ള നടിയാണ് ബോളിവുഡ് താര സുന്ദരി രേഖ. ആദ്യകാലങ്ങളിൽ ബോളിവുഡിൽ നിന്നും നേരിട്ട അപമാനങ്ങളും ഭർത്താവ് മുകേഷിന്റെ മരണത്തോടെ ഹിന്ദി സിനിമാ ലോകം തന്നെ ഒറ്റപ്പെടുത്തിയതും രേഖ തന്റെ ആത്മ കഥയിൽ തുറന്നെഴുതിയിട്ടുണ്ട്.

തന്റെ സ്വകാര്യ ജീവിതത്തിലെ അപൂർവ നിമിഷങ്ങളും രേഖ പുസ്തകത്തിൽ പങ്കുവയ്ക്കുന്നു. പുരുഷന്മാരുമായുള്ള ബന്ധവും ലൈംഗിക അഭിരുചികളും വെളിപ്പെടുത്തുന്ന രേഖ:അൺടോൾഡ് സ്‌റ്റോറി എന്ന ആത്മകഥയില്‍ വ്യക്തിജീവിതവും കുടുംബജീവിതവും മുതൽ ലൈംഗികതയെ കുറിച്ചുള്ള തുറന്നു പറച്ചിൽ വരെ അടങ്ങിയിരിക്കുന്നു. .നടിയുടെ സ്വകാര്യജീവിതത്തിലെ വിവാദങ്ങൾ മറയില്ലാതെ തുറന്നു കാട്ടുകയാണ് ഈ പുസ്തകത്തിൽ. എന്നാല്‍ അമിതാഭ് ബച്ചനുമായുള്ള വിവാദ കഥകളെ സൗകര്യപൂർവം ഒഴിവാക്കിയ ആത്മകഥയിൽ ഇവരുടെ കൊട്ടിഘോഷിച്ച പ്രണയത്തെ കുറിച്ച് പലതും പറയാതെ പറയുന്നുണ്ട്. സിൽസില എന്ന സിനിമയ്ക്ക് ശേഷം രേഖയുമൊത്തു അഭിനയിക്കുന്നതിൽ നിന്നും ബിഗ്ബിയെ വിലക്കിയ ജയ ബച്ചനെ കുറിച്ച് വിശദമായ പരാമർശം ഉണ്ട്.

മുകേഷ് അഗർവാൾ അടക്കം മൂന്നു ഭർത്താക്കൻമാരും ആത്മഹത്യ ചെയ്തതോടെ മാൻ കില്ലർ എന്ന പേര് രേഖയ്ക്ക് ലഭിച്ചു. കൂടാതെ ആരെയും വശീകരിക്കുന്ന സർപ്പ സുന്ദരി, പുരുഷന്മാരെ ആകർഷിക്കുന്ന മന്ത്രവാദിനി, കുടുംബം കലക്കി എന്നിങ്ങനെയായിരുന്നു ബോളിവുഡ് രേഖയ്ക്ക് ചാർത്തിക്കൊടുത്ത വിശേഷണങ്ങൾ. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ജീതേന്ദ്ര എന്നിവരെ ചേർത്തും ഗോസിപ്പുകൾ വന്നതോടെ പുരുഷന്മാരെ കറക്കിയെടുക്കുന്ന കുടുംബം കലക്കി എന്നായി താരത്തിന്റെ വിശേഷണം.