ദേശീയവാദികളുടെ പാഠപുസ്തകം ഹിറ്റ്‌ലറുടെ ആത്മകഥ തന്നെയാണ്

ദേശീയവാദികളുടെ പാഠപുസ്തകം ഹിറ്റ്‌ലറുടെ ആത്മകഥ തന്നെയാണെന്നു ഇവൂദ് കീഫ്ത്. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ൻ കാംഫിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തില്‍ കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഇവൂദ് കീഫ്ത്.

തന്റെ നാടായ ഹോളണ്ടിലടക്കം ലോകമെങ്ങും മനുഷ്യര്‍ തങ്ങളുടെ തനിമ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാര്‍ തങ്ങളുടെ എല്ലാ സാംസ്‌കാരിക ഈടുവെയ്പ്പുകളേയും ഇല്ലാതാക്കുകയാണെന്നാണ് ആളുകളുടെ പരാതി. ഉദാഹരണത്തിന് ഡച്ചുകാരുടെ (ഹോളണ്ട് ജനതയുടെ) ആറ് ശതമാനം ഇസ്​ലാമികരാജ്യങ്ങളില്‍ നിന്നു വന്നവരുടെ മക്കളും ചെറുമക്കളുമാണ്. ഇവര്‍ വളരെ നന്നായിത്തന്നെ ഡച്ച് സംസ്‌ക്കാരവുമായി ഇണങ്ങിച്ചേര്‍ന്നു കഴിഞ്ഞു. എന്നിട്ടും ഡച്ച് ദേശീയവാദികള്‍ അവര്‍ വ്യത്യസ്തരാണെന്ന് അലമുറയിടുന്നു. വ്യതസ്തയോടുള്ള ഈ വിരോധം ദോഷമേ ചെയ്യൂ എന്ന് കീഫ്ത് ഓര്‍മിപ്പിച്ചു. അങ്ങനെ അവര്‍ വീണ്ടും ജനിച്ച നാട്ടില്‍ അന്യരാവുന്നു. വംശവൈവിധ്യം നല്ലതാണെന്നു കരുതുന്ന ഇടതു പാര്‍ട്ടികള്‍ക്ക് യൂറോപ്പില്‍ കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ അവരുടെ പകുതിയിലേറെ പിന്തുണ നഷ്ടപ്പെട്ട കാര്യവും കീഫ്ത് ചൂണ്ടിക്കാണിച്ചു