bookreviewFeaturedliteratureworldnewstopstories

വിവാഹമോചിതയെന്നു ആത്മധൈര്യത്തോടെ വിളിച്ചു പറഞ്ഞ പത്തുവയസുകാരി

പത്താം വയസിൽ വിവാഹ മോചനം നേടുന്ന ആദ്യ പെണ്‍കുട്ടിയെന്ന നിലയിൽ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നുജൂദ് അലിയെ വായനക്കാര്‍ പെട്ടന്ന് മറക്കില്ല. വിവാഹമോചിതയെന്നു ആത്മധൈര്യത്തോടെ വിളിച്ചു പറഞ്ഞ പത്തുവയസ്സുകാരി നുജൂദ് യമൻ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായത്തിനു തുടക്കം കുറിച്ച പെണ്‍കുട്ടിയാണ്. മനക്കരുത്തിന്റെ, ആത്മ ധൈര്യത്തിന്റെ അന്താരാഷ്ട്ര ബിംബമായി ഈ പെണ്‍കുട്ടി മാറി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹ മോചിതയാണ് നുജൂദ്. കുടുംബത്തിന്റെ അന്തസിന്റെയും മറ്റ് അനാചാരങ്ങളുടെയും പേരിൽ പതിനെട്ട് വയസ്സിനു മുൻപേ വിവാഹിതരാവാൻ നിർബന്ധിതരാവുന്ന എത്രയോ പെണ്‍കുട്ടികൾ ഇന്നീ ലോകത്തുണ്ട്. സുഖകരമായ ദാമ്പത്യത്തിനു പെണ്‍കുട്ടികളെ ചെറു പ്രായത്തിലെ വിവാഹം കഴിപ്പിക്കുക എന്ന രീതി തുടരുമ്പോള്‍ നഷ്ടമാകുന്നത് അവര്‍ക്ക് അവരുടെ ആത്മധൈര്യമാണ്. തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള വ്യക്തിക്കൊപ്പം ജീവിതം തുടങ്ങുന്ന ഓരോ ബാലികമാരുടെയും ജീവിതമുഖങ്ങളാണ് നുജൂം പങ്കുവയ്ക്കുന്നത്.

യമനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച നുജൂം തന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ അക്ഷരങ്ങളിലൂടെ പങ്കുവച്ചു. മുതിര്‍ന്ന ഒരു വ്യക്തി പറയുന്ന ലാഘവത്തോടെ എന്നാല്‍ ദൈന്യതയും ക്രൂരതയും നിറഞ്ഞ ജീഎവിത ഏടുകള്‍ആവള്‍ പങ്കുവച്ചു. . ശൈശവ വിവാഹം എത്ര ക്രൂരവും നീചവുമെന്നു നുജൂദിനെക്കാൾ ശക്തമായി ലോകത്തോട്‌ വിളിച്ചു പറയാൻ മറ്റൊരാൾക്കാവില്ല. ജീവിതമെന്തെന്നു അറിഞ്ഞു തുടങ്ങും മുൻപേ തന്നെക്കാൾ മൂന്നിരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയും പിന്നീട് നരക തുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തെങ്കിലും വിധിയോടു പോരാടാൻ, ദുരിത പൂർണ്ണമായ ജീവിതത്തിൽ നിന്ന് രക്ഷ നേടാൻ തീരുമാനിച്ചതോടുകൂടി അവളുടെ ജീവിതം അസ്വാഭാവികതകളിലേക്ക് വഴി മാറുകയായിരുന്നു.

സ്വന്തം കുടുംബത്തെയും സമൂഹത്തെയും എതിർത്ത് കൊണ്ട് വിവാഹ മോചനം എന്ന തീരുമാനത്തിൽ അവളുറച്ചു നിന്നു. എല്ലാ വാതിലും കൊട്ടിയടക്കപ്പെട്ടപ്പോൾ രണ്ടാനമ്മയുടെ ഉപദേശത്തിന്റെ പുറത്ത് നിയമ സഹായം തേടിയ ആ പെണ്‍കുട്ടിക്ക് പക്ഷെ നിരാശയാകേണ്ടി വന്നില്ല. നുജൂദിന്റെ കഥയറിഞ്ഞപ്പോൾ അവളുടെ ആവശ്യം തിരിച്ചറിഞ്ഞപ്പോൾ ആ കോടതിയിലെ ജഡ്ജിമാർ അനുഭവിച്ച അതേ മാനസിക സംഘർഷവും അസ്വസ്ഥതയുമാണ് ഈ കഥ വായിച്ചു തുടങ്ങുമ്പോൾ ഓരോ വായനക്കാരനും അനുഭവപ്പെടുന്നത്. ഏറ്റവും സങ്കീർണ്ണവും അസാധാരണവുമായ കേസെന്ന് വിശേഷിപ്പിച്ചെങ്കിൽപ്പോലും നരകയാതയിലേക്ക് വീണ്ടുമവളെ വലിച്ചെറിയാൻ ആ കോടതിയിലെ ജഡ്ജിമാരായ മുഹമ്മദ്‌ അൽ ഖാസി,അബ്ദുള്ള , അബദിൽ വഹീദ് എന്നിവർ ഒരുക്കമല്ലായിരുന്നു. യമനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകയും അഡ്വക്കേറ്റുമായ ഷാദ നാസറിന്റെ കടന്നു വരവ് അവളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. നുജൂദിന്റെ കഥ ലോക മാധ്യമങ്ങളേറ്റെടുത്തതോടെ ലോകത്തിന്റെ പല കോണിൽ നിന്നും അവൾക്കു പിന്തുണയും സഹായവും ലഭിച്ചു .

നുജൂദിന്റെ ജീവിതം തീർച്ചയായും ഒറ്റപ്പെട്ട സംഭവമല്ല. ശൈശവവിവാഹം യമനിൽ മാത്രമല്ല നടന്നു വരുന്നത്. ലോകത്തിന്റെ പല കോണിലും നിയമങ്ങൾക്കും മനസാക്ഷിക്കുമതീതമായി വിവാഹങ്ങൾ നടന്നുവരുന്നു. പക്ഷെ അവരുടെ ജീവിതം പലപ്പോഴും പുറം ലോകമറിയുന്നില്ല അല്ലെങ്കിൽ പത്തു വയസിൽ നുജൂദ് കാണിച്ച ധൈര്യമും മനക്കരുത്തും അവർക്കില്ലാതെ പോകുന്നു. ഈ കഥ തീർച്ചയായും ഒരു പ്രചോദനമാണ്. പാതിവഴിയില്‍ ജീവിതം അവസാനിക്കുന്നില്ലെന്ന തിരിച്ചറിവ് കൂടിയാണ്.

shortlink

Post Your Comments

Related Articles


Back to top button