bookreviewFeaturedliteratureworldnewsstudytopstories

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും പ്രശ്നമായ ആത്മകഥകള്‍

1 സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് പുസ്തക രചന നടത്തിയെന്നരോപിച്ചു വിവാദത്തിലായ കൃതിയാണ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ. സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് ഡി.ജി.പി. ജേക്കബ് തോമസ് പുസ്തകം എഴുതിയത്. വിവാദങ്ങളെത്തുടർന്ന് പ്രകാശന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറി. പോലീസിലെ പ്രധാന ചുമതലകളിൽനിന്ന് സർക്കാർ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും വിവരിക്കുന്ന പുസ്തകത്തിൽ ബാർ കോഴ ഉൾപ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളും മുൻ യു.ഡി.എഫ് സർക്കാരിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും കുറിച്ചുള്ള വിവാദ പരാമർശങ്ങളും ഉള്‍പ്പെടുന്നു. ഉന്നതർക്കെതിരെ കടുത്ത വിമർശനങ്ങൾ ഉള്ള ഈ പുസ്തകം പ്രസിദ്ധീകരണകാലത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

2 നിർഭയം- ഒരു ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ അനുഭവക്കുറിപ്പുകൾ

മുൻ ഡിജിപി സിബി മാത്യുവിന്റെ ആത്മകഥയാണ് നിർഭയം- ഒരു ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ അനുഭവക്കുറിപ്പുകൾ. ഈ പുസ്തകം വിവാദമായതിനു കാരണം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. 21 വർഷം മുമ്പുനടന്ന സംഭവത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനായ സിബി പീഡനത്തിനിരയായ പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയിരുന്നതായും പി ജെ കുര്യന്റെ പേര് കേസിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും തന്റെ ആത്മകഥയില്‍ പറയുന്നു. ഇതിനെതിരെ പെണ്‍കുട്ടി വനിതാ കമ്മീഷനില്‍ പരാതി നല്‍കി.

3 സിറ്റിസണ്‍ ഡല്‍ഹി: മൈ ടൈംസ്, മൈ ലൈഫ്

2015ലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിട്ടതിന്റെ കാരണം വിലയിരുത്തുന്ന കൃതിയാണ് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ആത്മകഥ . ‘സിറ്റിസണ്‍ ഡല്‍ഹി: മൈ ടൈംസ്, മൈ ലൈഫ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ഈ കൃതിയില്‍ ഡല്‍ഹിയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും വളര്‍ച്ചയുടെയും ഗുണഫലങ്ങള്‍ മാത്രം അനുഭവിച്ചുവന്ന കന്നി വോട്ടര്‍മാര്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് കെജ്രിവാളിനും സംഘത്തിനും കൂറ്റന്‍ വിജയം സമ്മാനിച്ചതെന്നാണ് ഷീല ദീക്ഷിത് വിലയിരുത്തുന്നത്. താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ഡല്‍ഹിയെ കുറിച്ച്‌ അറിവില്ലാതിരുന്ന യുവജനങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളെ തിരിച്ചറിയാനോ അംഗീകരിക്കാനോ സാധിച്ചിരുന്നില്ലെന്ന് അവര്‍ വിലയിരുത്തുന്നു. 

4 ക്രൂസേഡർ ഓർ കോൺസ്പിറേറ്റർ – കോൾഗേറ്റ് ആന്റ് അദർ ട്രൂത്ത്സ്

കൽക്കരിവകുപ്പ് മുൻ സെക്രട്ടറി പി.സി. പരേഖ് തന്റെ സർവീസ് അനുഭവങ്ങൾ വിവരിക്കുന്ന കൃതിയാണ് ക്രൂസേഡർ ഓർ കോൺസ്പിറേറ്റർ – കോൾഗേറ്റ് ആന്റ് അദർ ട്രൂത്ത്സ്. ഈ ആത്മകഥാംശം നിറഞ്ഞ കൃതിയില്‍ പി.സി. പരേഖ് ഇന്ത്യയിലെ വിവാദമായ കൽക്കരി കുംഭകോണം ഒഴിവാക്കാമായിരുന്നതായി ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭയിലെയോ പാർട്ടിയിലെയോ അഴിമതിക്കാരെ നിയന്ത്രിക്കാൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കഴിഞ്ഞില്ലെന്നു പുസ്‌തകത്തിൽ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി കാര്യാലയവും കൽക്കരി വകുപ്പ് ഇടക്കാലത്ത് കൈകാര്യംചെയ്ത മന്ത്രി ഷിബു സൊറനും സഹമന്ത്രി ദസരി നാരായണറാവുവും കൽക്കരിപ്പാടം ലേലംവഴി വിതരണം ചെയ്യാനുള്ള നീക്കം അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. മത്സരലേലത്തിലൂടെ വിതരണമെന്ന ആശയത്തോട് പ്രധാനമന്ത്രി യോജിച്ചു. എന്നാൽ, സ്വന്തം മന്ത്രിമാരെയും സഹമന്ത്രിമാരെയും, എന്തിന് സ്വന്തം കാര്യാലയത്തെ പോലും നിയന്ത്രിച്ചുകൊണ്ടുപോകാൻ പ്രധാനമന്ത്രിക്ക് ശേഷിയുണ്ടായില്ല എന്നും വിമര്‍ശനമുണ്ട്.

 

shortlink

Post Your Comments

Related Articles


Back to top button