മതാചാരങ്ങള്‍ സത്യസന്ധമായി ആചരിക്കുന്നതിലൂടെ സമൂഹത്തിനെന്താണ് കിട്ടുന്നത്

മാനവവംശത്തിനായി മതങ്ങള്‍ക്ക് എന്താണ് സംഭാവന ചെയ്യാനാകുന്നതെന്നും മതാചാരങ്ങള്‍ സത്യസന്ധമായി ആചരിക്കുന്നതിലൂടെ സമൂഹത്തിനെന്താണ് കിട്ടുന്നതെന്നും വ്യക്തമാക്കുന്ന കൃതിയാണ് ആദരണീയനായ ദലയ്‌ലാമയുടെ ‘ദി പാത് ഓഫ് ടിബറ്റന്‍ ബുദ്ധിസം’. സ്വന്തം യാതനകളവസാനിപ്പിച്ച് സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമായും സ്പഷ്ടമായും പറയുന്ന ഈ പുസ്തകം ടിബറ്റന്‍ ബുദ്ധിസത്തിന്റെ പ്രമുഖ ആചാര്യനായ ജെ സോങ്പയുടെ ബൗദ്ഝമാര്‍ഗ്ഗത്തിന്റെയും ബോധോദയത്തിന്റെയും സ്വന്തം അനുഭവത്തിന്റെയും വിവിധ തലങ്ങളെ അടിസ്ഥാനമാക്കിയാണ് ദലയ്‌ലാമ രചിച്ചിരിക്കുന്നത്.

ആന്തരികമായ ശാന്തി വളര്‍ത്തിക്കൊണ്ടുവരുവാനും സ്‌നേഹവും കാരുണ്യവും ഒരു ശീലമാക്കി മാറ്റാനുമുള്ള ചില പ്രയോഗവഴികള്‍ നിര്‍ദ്ദേശിക്കുന്ന ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് അദ്ധ്യാപികയും വിവര്‍ത്തകയുമായ രമാ മേനോനാണ്. മ ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത – സങ്കടങ്ങള്‍ അവസാനിപ്പിച്ച് സന്തോഷം കണ്ടെത്താം എന്നാണ് മലയാളം പരിഭാഷയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

നമ്മുടെ ജീവിതയാതനകള്‍ക്ക് ഒരു അന്ത്യംകുറിക്കുവാനായി തന്റെ പ്രസംഗത്തെ പ്രവര്‍ത്തിയിലെത്തിക്കുന്ന ഒരു മനുഷ്യന്‍ നല്‍കുന്ന യാത്രാപഥമാണ് ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത. സത്യത്തിന്റെ പാത, മാനവരാശിക്കുവേണ്ടി നല്‍കാവുന്ന സംഭാവന, തുടങ്ങി ദലയ് ലാമ 1980 മുതല്‍ 1990 കള്‍ വരെ രചിച്ച ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.