literatureworldnewstopstories

എഴുത്തുകാരന്‍ അധികാരകേന്ദ്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്തില്ല: ടി.പത്മനാഭന്‍

എഴുത്തുകാരന്‍ ആ പേരിന് അര്‍ഹനാണെങ്കില്‍ അവാര്‍ഡുകള്‍ക്കോ അക്കാദമികളില്‍ അംഗത്വത്തിനോവേണ്ടി അധികാരകേന്ദ്രങ്ങളില്‍ ശയനപ്രദക്ഷിണത്തിന് പോവില്ലെന്ന് കഥാകൃത്ത് ടി.പദ്മനാഭന്‍. ടി.എന്‍. പ്രകാശിന്റെ സമ്പൂര്‍ണ്ണ ചെറുകഥാമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്നും ഇന്നും ഇറങ്ങുന്ന ഒട്ടുമുക്കാല്‍ പുസ്തകങ്ങളും പീറയാണ് എന്നുള്ളതാണ് സത്യം. എന്നാല്‍, പ്രകാശിന്റെ കഥകള്‍ തനിക്കേറെ ഇഷ്ടമാണ്. സാഹിത്യരംഗത്തെ ഗ്രൂപ്പുകളില്‍ മനംമടുത്ത് എഴുത്തു നിറുത്തുകയാണെന്ന് പ്രകാശ് പറഞ്ഞതില്‍ അദ്ഭുതപ്പെടുന്നില്ല. അര്‍ഹതയുള്ളത് മാത്രമേ അതിജീവിക്കുകയുള്ളൂ. അല്ലാത്തവ സോഷ്യല്‍ മീഡിയയില്‍ കൈകാലിട്ടടിക്കുക മാത്രമാണ് ചെയ്യുക. ടി.പദ്മനാഭന്‍ കൂടച്ചേര്‍ത്തു.T PATHMANAABHAAN

പ്രസാധനം നിര്‍വ്വഹിച്ച സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ രണ്ടാംജന്മത്തിന് മന്ത്രി ജി.സുധാകരനോടാണ് കടപ്പാട്. പ്രകാശിന്റെ ആദ്യകഥ ‘വളപട്ടണം പാലം’ പ്രകാശനം ചെയ്യണമെന്ന ആവശ്യവുമായി ഡോ.ടി.പി. സുകുമാരനാണ് തന്നെ കാണാന്‍ വന്നത്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പുസ്തകം അവിടെവെച്ച് ഡോക്ടര്‍ മടങ്ങി. എന്നാല്‍ വായിച്ചശേഷം തനിക്ക് പ്രകാശനം ചെയ്യാന്‍ സമ്മതിക്കേണ്ടിവന്നതായി പത്മനാഭന്‍ അനുസ്മരിച്ചു.

എഴുത്തുകാരനെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അധികകാലം നിലനില്ക്കാന്‍ കഴിയില്ലെന്ന് ചെറുകഥാസമാഹാരം ഏറ്റുവാങ്ങിയ സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. നശിപ്പിക്കാന്‍ ഒരുകൂട്ടര്‍ ശ്രമിക്കുമ്പോള്‍ സ്നേഹം പകരുന്ന ഒട്ടേറെ കൂട്ടരും എഴുത്തുകാര്‍ക്കിടയിലുണ്ട്. അക്ബര്‍ കക്കട്ടില്‍, ടി.എന്‍.പ്രകാശ് എന്നിവര്‍ അക്കൂട്ടത്തില്‍പ്പെട്ട അനുജരന്മാരാണ്. എഴുത്തില്‍ സമൂഹമാണുണ്ടാകേണ്ടത്. എഴുത്തുകാരന്‍ കാശു ചോദിക്കാന്‍ പാടില്ല, റോയല്‍റ്റി ചോദിക്കരുത് എന്നതാണ് പൊതുസമൂഹത്തിന്റെ നിലപാട്. എഴുത്തു വേണം, ജീവിതം വേണ്ട എന്ന വൈരുദ്ധ്യമാണിത്. എഴുത്തുകാരന് നിഗൂഡതകള്‍ പാടില്ലെന്നും എന്നാല്‍, എഴുത്തില്‍ വേണമെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

(എന്‍.ബി.എസ് ബുള്ളറ്റിന്‍, ഒക്ടോബര്‍ 2016)

shortlink

Post Your Comments

Related Articles


Back to top button