GeneralNEWS

കലാഭവന്‍ മണിയുടെ മരണം: പോലീസിന്റെ നിര്‍ണായക കണ്ടെത്തല്‍

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. മണിയെ ഔട്ട്‌ ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ ദിവസം ഔട്ട്‌ ഹൗസില്‍ ചാരായം എത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പാടിയുടെ സമീപത്തെ കടയിലെ ജീവനക്കാരനാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഏതാനും പേര്‍ കവറുകളുമായി പോകുന്നത് കണ്ടിരുന്നുവെന്നും കടയിലെ ജീവനക്കാരന്‍ മണികണ്ഠന്‍ പറഞ്ഞു.

മണിയുടെ ശരീരത്തില്‍ നേരത്തെ വ്യാജ ചാരായത്തില്‍ കാണപ്പെടുന്ന മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിരുന്നില്ല.

അതേസമയം, കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത മണിയുടെ മൂന്നു സഹായികളെ ഇന്ന് ചോദ്യം ചെയ്യും. ചാരായം എത്തിയത് സംബന്ധിച്ച് ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

സംഭവ ദിവസം മണിയുടെ ഒപ്പം മദ്യപിക്കാനുണ്ടായിരുന്നവര്‍ക്ക്  കലാഭവന്‍ മണിയുടെ മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും ആശുപത്രിയില്‍ നിന്നെത്തിയ മണിയുടെ സഹായികള്‍ ഔട്ട്‌ ഹൗസ് വൃത്തിയാക്കിയെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

തലേന്ന് ജാഫര്‍ ഇടുക്കിയും സാബുവും മണിയെ കാണാനായി വന്നിരുന്നു. സുഹൃത്തുക്കള്‍ മണിക്ക് മദ്യം ഒഴിച്ചു കൊടുത്തു. മദ്യപിച്ച സാബുവിന് എഴുന്നേറ്റ് പോകാന്‍ പോലും പറ്റുന്ന അവസ്ഥയിലായിരുന്നില്ല.
കൂടെ മദ്യപിച്ചവരുടെ ശരീരത്തിലില്ലാത്ത മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം മണിയുടെ ശരീരത്തില്‍ മാത്രം ഏങ്ങനെയെത്തിയെന്നതില്‍ ദുരൂഹതയുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മദ്യപാനത്തിന് ശേഷം സുഹൃത്തുക്കള്‍ എന്തിനാണ് ഔട്ട് ഹൗസ് വൃത്തിയാക്കിയത്. സംഭവ ദിവസം ഔട്ട് ഹൗസില്‍ മദ്യപിക്കാനെത്തിയ എല്ലാവരെയും സംശയമുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ വൃക്കകള്‍ക്ക് തകറാറുണ്ടായിരുന്നില്ല. മണിയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ജാഫര്‍ ഇടുക്കിയും സാബുവും പറയുന്നത് കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ലഭിച്ച ശേഷം പരാതി നല്‍കുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button