GeneralNEWS

പ്രതീക്ഷകളോടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ കുണ്ടറയില്‍

കോണ്‍ഗ്രസ് നേതാവും കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ കൊല്ലം ജില്ലയിലെ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയാകും.

കെ.എസ്.എഫ്.ഡി.സി-യുടെ ചെയര്‍മാന്‍ പദവിയിലിരുന്ന്‍ സ്തുത്യര്‍ഹമായ കര്‍ത്തവ്യനിര്‍വ്വഹണം നടത്തിയ ശേഷമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍റെ നേതൃത്വത്തില്‍ കേരളത്തിന്‍റെ സ്വന്തം ചലച്ചിത്രമേള തലസ്ഥാനനഗരിയില്‍ ഏറെ പുതുമകളോടെ സംഘടിപ്പിക്കപ്പെടുകയും ഉണ്ണിത്താന്‍റെ സംഘാടനമികവ് ഏവരുടേയും മുക്തകണ്ഠമായ പ്രശംസയ്ക്ക് അര്‍ഹമായിത്തീരുകയും ചെയ്തിരുന്നു.

സമാന്തര ചിത്രങ്ങള്‍ക്ക് ഉണ്ണിത്താന്‍റെ ഭരണകാലത്ത് മികച്ച പ്രോത്സാഹനവും ലഭിക്കുകയുണ്ടായി. സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടും വാണിജ്യപരമായ പ്രദര്‍ശനങ്ങള്‍ക്ക് തീയേറ്ററുകള്‍ ലഭിക്കാതിരുന്ന ഒരുപറ്റം മികച്ച ചിത്രങ്ങളെ ഉണ്ണിത്താന്‍ മുന്‍കൈ എടുത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യുകയും, പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അസ്തമയം വരെ, ക്രൈം നമ്പര്‍ 89, കന്യകാ ടാക്കീസ്, കളിയച്ഛന്‍ മുതലായ മികച്ച സമാന്തര ചിത്രങ്ങള്‍ ഇതുമൂലം വന്‍പ്രേക്ഷക ശ്രദ്ധ നേടുകയും, സമാന്തര സിനിമകളെ ഇതുവരെ ബാധിച്ചിരുന്ന ദുരവസ്ഥയ്ക്ക് ഒരു വലിയ പരിഹാരമാവുകയും ചെയ്തു.

മലയാള ചലച്ചിത്രമേഖലയില്‍ തന്‍റെ ഭരണമികവ് കൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം നടത്തുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ഈ പുതിയ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും.

shortlink

Related Articles

Post Your Comments


Back to top button