GeneralNEWS

സാറേ.., ഇതാണെന്റച്ഛൻ! വായനക്കാരുടെ മനസ്സ് കീഴടക്കിയ മുരളി ഗോപിയുടെ ചെറുകഥ ശ്രദ്ധേയമാകുന്നു

മുരളി ഗോപി ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച ചെറുകഥ വായനക്കാരുടെ മനസ്സ് കീഴടക്കി മുന്നേറുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ താന്‍ എഴുതാന്‍ പോകുന്ന പുതിയ ചെറുകഥയയെക്കുറിച്ച് മുരളി ഗോപി സൂചിപ്പിച്ചിരുന്നു.

ഞാൻ എഴുതിയ ഒരു ചെറുകഥ ആഴ്ചപ്പതിപ്പുകളുടെയും മാസികകളുടെയും താളുകളിൽ പതിക്കുന്നതിന് മുൻപ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഇങ്ങനെയായിരുന്നു മുരളിഗോപിയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് കുറിപ്പ്.
തൊട്ടടുത്ത ദിവസം തന്നെ മുരളി ഗോപി തന്റെ ചെറുകഥ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മുരളി ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചെറുകഥ വായിക്കാം

സാറേ.., ഇതാണെന്റച്ഛൻ!

ഗോപാല കൃഷ്ണൻ ആളൊരു ശുദ്ധനായിരുന്നു.
വലിയ പുസ്തകപ്പുഴുവായിരുന്നു, പണ്ട്.
എന്ന് പറഞ്ഞാൽ പോരാ. ഒരു പുസ്തകക്കുളയട്ട തന്നെയായിരുന്നു!
ഒരുപാട് ചരിത്രവും പുരാണവും ഒക്കെ വായിച്ചു വയറും തലയും വീർപ്പിച്ചു പാവം.
എന്നിട്ട് അപഗ്രഥിക്കുവാനും അളക്കാനും ഒക്കെ തുടങ്ങി.
ഇതിനിടെ എപ്പോഴോ പെണ്ണുകെട്ടി “കുട്ടിയും പെട്ടിയും ടയോട്ടയും” ഒക്കെയായി; ഒരു കമ്പ്യൂട്ടർ വാങ്ങി ഫേസ്ബുക്കിൽ ഒരക്കൗണ്ടും തുടങ്ങി.
‘ദിവസവും ഒരു മണിക്കൂർ ഫേസ്ബുക്കിൽ’ എന്ന സ്വയംകൃത നിയമം തെറ്റിയത് പിറന്നാൾ സമ്മാനമായി വിവാഹേതര കൂട്ടുകാരി സമ്മാനിച്ച അറപ്പുകത്തി പോലുള്ള ഒരു ‘മിടുക്കൻ ഫോൺ’ കൈപ്പറ്റിയതോടെയാണ്.
ഒരു മണിക്കൂറെന്നുള്ളത് രണ്ടായി.
രണ്ടെന്നത് നാലായി…
നാലെട്ടായി… അങ്ങനെ പോയി.
ശ്രീകൃഷ്ണനേയും യേശുക്രിസ്തുവിനേയും പ്രവാചകനേയും കാറൽ മാർക്സിനേയും ചട്ടംബി സ്വാമികളേയും ഗാന്ധിയേയും ശ്രീനാരായണ ഗുരുവിനേയും അംബേദ്കറേയും (പറ്റി) ഒക്കെ ഗഹനമായി വായിച്ച് അറിഞ്ഞതു കൊണ്ടാവാം ഇവരുടെയൊക്കെ ചില അഭിനവ, ഔദ്യോഗിക അനുയായികളുമായി ഗോപാലകൃഷ്ണൻ പണ്ടേ ശണ്ഠപിടിത്തം ആരംഭിച്ചിരുന്നു.
ഫേസ്ബുക്ക് തുറന്നതിന്റെ പിറ്റേന്ന് തൊട്ട് ദിവസേന ഗോപാലകൃഷ്ണൻ ഒരു പോസ്റ്റിടും.
ഗോപാലകൃഷ്ണന്റെ പരിശുദ്ധ മലയാളത്തിൽ ഉള്ള പോസ്റ്റുകൾ ആദ്യമൊക്കെ ചെറുതായിരുന്നു.
ഭൂതദയ പ്രകടിപ്പിക്കാൻ വേണ്ടിയുള്ളവയായിരുന്നു അധികവും. അതായത്, “തായ്‌ലണ്ടിലെ ചിയണ്ട് റായ് എന്ന നഗരത്തിൽ ബുസാബ എന്ന പതിനെട്ടുകാരി സൈക്കിൾ റിക്ഷയുടെ ഇടിയേറ്റ് അബോധാവസ്ഥയിലായതിനാൽ അവൾക്ക് O negative ചോര ആവശ്യമുണ്ട്; നിർമ്മലഹൃദയരായ നാട്ടുകാർ സഹായിക്കുക…” എന്ന മാതിരിയുള്ള പോസ്റ്റുകൾ. ഇങ്ങനെയുള്ള പോസ്റ്റുകൾക്ക് ഗോപാലകൃഷ്ണന്റെ നാട്ടുകാരോ ഓഫീസുകാരോ സുഹൃത്തുക്കളോ ഒന്നും പ്രതികരിക്കാഞ്ഞപ്പോൾ ഗോപാലകൃഷ്ണൻ സിനിമയിൽ കൈവയ്ക്കാൻ തുടങ്ങി.
തമ്മിൽ കടിക്കുന്ന വാക്കുകളാൽ കോർത്ത വളഞ്ഞുപുളഞ്ഞ വാക്യങ്ങളിലൂടെ സിനിമാനിരൂപണം നടത്തിയപ്പോൾ അല്ലറ ചില്ലറ ഫേസ്ബുക് നാടോടികൾ കറങ്ങിത്തിരിഞ്ഞ് ഗോപാലകൃഷ്ണന്റെ പ്രൊഫൈലിൽ എത്തുകയും തള്ളവിരൽ അണ്ടകടാഹത്തിലേക്ക് ഉയർത്തിക്കാട്ടിയ ശേഷം മടങ്ങിപ്പോകുകയും ചെയ്തു.
കുഴപ്പമായത് പിന്നെയാണ്. തന്റെ ബുജി പണിയായുധങ്ങളുമായി ഗോപാലകൃഷ്ണൻ അബ്ദുൾ വഹാബ് എന്ന സൂപ്പർതാരത്തിന്റെ ‘ചട്ടംബിരാജാവ്’ എന്ന യമണ്ടൻ പടത്തിന്റെ നിരൂപണം എഴുതാനായി ഇരുന്ന രാത്രി.
അന്നാണ് ആദ്യമായി അയാൾ ‘വിവരമറിഞ്ഞത്’.
അടച്ചു വിമർശിക്കുന്ന മട്ടിലായിരുന്നു റിവ്യൂ: “പഥേർ പാഞ്ചാലി’യുമായി തുലനം ചെയ്‌താൽ വഹാബിന്റെ ‘ചട്ടംബിരാജാവ്’ ഒരു സിനിമയേ അല്ലെന്ന് പറയേണ്ടി വരും..” എന്നൊക്കെയുള്ള വൻ കണ്ടെത്തലുകൾ നടത്തിക്കളഞ്ഞു ഗോപാലകൃഷ്ണൻ! പോരാത്തതിന്, രാഷ്ട്രപതിയുടെ വെള്ളിപ്പതക്കം അടക്കമുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടിയ വഹാബിന് അഭിനയകലയെ സംബന്ധിക്കുന്ന ഒന്നുരണ്ട് ഉപദേശങ്ങൾ കൊടുക്കാനും മറന്നില്ല!!
ഗോപാലകൃഷ്ണന്റെ കമ്മൻറ്ബോക്സിൽ ഇടിച്ചു കയറി വന്ന ഒരു അബ്ദുൾ വഹാബ് ആരാധകൻ ഇങ്ങനെയെഴുതി:”നീയാരാടാ… പന്ന കഴുവേറീടെ മോനേ… വഹാബിക്കയെപ്പറ്റി പറയാൻ…?അരയ്ക്ക് താഴെ കിടന്നാടുന്നത് വെറും നാഴികമണിയല്ലെങ്കിൽ, പരട്ട ഊളേ, നീ നിന്റെ ആളായ മിഥുൻകമലിന്റെ സിനിമയെ തൊട്ടുനോക്കെടാ…! നീ തൊടില്ല! കാരണം, നീ ഒരു സവർണ്ണ ഹിന്ദു വർഗ്ഗീയവാദിയാണ്…. നിന്നെക്കൊണ്ടിതേ പറ്റൂ…!”
ഗോപാലകൃഷ്ണൻ ഈ കമന്റ് വായിച്ചത് നിറകണ്ണുകളോടെയാണ്.
താനൊരു വർഗ്ഗീയവാദിയല്ല എന്നത് ഗോപാലകൃഷ്ണനും അയാളുടെ ദൈവത്തിനും മാത്രമറിയാവുന്ന ഒരു സത്യമായിരുന്നു. ഈ തെറ്റിധാരണ മാറ്റണമല്ലോ എന്ന് ആലോചിച്ച് നടന്ന ഗോപാലകൃഷ്ണൻ മിഥുൻകമൽ എന്ന രണ്ടാം സൂപ്പർതാരത്തിന്റെ രണ്ടുമൂന്ന് ചിത്രങ്ങൾ മെനക്കെട്ട് ചെന്നിരുന്ന് കണ്ടു– കുറ്റം പറയാൻ വല്ല സ്കോപ്പുമുണ്ടോ എന്ന് നോക്കാനാണ് കണ്ടത്!
ഈ പടങ്ങളിലൊന്നിലും പറഞ്ഞു രസിക്കാൻ തക്കവണ്ണം പ്രത്യേകിച്ച് ഒരു കുഴപ്പവും കാണാതെ, അങ്ങനെ ഖിന്നനായി നടക്കുമ്പോഴാണ് അതാ വരുന്നു മിഥുൻകമലിന്റെ ഒരു ബ്രഹ്മാണ്ഡ സിനിമ.
‘പരമോന്നത നായകൻ’ എന്നായിരുന്നു സിനിമയുടെ പേര്!
ഗോപാലകൃഷ്ണൻ ആദ്യ ദിവസം ആദ്യ ഷോ തന്നെ ഇടിച്ച് കയറിക്കണ്ടു.
വീട്ടിൽ തിരിച്ചെത്തിയപാടെ കമ്പ്യൂട്ടറിന്റെ വായ്ക്കകത്ത് കയറിയിരുന്ന് ഇടംവലം നോക്കാതെ ഒരു നിരൂപണം അങ്ങ് കാച്ചി: “പരമോന്നത നായകനല്ല; പരമബോറ് നായകൻ” എന്നായിരുന്നു നിരൂപണത്തിന്റെ തലകെട്ട്!
തീർന്നില്ലേ…!!!
പിന്നെ ലോകം കണ്ടത് ‘വലിച്ചുകീറി ഒട്ടിക്കൽ’ എന്ന ഓമനപ്പേരുള്ള ഒരു ജനകീയ കലാരൂപത്തിന്റെ ആടിത്തിമിർക്കലാണ്.
മിഥുൻകമലിന്റെ ഒരു പറ്റം ആരാധകർ ഫേസ്ബുക്കിലെ ഒരു മുടുക്കിൽ വച്ച് ഗോപാലകൃഷ്ണനെ വളഞ്ഞിട്ട് പൂശി.
ഗോപാലകൃഷ്ണൻ ഭൂജാതനാവുന്നതിന് മുമ്പ് അയാൾ ചുരുണ്ട് കൂടിയ ഗർഭപാത്രം, അതിന്റെ ഉടമ, ആ ഗർഭപാത്രത്തിൽ അയാളെ എത്തിച്ച യന്ത്രം (വഹാബ് ആരാധകൻ പറഞ്ഞ “നാഴികമണി”), അതിന്റെ ഉടമ, ഗോപാലകൃഷ്ണന്റെ വിത്ത് വിളയിച്ച ഭാര്യ, അവളെ ഉണ്ടാക്കിയ തള്ള, തന്ത, ആ കല്യാണാലോചന കൊണ്ടു വന്ന അമ്മാവൻ …, എന്നിങ്ങനെ ഒരുപാട് നിഷ്കളങ്കരായ ആളുകളും അവയവങ്ങളും, നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ സൂപ്പർ ഡൂപ്പർ തെറികൾ കൊണ്ട് മൂടപ്പെട്ടു.
ഒരു തന്തക്ക് ജനിച്ചവൻ ആയിട്ടുകൂടി ഒരുപാട് “പൂ..” വാക്കുകളുടെ “..മോൻ” ആവാനുള്ള ഭാഗ്യവും സിദ്ധിച്ചു ഗോപാലകൃഷ്ണന്!
ഗോപാലകൃഷ്ണൻ തകർന്ന് തരിപ്പണമായി.
കുട്ടിയേയും പെട്ടിയേയും ഗൗനിക്കാതായി. ടയോട്ട പോർച്ചിൽ കിടന്ന് തുരുമ്പിച്ചു.
“നിഷ്പക്ഷമതിയായ ഒരു പാവമാണ് ഞാൻ” എന്ന് ഇടയ്ക്ക് ഒന്നു പോസ്റ്റിനോക്കിയപ്പോൾ കിട്ടിയ ഒരു കമന്റ് ഇതാണ്: “താനങ്ങനെ പുളുത്തണ്ട, കോപ്പേ… ഇവിടെ ഒരു നിഷ്പക്ഷമതിയും വേണ്ട… ഒന്നുകിൽ നമ്മുടെ ആൾ, അല്ലെങ്കിൽ മറ്റവന്റെ ആൾ. അല്ലാതെ ഇടയിൽ കിടന്നാരും ഇവടെ ഞെളിയണ്ടാ…!”
ഭാര്യയുടെ വഴക്കിടൽ കാരണവും (“ഈ അറിഞ്ഞൂടാത്ത പണി എന്തിനാ ചെയ്യാൻ പോകുന്നത്, മണ്ടാ?”) കൂട്ടുകാരിയുടെ വാക്സാമർത്ഥ്യം കാരണവും (“ഗോപൂ, മൈ ലവ്, സിനെമാ ഈസ് നോട്ട് യുവർ കപ്പ് ഓഫ് ടീ.”) ഗോപാലകൃഷ്ണൻ സിനിമാ നിരൂപണം ഉപേക്ഷിക്കാൻ തീരുമാനിച്ചു.
നിക്ക്… നിക്ക്.
ആശ്വസിക്കാൻ വരട്ടെ…!
അങ്ങനെ യുദ്ധമുന്നണിയിൽ നിന്ന് പേടിച്ച് പിന്മാറാൻ ഗോപാലകൃഷ്ണൻ ഒരുക്കമായിരുന്നില്ല…
ഗണപതികോവിലിൽ പോയി 100 തേങ്ങ കല്ലിലും ഒരെണ്ണം കല്ലിന് തൊട്ടടുത്ത് നിന്ന് ഏത്തം ഇടുകയായിരുന്ന ഭാസ്കരയണ്ണന്റെ ഉപ്പൂറ്റിയിലും എറിഞ്ഞുടച്ച ശേഷം ഗോപാലകൃഷ്ണൻ പറന്ന് വീട്ടിലെത്തിയത് കമ്പ്യൂട്ടറിന്റെ മുന്നിലേക്ക് തന്നെയായിരുന്നു.
ഒന്നാം ഓണമായിരുന്നു അന്ന്.
ഐശ്വര്യമായി FB തുറന്ന ഗോപാലകൃഷ്ണൻ “മഹാബലിയെ എന്തുകൊണ്ട് വാമനൻ ചവുട്ടിത്താഴ്ത്തി?” എന്ന ചോദ്യം സ്വയം ചോദിക്കുകയും അതിന് കുറേ ഉത്തരങ്ങൾ സ്വയം കണ്ടെത്തുകയും ചെയ്യുകയുണ്ടായി. ഫ്രോയിഡിനേയും, യുങ്ങിനേയും ഒക്കെ ഉദ്ധരിച്ചു കൊണ്ടായിരുന്നു ഈ ബൗദ്ധികതള്ള്.
ബാബാ സാഹബ് അംബേദ്ക്കറിനെ മഹാബലിയോടും വാമനനെ ഗാന്ധിജിയോടും ഉപമിച്ചുകൊണ്ട്, ഒരു കാര്യവുമില്ലാതെ ഒരു ലേഖനം! ദളിത് ആക്ടിവിസ്റ്റുകളേയും ഗാന്ധിഭക്തരേയും ഒരേ വേദിയിൽ (ഗോപാലകൃഷ്ണന്റെ fb പ്രൊഫൈൽ തന്നെയാണ് ഈ പറഞ്ഞ വേദി) കൊണ്ടുവന്ന് ഒരു വലിയ സാമുദായിക സംവാദത്തിനു കേരളത്തിന്റെ സൈബർ നഭസ്സിൽ വച്ച് തിരികൊളുത്തുക എന്നതായിരുന്നു കക്ഷിയുടെ ഐഡിയ.
പൂതി നോക്കണേ..!
ലേഖനം പോസ്റ്റ് ചെയ്ത ശേഷം, കണ്ണിൽ എണ്ണയും ഒഴിച്ച് ആദ്യത്തെ തള്ളവിരൽ അണ്ടകടാഹത്തിലേക്ക് ചൂണ്ടി പ്രത്യക്ഷപ്പെടുന്നതും കാത്ത് ഇരുന്നു.
അപ്പോൾ അതാ… ഒന്നാം തള്ളവിരൽ!
രണ്ടാം തള്ളവിരൽ!!
അതിനോടൊപ്പം “ഫന്റ്റാസ്റ്റിക്, ഗോപൂ, യു ആർ ഗ്രേറ്റ്. Muuah” എന്നൊരു കമ്മന്റും തെളിഞ്ഞു വന്നു.
പിന്നെ ശ്മശാന മൂകത!!!!
ഒന്നാമത്തെ തള്ളവിരൽ ഭാര്യയുടേതും രണ്ടാമത്തെ തള്ളവിരലും കമ്മന്റും കൂട്ടുകാരിയുടേതും ആയിരുന്നു!
ഈ രണ്ട് സ്ത്രീരത്നങ്ങളും ഈ മനുഷ്യന്റെ ജീവിതപുസ്തകത്തിൽ ആദ്യമായി കണ്ടുമുട്ടിയ ധന്യമുഹൂർത്തം അതായിരുന്നു.
ഭാര്യ ഇളകി.
ആര്യപുത്രന്റെ ചില അസമയത്തെ ഫോൺവിളികളും, വിളിക്കുന്ന സമയത്തു അയാളുടെ മുഖത്ത് സദാ വിളയാടിയിരുന്ന ശൃംഗാര ചേഷ്ടകളും, ഇടതടവില്ലാതെ അയാളുടെ മൊബൈലിൽ നിന്നുയർന്നുകൊണ്ടിരുന്ന Whatsapp മണിനാദവും, ചില ദിവസങ്ങളിലെ അയാളുടെ അപ്രതീക്ഷിത മുങ്ങലുകളും എല്ലാം കൂട്ടിവായിച്ചതിന്റെ ഫലമായി… ഭാര്യ തന്റെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തള്ളവിരലിനോടൊപ്പം പൊങ്ങിയ ആ രണ്ടാം തള്ളവിരലും കമ്മന്റും ആരുടേതാണെന്ന് തിരിച്ചറിഞ്ഞു.
“നിങ്ങൾക്ക് ആരോ ഒരാൾ എവിടെയോ ഉണ്ടെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നെടാ വഞ്ചകാ…!” എന്ന് അലറിക്കൊണ്ട് ഭാര്യ ഗോപാലകൃഷ്ണന്റെ മേൽ ചാടിവീണു കഴുത്ത് ഞെരിച്ചു. അങ്ങിനെയുള്ള ഒരു ആക്ഷൻ രജനിയുടെ ‘കബാലി’ മാത്രം ചെയ്യുന്നത് കണ്ടു ശീലിച്ച ഗോപാലകൃഷ്ണന്റെ കുട്ടി ഉറക്കെപ്പാടി: “നെരുപ്പ് ഡാ…!”
ഒരു ഗാർഹിക ലഹളയാണ് പിന്നീട് അവിടെ നടമാടിയത്. അതിന്റെ ഒടുവിൽ കോപാകുലയായ ഭൈമിയുടെ (“മിണ്ടിപ്പോകരുത്, മെയിൽ ഷോവനിസ്റ് പട്ടീ…”) സമാധാനത്തിനായി ഗോപാലകൃഷ്ണൻ കൂട്ടുകാരിയോട് എന്നെന്നേക്കുമായി വിടപറഞ്ഞു. ഗോപാലകൃഷ്ണനിൽ നിന്ന് എങ്ങനെയെങ്കിലും വിട്ടു മാറാൻ കൂട്ടുകാരി (“ഗോപു, യു ആർ മൈ ഗ്രെയ്റ്റസ്റ്റ് മിസ്റ്റേക്ക്. ഐ ഹെയ്റ്റ് യു.”) തന്നെ കണ്ടെത്തിയ ഒരു തകർപ്പൻ ടെക്‌നിക്ക് ആയിരുന്നു ആ FB അങ്കംവെട്ടലിൽ കലാശിച്ചത് എന്ന് പിന്നീട് ഒരിക്കൽ ഗോപാലകൃഷ്ണൻ മനസ്സിലാക്കുമായിരുന്നു.., പക്ഷേ അതിനുള്ള സമയം സർവ്വശക്തനായ ദൈവം അയാൾക്ക് കൊടുത്തില്ല. :(
“പ്രണയ ജീവിതം തകർന്ന പുരുഷനും, ഭാര്യ ആദരിക്കാത്ത ഭർത്താവും പ്രതികരിക്കുന്നത്… ചെയ്യുന്ന ജോലിയിൽ (അത് തോട്ടിപ്പണി ആണെങ്കിൽ കൂടി) കഴുത്ത്‌ വരെ ഇറങ്ങി നിന്നുകൊണ്ടായിരിക്കും…” എന്ന് ഒരു മഹാനും പറഞ്ഞിട്ടില്ല. പക്ഷെ, അതാണ് ഇവിടെ സംഭവിച്ചത്. ഒരു വ്യത്യാസം മാത്രം. ഓഫീസ് ജോലിയിൽ അല്ല ഗോപാലകൃഷ്ണൻ സമാധാനം കണ്ടെത്തിയത്. പെട്ടിയും ടയോട്ടയും വീട്ടിൽ തന്നെയിരുന്നു, ചിതലും തുരുമ്പും നക്കി.
പൂർവ്വാധികം ശക്തിയോടെ വീണ്ടും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിലേക്ക് എടുത്ത് ചാടി.
ഇനി സത്യമേ പറയുകയുള്ളൂ എന്ന വാശിയോടെ, നിഷ്പക്ഷനായി തന്നെ നിലകൊള്ളും എന്ന ഉറച്ച നെഞ്ചോടെ, “സത്യമേവ ജയതേ!” എന്ന മുദ്രാവാക്യവുമായി.., ആ ശുദ്ധൻ അവന്റെ മാതൃസംസ്‌ഥാനമായ കേരളത്തിന്റെയും മാതൃരാജ്യമായ ഇന്ത്യയുടേയും രാഷ്ട്രീയ ഭൂപടത്തിലേക്ക് ഡൈവടിച്ചു.
ഇത് കഴിഞ്ഞ് 6 മാസം കഴിഞ്ഞാണ് ഗോപാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അച്ചി കുട്ടിയേയും കൊണ്ട് അയാളെ ഉപേക്ഷിച്ച് പോയിരുന്നു.
പെട്ടിയും അവൾ കൊണ്ടുപോയിരുന്നു.
ടയോട്ട ബാങ്കുകാർ വസൂലാക്കിയിരുന്നു.
ഗോപാലകൃഷ്ണന്റെ വീട്ടിനു പുറത്ത് ഒരു വലിയ ജനാവലി അക്ഷമരായി കാത്തുനിന്നു. അയാൾക്ക് കടം കൊടുത്തവരായിരുന്നു അധികവും. അകത്ത്, SI ഡിങ്കൻ ഒരു തുമ്പിനായി തിരഞ്ഞ് അവിടെയൊക്കെ നടന്നു…
ഒടുവിൽ കിട്ടിയത് ഹേഡ്ഡ്നാണ്; അതെ, കുട്ടൻപിള്ള എന്ന് തന്നെയാണ് ഈ ഹേഡ്ഡ്ന്റേയും പേര്.
ഒരു തുണ്ടു കടലാസ്സിൽ ഗോപാലകൃഷ്ണന്റെ ആത്മഹത്യാ കുറിപ്പ്!
വളരെ ഗൗരവത്തോടെ ഉള്ള ഒരു emoticonഉം അയാൾ വരച്ച് വച്ചിട്ടുണ്ടായിരുന്നു.
ഇതായിരുന്നു ആ കുറിപ്പ് :
“ഞാൻ ഉറപ്പായും ഒരു നിഷ്പക്ഷമതിയാണ്.
പക്ഷെ അത് സ്ഥാപിക്കാൻ ഇനി ജീവിച്ചുകൊണ്ട് എനിക്കാവില്ല…
ഞാൻ മരിക്കുന്നതിന്റെ കാരണങ്ങൾ പലതാണ്.
സത്യം എവിടാണെന്ന് എനിക്ക് തോന്നിയോ അവിടെ ഞാൻ നിലകൊണ്ടു.
പക്ഷങ്ങൾ ചേരാതെ. മുഖം നോക്കാതെ.
പക്ഷെ എനിക്ക് കിട്ടിയതെന്താണ്…?
തീവ്രഹിന്ദുത്വത്തെ ഞാൻ എതിർത്തപ്പോൾ
നിങ്ങൾ എനിക്ക് “സുഡാപ്പീ” എന്ന് ഇരട്ടപ്പേരിട്ടു.
മുസ്ലിം തീവ്രവാദത്തിനെതിരെ ഞാൻ ശബ്ദമുയർത്തിയപ്പോൾ
നിങ്ങൾ എനിക്ക് “സംഘീ” എന്ന് ഇരട്ടപ്പേരിട്ടു.
കമ്മ്യൂണിസത്തിന്റെ പേരിൽ കാണിച്ചുകൂട്ടുന്ന
പൊല്ലാപ്പുകൾ ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ
നിങ്ങൾ എന്നെ “കാവി സുഡാപ്പീ” എന്നും “പച്ച സംഘീ” എന്നും നീട്ടിവിളിച്ചു…
കമ്മ്യൂണിസ്റ്റുകാരിലെ നന്മയെ ശ്ലാഘിച്ചപ്പോൾ
നിങ്ങൾ എന്നെ “കമ്മിക്കുട്ടാ” എന്ന് വിളിച്ചു…
അബ്ദുൾ വഹാബിന്റെ സിനിമ കൊള്ളില്ലാ എന്ന് പറഞ്ഞപ്പോൾ
നിങ്ങൾ എന്നെ “മിഥുൻകമലുണ്ണി…” എന്ന് വിളിച്ചു കളിയാക്കി…
മിഥുൻകമലിനെ ഞാൻ വിമർശിച്ചപ്പോൾ
നിങ്ങൾ എന്നെ “ഇക്കാ കാലുനക്കി” എന്ന് വിളിച്ചു…
പ്രധാനമന്ത്രി ചെയ്ത ഒരു നല്ല കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ
നിങ്ങൾ എനിക്ക് ‘മോദിസ്റ്റ്” എന്ന ഇരട്ടപ്പേര് തന്നു.
അങ്ങേരെ ഞാൻ വിമർശിച്ചപ്പോഴൊക്കെ
നിങ്ങൾക്ക് ഞാൻ “ദേശദ്രോഹി” ആയി.
വിഷലിപ്തമായ ഈ ഭൂമിയിൽ, എന്ന് വച്ചാൽ FBയിൽ, ജീവിച്ചു മതിയായി.
ഞാൻ പോകുന്നു.

shortlink

Related Articles

Post Your Comments


Back to top button