NEWSNostalgia

നിങ്ങളെപോലെ ഇത്രയും അഹങ്കാരിയായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല തന്നോട് ഒരു പ്രമുഖ സംവിധായകന്‍ ഇങ്ങനെ പറഞ്ഞിരുന്നു; ഭാഗ്യലക്ഷ്മി

മലയാള സിനിമയില്‍ ഡബ്ബിംഗ് മേഖലയില്‍ വര്‍ഷങ്ങളായി സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ഭാഗ്യലക്ഷ്മി തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില നല്ല അനുഭവങ്ങള്‍ പങ്കിടുകയാണ്.

മലയാളത്തിന്റെ പ്രിയസംവിധായകന്‍ പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രം ഡബ്ബിംഗ് പുരോഗമിക്കുന്ന സമയം. നടി കാര്‍ത്തികയ്ക്ക് വേണ്ടിയാണ് ഭാഗ്യലക്ഷ്മി ശബ്ദം നല്‍കുന്നത്. സ്റ്റുഡിയോയില്‍ ഡബ്ബിംഗ് പുരോഗമിക്കുകയാണ്. സമയം 1 മണി കഴിഞ്ഞിട്ടും ഡബ്ബിംഗ് വര്‍ക്ക്‌ തുടരാന്‍ ചിത്രത്തിന്‍റെ സംവിധായകന്‍ പത്മരാജന്‍ ആവശ്യപ്പെടുകയായിരുന്നു. വിശന്നു വലഞ്ഞ ഭാഗ്യലക്ഷ്മി ആകെ തളര്‍ന്നിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും പത്മരാജന്‍ ലഞ്ച് ബ്രേക്ക്‌ അനുവദിച്ചില്ല. അത്രത്തോളമായിരുന്നു പത്മരാജന് തന്റെ സിനിമകളോടുള്ള ആത്മാര്‍ത്ഥത. വിശപ്പ്‌ സഹിച്ചിരുന്ന ഭാഗ്യലക്ഷ്മി ഒടുവില്‍ സ്റ്റുഡിയോയില്‍ നിന്നിറങ്ങി ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങി. പക്ഷേ അടുത്ത ദിവസം ഡബ്ബ് ചെയ്യാനായി ഭാഗ്യലക്ഷ്മി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ പത്മരാജന്‍ ഭാഗ്യലക്ഷ്മിയോട് ഇന്നലെ പറയാതെ പോയതിന്റെ കാരണത്തെക്കുറിച്ചോ ഒന്നും അന്വേഷിച്ചില്ല. ഒടുവില്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി കഴിഞ്ഞ് പത്മരാജന്‍ ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. “തന്നെപ്പോലെ ഇത്രയും അഹങ്കാരിയായ ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇനിയൊരു സിനിമയിലും തന്നെ ഞാന്‍ വിളിക്കുമെന്ന് കരുതണ്ട”.
“സാര്‍ എനിക്ക് അത്രത്തോളം വിശന്നത് കൊണ്ടാണ് ഞാന്‍ മടങ്ങി പോയത്. സാര്‍ ആണെങ്കില്‍ ഇടവേള പറഞ്ഞതുമില്ല. ചെയ്തത് ഒരു വലിയ തെറ്റായി തോന്നുന്നില്ല” ഭാഗ്യലക്ഷ്മി പത്മരാജന് മറുപടി നല്‍കി.
എന്നാല്‍ തന്റെ അടുത്ത ചിത്രത്തിലും പത്മരാജന്‍ ഒരു പിണക്കവും കൂടാതെ വീണ്ടും ഭാഗ്യലക്ഷ്മിയെ ഡബ്ബ് ചെയ്യാന്‍ വിളിച്ചു. പക്ഷേ ഭാഗ്യലക്ഷ്മി വരാന്‍ തയ്യാറായില്ല. ഒടുവില്‍ പത്മരാജന്‍ ഭാഗ്യലക്ഷ്മിയുടെ വീട്ടില്‍ച്ചെന്നു. “താനിത്ര സില്ലി ആയാല്‍ എങ്ങനെയാണെടോ, തന്നെകണ്ടാല്‍ ഒരു നിഷേധ ഭാവമുള്ള കുട്ടിയായി തോന്നുമെങ്കിലും താന്‍ സത്യത്തില്‍ വളരെ പാവമാണ്”. പത്മരാജന്‍ സാറിന്റെ മനസ്സിന്റെ വലുപ്പം അത്രത്തോളമാണ് . എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവമാണ് ഇതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. കടുത്ത പനിമൂലം സാറിന്റെ അവസാനചിത്രമായ ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ചിത്രത്തില്‍ തനിക്ക് ഡബ്ബ് ചെയ്യാന്‍ സാധിച്ചില്ലായെന്നും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button