NEWSNostalgia

നെടുമുടി വേണുവിന്റെ അഭിനയം കണ്ട് കമൽഹാസനും, ശങ്കറും അത്ഭുതപ്പെട്ടു ?

കമൽഹാസനും, നെടുമുടി വേണുവും തമ്മിൽ കാലങ്ങളായി സൗഹൃദമുണ്ടായിരുന്നെങ്കിലും, ഇന്ത്യൻ സിനിമാ സംവിധായക നിരയിലെ ഷോമാനായ ഷങ്കറിന്റെ സംവിധാനത്തിൽ 1996’ൽ റിലീസായ “ഇന്ത്യൻ” എന്ന ചിത്രം മുതലാണ് അത് ദൃഢമായത്. “ഇന്ത്യൻ” എന്ന പ്രോജക്റ്റ് പ്ലാൻ ചെയ്യുന്നതിനും കുറേ മുൻപ് ഒരിക്കൽ തമ്മിൽ കണ്ടുമുട്ടിയപ്പോൾ കമൽഹാസൻ നെടുമുടി വേണുവിനോട് പറഞ്ഞിരുന്നു, “ഇനി നിങ്ങൾക്ക് മലയാളത്തിൽ തെളിയിക്കാൻ ഒന്നുമില്ല. തമിഴിലോട്ട് വരൂ, അവിടുള്ളവർക്ക് നിങ്ങൾ ഒരു അതുഭുതമായിരിക്കും, ഉറപ്പ്”. ഇതിനെത്തുടർന്ന് അവർ തമ്മിലുണ്ടായ നിരന്തരമായ ആശയവിനിമയങ്ങളിലൂടെയാണ്, സി.ബി.ഐ ഓഫീസർ കൃഷ്ണസ്വാമിയായി നെടുമുടി വേണു ഇന്ത്യനിൽ എത്തുന്നത്.

ഷങ്കറും ടീമും ഏറെ സന്തോഷത്തോടെയാണ് നെടുമുടി വേണുവിനെ സെറ്റിൽ വരവേറ്റത്. നെടുമുടി വേണുവിന്റെ ഓരോ ഷോട്ട് കഴിയുമ്പോഴും ഷങ്കർ മറ്റുള്ളവരെ വിളിച്ച്, “ഇത് കാണൂ, യഥാർത്ഥ അഭിനയം എന്താണെന്ന് കണ്ടു പഠിക്കൂ” എന്ന് പറയുന്നത് അവിടെ പതിവായി മാറി. ഇത്തരത്തിൽ അഭിനന്ദനങ്ങൾ തുടരുന്നതിനിടെ, ചിത്രത്തിലെ മർമ്മപ്രധാനമായ രംഗം ചിത്രീകരിക്കുന്ന ദിവസം വന്നു. കമൽഹാസൻ, നെടുമുടി വേണു എന്നിവർ ഉൾപ്പെടുന്നതായിരുന്നു അത്. അറസ്റ്റ് ചെയ്ത ബന്ധനത്തിലായ സേനാപതി (കമൽഹാസൻ), സി.ബി.ഐ ഓഫീസർ കൃഷ്ണസ്വാമിയോട് ഹസ്തദാനം ആവശ്യപ്പെടുന്നതാണ് രംഗം. കളരി – മർമ്മ കലയിൽ ഏറ്റവും സമർത്ഥനായ സേനാപതിയ്ക്ക് കൈ കൊടുത്താൽ, അതിലൂടെ അയാൾ തന്നെ കീഴ്പെടുത്തുകയോ, മാരകമായി അപായപ്പെടുത്തുകയോ ചെയ്യാം എന്ന് മനസ്സിലാക്കുന്ന കൃഷ്ണസ്വാമി അവിടെ “അത് വേണ്ട. നിങ്ങൾക്ക് മർമ്മ കല അറിയാം. പിന്നെ എന്റെ കാര്യം കുഴപ്പത്തിലാവും” എന്ന് തമിഴിൽ പറയുന്നതാണ് രംഗം. രണ്ടു മൂന്ന് വട്ടം റിഹേഴ്‌സൽ ഒക്കെ കഴിഞ്ഞ് ടേക്കിന് പോകാൻ സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ നെടുമുടി വേണു അത് തടഞ്ഞു, ഒപ്പം സീനിൽ ചെറിയൊരു മാറ്റം വേണമെന്ന് പറയുകയും ചെയ്തു.

ആ സീനിൽ ഈ പറഞ്ഞ സംഭാഷണത്തിന് പകരം, അത് പൂർണ്ണമായും ആശയവിനിമയം നടക്കത്തക്ക വിധത്തിൽ മുഖം കൊണ്ട് ആംഗ്യം കാണിക്കാം, അതാണ് ഏറ്റവും നല്ലത് എന്ന് നെടുമുടി വേണു അഭിപ്രായപ്പെട്ടു. സംഭാഷണത്തിലൂടെ പോലും വ്യക്തമായ ഇമ്പാക്റ്റ് സൃഷ്ടിക്കാൻ പ്രയാസമായ ആ രംഗം, ഈ പറഞ്ഞ ആംഗ്യഭാഷയിലൂടെ എങ്ങനെ ഭംഗിയാക്കും എന്ന് കമൽഹാസൻ, ഷങ്കർ എന്നിവർ ഉൾപ്പെടെ സെറ്റിലുള്ള പലരും ആശ്ചര്യം പ്രകടിപ്പിച്ചു. “അത് വേണോ സാർ” എന്ന് ഷങ്കർ തുറന്ന് ചോദിക്കുകയും ചെയ്തു. “നിങ്ങൾ ടേക്കിന് പൊയ്ക്കോളൂ. ബാക്കി ഞാൻ റെഡിയാക്കാം” എന്ന് നെടുമുടി വേണു മറുപടി പറഞ്ഞു. സീൻ സ്റ്റാർട്ടായി. കമൽഹാസൻ നെടുമുടിവേണുവിനോട് ഹസ്തദാനം ആവശ്യപ്പെടുന്നു. വലതു കൈ നീട്ടിയ ശേഷം, പെട്ടെന്ന് അത് പിൻവലിച്ച്, “ഇല്ല. ഇത് അപകടമാണ്. എനിക്കത് അറിയാം” എന്ന അർത്ഥം വരുന്ന ഗംഭീരമായൊരു നിശബ്ദഭാവം നെടുമുടി വേണുവിന്റെ മുഖത്ത് വിടർന്നു! സീനിൽ പൂർണ്ണതൃപ്തനായ സംവിധായകൻ കട്ട് പറഞ്ഞു. പിന്നീട് ആ സെറ്റ് സാക്ഷ്യം വഹിച്ചത് ഏറെ നേരം നീണ്ടു നിന്ന കരഘോഷത്തിനായിരുന്നു. കമൽഹാസൻ എഴുന്നേറ്റ് നെടുമുടി വേണുവിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഷങ്കർ തൊഴുതു നിന്നു.

“ഇന്ത്യൻ” ഷൂട്ടിങ് തീർന്ന ദിവസം അണിയറപ്രവർത്തകർ മൊത്തം ചേർന്ന് ഏറെ സ്നേഹാദരവുകളോടെയാണ് നെടുമുടി വേണുവിനെ യാത്രയാക്കിയത്.

(അടുത്തിടെ ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ നെടുമുടി വേണു പറഞ്ഞതാണ് ഈ “ഇന്ത്യൻ” കഥ)

shortlink

Related Articles

Post Your Comments


Back to top button