CinemaGeneralNEWSTollywood

ജയറാമിനെക്കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; രാജസേനന്‍

മലയാളത്തിലെ പ്രിയ നടന്‍ ജയറാമിനെക്കുറിച്ചു താന്‍ പറഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് സംവിധായകന്‍ രാജസേനന്‍. നിരവധി സിനിമകളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ച രാജസേനനും ജയറാമും ഇപ്പോള്‍ ശത്രുതയിലാണെന്നും രാജസേനന്‍ സിനിമകളില്‍ ജയറാം അനാവശ്യമായി ഇടപ്പെട്ടതുമൂലം അവര്‍ തമ്മില്‍ അകന്നുവെന്നും ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണ്. താന്‍ ജയറാമിനെക്കുറിച്ചു അങ്ങനെ പറഞ്ഞിട്ടില്ലായെന്നും രാജസേനന്‍ പ്രതികരിക്കുന്നു. തന്‍റെ ഫേസ് ബുക്ക്  പോസ്റ്റിലൂടെയാണ് സംവിധായകന്‍ ഇത് വ്യക്തമാക്കിയത്.

രണ്ടു ദിവസമായി തന്റെ പേരില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് ഫെയ്സ്ബുക്കില്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നതെന്നും രാജസേനന്‍ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട സുഹൃത്തുകളെ,

ഒരു പ്രത്യേക കാര്യം അറിയിക്കാനാണ് ഈ പോസ്റ്റ് …….എന്റെ 37 സിനിമകളില്‍ 16 സിനിമകളിലും ജയറാമാണ് അഭിനയിച്ചിട്ടുള്ളത് , അത് എല്ലാപേര്‍ക്കും അറിയാവുന്ന കാര്യമാണ് .16 സിനിമകളില്‍ ഏകദേശം 14 എണ്ണവും ഗംഭീര വിജയവും 2 എണ്ണം ആവറേജ് ആയിട്ടു പോയ സിനിമകളുമാണ് .

ആ സമയത്തുതന്നെ ഈ ബന്ധം ഇല്ലാതാക്കാനുള്ള ചില കുതന്ത്രങ്ങളൂം ചില പൊടികൈകളും പലരും പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ വലിയ കുഴപ്പമില്ലാതെയങ്ങു പോയി .ചെറിയ ചെറിയ ഗ്യാപ്പുകളില്‍ ചില കുത്തിത്തിരിക്കലും ചില ന്യൂസ് ഏജന്റുകള്‍ എന്ന് പറയുന്നവരുടെയൊക്കെ ചില ഇടപെടലുകള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുകയൂം അതിന്റെ പേരില്‍ ഇടക്ക് കുറച്ചു മാനസികമായി അകന്നിരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് ..പിന്നെ സുരേഷ് ഗോപിയുടെ ഇടപെടലിലാണ് മധുചന്ദ്രലേഖ എന്ന സിനിമ ഉണ്ടായതു.

അന്ന് ഷൂട്ടിംഗ് കഴിഞ്ഞു പിരിഞ്ഞു ഇറങ്ങിയപ്പോള്‍ നമ്മള്‍ തീരുമാനം എടുത്തതാണ് ആരെന്തു പറഞ്ഞു പരത്തിയാലും നമ്മള്‍ തമ്മില്‍ തെറ്റില്ല എന്നൊക്കെ. പക്ഷെ കനകസിംഹാസനം എന്ന സിനിമ ആയപ്പോഴേക്കും വീണ്ടും എന്തെക്കെയോ പ്രശ്നങ്ങള്‍ ഉണ്ടാവുകയും എന്തോ തെറ്റിദ്ധാരണകള്‍ …സത്യസന്ധമായി പറയുകയാണെങ്കില്‍ ജയറാമും ഞാനും തമ്മില്‍ മുഖത്ത് നോക്കി ഒരു വാക്കും തെറ്റായി പറഞ്ഞിട്ടില്ല.

ഞങ്ങള്‍ പരസ്പരം ഈ പതിനാറു സിനിമകളിലും ജയറാം എത്ര രൂപ പ്രതിഫലം വാങ്ങി ഞാന്‍ എത്ര രൂപ വാങ്ങി അതുപോലും പരസ്പരം ചര്‍ച്ച ചെയ്തിട്ടില്ല എന്നുള്ളതാണ്. രണ്ടു ആണ്‍ സുഹൃത്തുക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാവുന്ന ഒരുപാടു മേഖലകളുണ്ട് നല്ലതും ചീത്തയായിട്ടുള്ളതും അങ്ങനെ ചീത്തയായിട്ടുള്ള എന്തെങ്കിലും കാര്യം നമ്മള്‍ തമ്മില്‍ ചര്‍ച്ച ചെയറില്ലായിരുന്നു, ഒരു ജേഷ്ടാനുജന്‍ ബന്ധം തന്നെയായിരുന്നു.
ഒരിക്കല്‍ പോലും നീ എന്നൊരു വാക്കുപോലും ഞാന്‍ ജയറാമിനെ ഉപയോഗിച്ചിട്ടില്ല. ജയറാം എന്നെ സേനന്‍ അല്ലെങ്കില്‍ സാമി ഞാനും തിരികെ സാമി അല്ലെങ്കില്‍ ജയറാം എന്ന് വിളിക്കുന്നതല്ലാതെ ..’ജയറാം ഇങ്ങോട്ടു വാടോ എന്നുപോലും പറഞ്ഞിട്ടില്ല , സിനിമകകത്തു സാധാരണ വാടോ പോടോ എന്ന് വിളിക്കുന്ന റിലേഷന്‍സ് ധാരാളമുണ്ട്, പക്ഷ അതുപോലും ഉപയോഗിക്കാത്ത അത്രയും ജനുവിന്‍ റിലേഷന്‍ ആയിരുന്നു.

രണ്ടു ദിവസമായി ഞാന്‍ എന്തക്കയോ പറഞ്ഞു എന്നും പറഞ്ഞു പോസ്റ്റുകള്‍ വരുന്നുണ്ട്, അങ്ങനെ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല അതൊന്നും എന്റെ വാക്കുകളുമല്ല, ഞാന്‍ ഇനി ജയറാമിന് എതിരായിട്ട് അങ്ങിനത്തെ വാക്കുകള്‍ ഉപയോഗിക്കാന്‍ തയ്യാറുമല്ല അതെന്റെ ജോലിയുമല്ല …..

സിനിമ എന്ന് പറയുന്നത് എന്റെ പ്രാണവായുവാണ്, സിനിമ ചെയ്യാന്‍ വേണ്ടി തീവ്രമായിട്ടു ശ്രമിക്കും . ഇപ്പോള്‍ ഒരു നിശ്ശബ്ദതയുണ്ട് ആ നിശബ്ദത ഒരു കൊടുംകാറ്റായി മാറ്റാന്‍ തീര്‍ച്ചയായും ശ്രമിക്കും, ദൈവം എന്നെ അതിന് അനുവദിക്കും അല്ലെങ്കില്‍ സഹായിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്, അതൊരു ജയറാം പടമാണോ അതോ വേറെ പടവുമായിട്ടാണോ അതൊന്നും എനിക്കറിയില്ല. അല്ലാതെ ഇനി ജയറാമിനെ കുറിച്ച്‌ എന്തെങ്കിലും പറയാനോ ഇപ്പോള്‍ പറഞ്ഞ വാക്ക് എന്റേതാണെന്നു അവകാശപ്പെടാനോ എനിക്ക് കഴിയില്ല. ഇതൊന്നും എന്റെ വാക്കുകള്‍ അല്ല. ഇതു ഇത്രയും പറയാന്‍ വേണ്ടിയാണു ഈ പോസ്റ്റ് . പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ എന്റെ മാനസികാവസ്ഥ മനസിലാക്കണം.

shortlink

Related Articles

Post Your Comments


Back to top button