CinemaGeneralNEWS

കാറിത്തുപ്പലും മുഖമടച്ചുള്ള അടിയും മുതൽ ജീവിതാവസാനത്തോളമെത്തുന്ന തടവുവരെ നല്‍കി ഓരോ അമ്മ മനസ്സിലും അവര്‍ ശിക്ഷിക്കപ്പെടുന്നു; മഞ്ജു വാര്യര്‍

ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മഞ്ജു വാര്യര്‍. ഈ സമൂഹത്തില്‍ സ്ത്രീ സുരക്ഷ എത്രത്തോളമുണ്ട്? വനിതാ ദിനത്തില്‍ മാത്രം അംഗീകരിക്കുകയും ഓര്‍ക്കുകയും ചെയ്യേണ്ടതു മാത്രമാണോ സ്ത്രീ… ഇങ്ങനെ പലവിധ ആകുലതകള്‍ പങ്കുവയ്ക്കുന്ന മഞ്ജു വാര്യരുടെ ഫേസ് ബുക്ക്‌ പോസ്റ്റ് ചര്‍ച്ചയാകുന്നു.

മഞ്ജു വാര്യരുടെ ഫേസ് ബുക്ക്‌ പോസ്റ്റ്

ചില വിഷയങ്ങളെക്കുറിച്ച് എഴുതേണ്ടിവരുമ്പോൾ വിരലുകളും വാക്കുകളും വിറയ്ക്കാറുണ്ട്. ഇപ്പോൾ അത് അനുഭവിക്കുന്നു. ഇന്നത്തെദിവസത്തെക്കുറിച്ച് പറയുന്നില്ല. ഒറ്റദിവസംമാത്രം ഓർമിക്കപ്പെടേണ്ടവളല്ലല്ലോ സ്ത്രീ. പക്ഷേ ഇന്ന് വായിച്ചതും കേട്ടതുമായ വാർത്തകൾ സ്ത്രീകൾക്ക് മുന്നിൽ ഇനിയുള്ള പ്രഭാതങ്ങൾ ഒട്ടും പ്രകാശംനിറഞ്ഞതാകില്ല എന്നു പറഞ്ഞുതരുന്നു.

പ്രിയപ്പെട്ട ഒരു നടിക്കുണ്ടായ മുറിവിന്റെ വേദന നമ്മുടെയൊക്കെ മനസ്സിൽനിന്ന് മായുംമുമ്പ് എത്രയെത്ര നിലവിളികൾ. അത് ബാല്യംവിട്ടുപോകാത്ത പെൺകുഞ്ഞുങ്ങളുടേതാണ് എന്നത് ഒരേസമയം ഭയപ്പെടുത്തുകയും കുത്തിനോവിക്കുകയും ചെയ്യുന്നു. മട്ടന്നൂരിലും,തിരുവനന്തപുരത്തും,വയനാട്ടിലും,പാലക്കാടും ഏറ്റവും ഒടുവിൽ ആലുവയിലും അതിക്രൂരമായി അപമാനിക്കപ്പെട്ടത് ഇനിയും ചിത്രശലഭങ്ങൾക്കുപിന്നാലെ ഓടിത്തീരാത്തവരായിരുന്നു. എന്തൊരു കാലമാണിത്!! എങ്ങോട്ടാണ് ഈ കറുത്തയാത്ര?? ഇതുചെയ്തവരെ മനുഷ്യർ എന്നോ മൃഗങ്ങളെന്നോ വിളിക്കരുത്. അവർ ഒരുവിളിപ്പേരും അർഹിക്കുന്നില്ല. നിയമം നാളെ എന്തുചെയ്യമെന്ന് ഏകദേശം ഊഹിക്കാം. അനുഭവങ്ങൾ അങ്ങനെയാണല്ലോ. എങ്കിലും ലക്ഷക്കണക്കായ മനസ്സുകളിൽ അവർ ശിക്ഷിക്കപ്പെടുന്നുണ്ട് ഓരോ നിമിഷവും. കാറിത്തുപ്പലും മുഖമടച്ചുള്ള അടിയും മുതൽ ജീവിതാവസാനത്തോളമെത്തുന്ന തടവുവരെയുണ്ടാകും അതിൽ. ഇനിയും മനുഷ്യത്വം നശിച്ചിട്ടില്ലാത്തവരുടെ ഹൃദയങ്ങളിലെ പ്രതിക്കൂടുകളിൽ അങ്ങനെ തീരട്ടെ ആ ജന്മങ്ങൾ.

ഇതിനേക്കാളൊക്കെ ഭയപ്പെടുത്തുന്നത് മറ്റൊന്നാണ്. ഏതുനിമിഷവും പെൺകുഞ്ഞുങ്ങൾ പരുന്തുകളാൽ റാഞ്ചപ്പെടാമെന്ന അവസ്ഥ നിലനിൽക്കെ നമ്മുടെനാട്ടിൽ ഒരാൾക്ക് സധൈര്യം പ്രഖ്യാപിക്കാനാകുന്നു: ‘എനിക്ക് അഞ്ചാംക്ലാസ്സുകാരിയോട് കാമംതോന്നുന്നുവെന്ന്, മിഠായി നൽകി അവളുടെ പ്രേമം അനുഭവിക്കാനാകുന്നുവെന്ന്.’ ഇതിനെ സ്വാതന്ത്ര്യം എന്നുവിളിക്കാമെങ്കിൽ ആ സ്വാതന്ത്ര്യം ഈ രാജ്യത്ത് അനുവദിക്കരുത് എന്നാണ് പറയുവാനുള്ളത്. അയാൾക്കുചുറ്റുമുള്ള സംരക്ഷണവലയം അതിനേക്കാൾ നീചമായ കാഴ്ച. അവനെ എനിക്കറിയാം എന്നുപറഞ്ഞുകൊണ്ടുള്ള ഐക്യദാർഢ്യപ്രകടനങ്ങൾ, പിഡോഫീലിയായുടെ താത്വികമായഅവലോകനങ്ങൾ, ലൈംഗികാവകാശത്തെക്കുറിച്ചുള്ള ചൂടുള്ളചർച്ചകൾ…എല്ലാംകണ്ടുനിൽക്കെ
ഒരിക്കൽക്കൂടി ചോദിച്ചുപോകുന്നു: എന്തൊരു കാലമാണിത്!

മറ്റൊന്നുകൂടി: ഒരു അഞ്ചാംക്ലാസുകാരിയെ മധുരംകൊടുത്ത് മയക്കിയശേഷം മുഖംപൊത്തിപ്പിടിച്ചുകൊണ്ട് നിങ്ങൾ എന്ത് അവകാശത്തെപ്പറ്റിയാണ് സംസാരിക്കുന്നത്? ഒന്നുമറിയാതെ നിങ്ങൾകൊടുത്ത മിഠായിനുണയുമ്പോൾ അവളെപ്പോലുള്ള അനേകായിരം പെൺകുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നതെന്താണ്? മൊട്ടിനെ കെവെള്ളയിലിട്ട് ഞെരിച്ചശേഷം പൂക്കളെക്കുറിച്ച് സംസാരിക്കരുത്…. #Womensafety #Childsafety

shortlink

Related Articles

Post Your Comments


Back to top button