CinemaGeneralLatest NewsMollywoodNEWSWOODs

അങ്ങേയറ്റം ഫ്ലെക്സിബിൾ എന്ന് വാഴ്ത്തിയ മോഹൻലാലിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു: വിമർശിച്ച് എഴുത്തുകാരൻ

അതെല്ലാം സിനിമാക്കോടതിരംഗങ്ങൾ തന്നെ

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം നേര് ബോക്സോഫീസിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. മികച്ച സിനിമ എന്ന വിശേഷണവുമായി തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രം അത്ര മികച്ചതല്ല എന്നാണ് എഴുത്തുകാരനായ അഷ്ടമൂർത്തി പറയുന്നത്.

കുറിപ്പ് വായിക്കാം

നേരു പറഞ്ഞാൽ അതത്ര മികച്ച സിനിമയൊന്നുമല്ല, ആകപ്പാടെ ഒരു കൃത്രിമത്വമുണ്ട്. ബലാൽസംഗത്തിനു വിധേയയാകുന്ന പെൺകുട്ടി അവന്റെ മുഖത്തു തപ്പിനോക്കി പ്രതിയുടെ രൂപം ഗണിച്ചെടുക്കുന്നതും പിന്നീട് അത് പ്രതിമയാക്കുന്നതും മുതൽ തുടങ്ങുന്നു അത്. വക്കീൽപ്പണി ഉപേക്ഷിച്ച നായകനെ നിർബ്ബന്ധപൂർവം പി പിയാക്കുന്നത് പോട്ടെ എന്നു വെയ്ക്കാം. പക്ഷേ തികച്ചും അപരിചിതയായ ഒരുവളെ ആ വീട്ടിൽ ഒരു നിശ്ചിതസമയത്ത് മറ്റാരുമുണ്ടാവില്ല എന്ന് യാദൃച്ഛികമായി അറിവു കിട്ടി ബലാൽസംഗത്തിന് എത്തുന്നത് വല്ലാതെ കൃത്രിമമായി. ഗുണ്ടകളെ കൂട്ടി വന്ന് അവരേക്കൊണ്ട് അച്ഛനമ്മമാരുടെ വായ പൊത്തിപ്പിടിപ്പിച്ച് (കൈകളൊന്നും പിന്നിലേയ്ക്കു പിടിച്ചു കെട്ടാതിരുന്നിട്ടും ഗുണ്ടകളുടെ കൈകളിൽ നിന്നു കുതറി മാറാൻ എന്തുകൊണ്ടാണാവോ അവർ ശ്രമിക്കാതിരുന്നത്!) പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നതൊക്കെ ഇപ്പോഴും സിനിമയിൽ ഉണ്ടല്ലോ എന്ന് അത്ഭുതപ്പെട്ടു പോയി.

കോടതി രംഗങ്ങൾ വിശേഷമാണെന്ന് പറഞ്ഞു കേട്ടുവെങ്കിലും അതെല്ലാം സിനിമാക്കോടതിരംഗങ്ങൾ തന്നെ! പിന്നെ ടിവി സ്ക്രീൻ വാർത്തകളും മൈക്ക് കയ്യിൽപ്പിടിച്ച് പരക്കംപായുന്ന മാ. പ്രവർത്തകരുമില്ലാത്ത ഒരു സിനിമ ഇപ്പോൾ മലയാളത്തിൽ പതിവില്ലല്ലോ!

മോഹൻലാൽ ഉടനീളം അൺകംഫർട്ടബ്ൾ ആയിരുന്നു. അങ്ങേയറ്റം ഫ്ലെക്സിബിൾ എന്നു നമ്മൾ വാഴ്ത്തിയ നടനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നും. ഒപ്പമുള്ള സിദ്ദിക്കിന്റെ പ്രകടനവുമായി ആരെങ്കിലും ആ മഹാനടനെ താരതമ്യപ്പെടുത്തിപ്പോയാൽ അതിൽ അസാംഗത്യമൊന്നുമില്ല.

പി പി ക്ക് സഹായിയായി വരുന്ന ജൂനിയർ എത്രമാത്രം അൺഇന്റലിജന്റാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ നടിയുടെ ഭാവഹാവാദികൾ. അതുകൊണ്ടു തന്നെ ആ വക്കീലിൽ നിന്ന് ഒരിടപെടലും പ്രതീക്ഷിച്ചതുമില്ല. തിരക്കഥയെഴുത്തുകാരിയാവട്ടെ ആകെ പരിഭ്രമിച്ചുവശായതു പോലെയായിരുന്നു തിരശ്ശീലയിൽ ഓടിനടന്നത്.

ആശ്വാസം തോന്നിയത് മാത്യു വർഗീസിന്റെ ജഡ്ജിയുടെ അഭിനയം കണ്ടപ്പോഴാണ്. അനശ്വര രാജനെ അത്ഭുതത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും സൂപ്പർ ശരണ്യയിൽ നിന്നുമൊക്കെ ആ നടി എത്രമാത്രം വളർന്നുപോയി! അവസാനം “ഒരു ജിത്തു ജോസഫ് ഫിലിം” എന്ന് എഴുതിക്കാണിക്കുന്നുണ്ട്. അതെ; അതാണ് ആകെയുള്ള നേര്.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button