CinemaGeneralNEWS

തനിക്ക് നേരെ നടന്നത് ആസൂത്രിതമായ ഒരു പദ്ധതി; സംഭവത്തെക്കുറിച്ച് അസീസ്‌ നെടുമങ്ങാട്‌ വെളിപ്പെടുത്തുന്നു

 

കഴിഞ്ഞ ദിവസം പരിപാടി വൈകിയെന്ന പേരില്‍ കലാകാരനോട്‌ സംഘാടകര്‍ കാട്ടിയ ക്രൂരത ആസൂത്രിതമായ ഒരു പദ്ധതിയോ.  സിനിമ സീരിയല്‍ താരം അസീസ്‌ നെടുമങ്ങാട്‌ മിമിക്രി അവതരിപ്പിക്കാൻ വൈകിയെത്തിയതിന്റെ പേരിൽ സംഘാടകർ മർദിച്ച് കർണപുടം പൊട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ആസീസ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരെ നടന്നത് ആസൂത്രിതമായ ഒരു പദ്ധതിയാണെന്ന് ആരോപിക്കുന്നു.

“ഞാനിപ്പോൾ അമ്പലമുക്ക് ഇഎൻടി ഹോസ്പ്പിറ്റലിലാണ് ചികിത്സയിലാണ്. ആറുമാസത്തോളം വിശ്രമമാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇക്കാലം ജോലിയില്ലാതെ ഇരിക്കുക എന്നുപറഞ്ഞാൽ വലിയ ബുദ്ധിമുട്ടാണ്. അവർക്ക് പണം തരാൻ ബുദ്ധിമുട്ടാണെങ്കിൽ അത് പറഞ്ഞാൽ മതിയായിരുന്നു. ഇങ്ങനെ ദേഹോപദ്രവം ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നില്ല. തെരുവുനായ്ക്കളെ സംരക്ഷിക്കണം എന്ന് പറയുന്ന ആളുകൾ തന്നെയാണ് അവയേക്കാൾ മോശമായി മനുഷ്യനെ ഇങ്ങനെ ഉപദ്രവിക്കുന്നത്.” അസീസിന്റെ വാക്കുകള്‍ ഇങ്ങനെ.

ശനിയാഴ്ച രാത്രി 11നാണ് സംഭവം. വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു ടീം ഓഫ് ട്രിവാൻഡ്രം എന്ന ട്രൂപ്പിനൊപ്പം പരിപാടി അവതരിപ്പിക്കാൻ എത്തിയ അസീസിനാണ് ഇത്തരം ദാരുണമായ അനുഭവം ഉണ്ടായത്. ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് എയർപോർട്ടിൽ നിന്ന് നേരെ പരിപാടിയിൽ പങ്കെടുക്കാൻ വെള്ളറടയിൽ എത്തുകയായിരുന്നു താൻ. വിമാനം വൈകിയതിനാല്‍ ഒമ്പതരയ്ക്ക് തുടങ്ങേണ്ട പരിപാടി പത്തരയ്ക്കാണ് തുടങ്ങിയത്. പരിപാടിക്ക് വേണ്ടി താൻ ഡ്രസ്സ് ചെയ്യുന്ന സമയത്ത് സ്റ്റേജില്‍ മറ്റ് പ്രോഗ്രാം നടക്കുകയായിരുന്നു. ആ സമയം കമ്മറ്റിക്കാരായ കുറച്ചു ചെറുപ്പക്കാർ അസഭ്യം പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറിവന്നു.

’ നാല്പത്തിയയ്യായിരം മുടക്കി നിന്നെയൊക്ക ബുക്ക്‌ ചെയ്തത് വെയിറ്റ് ചെയ്യാനാണോടാ’ എന്ന് ചോദിച്ചുകൊണ്ട്‌ തന്നെ മർദിക്കുകയായിരുന്നുവെന്നും അമ്പലം കമ്മറ്റി പ്രസിഡന്റ് ബിബിൻ ആണ് മർദിക്കാൻ നേതൃത്വം നൽകിയതെന്നും അസീസ്‌ പറയുന്നു. അയാളെ എവിടെവച്ച് കണ്ടാലും താൻ തിരിച്ചറിയും. കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് അയാൾ തനിക്ക് നേരെ പ്രയോഗിച്ചത്. പിന്നെ കൈ കൊണ്ട് ഇടത്തെ ചെവിയടച്ച് തല്ലി. അടിയുടെ ശക്തിയിൽ കർണ്ണപുടം തകർന്നു പോയി. ചികിത്സിച്ച ഡോക്ടർമാർ പറയുന്നത് ഇടതു ചെവിയുടെ കേൾവി ശക്‌തി 70 ശതമാനത്തോളം നഷ്ടപ്പെട്ടു എന്നാണ് അസീസ്‌ പറയുന്നു.

മുൻവൈരാഗ്യം, രാഷ്ട്രീയ വൈരാഗ്യം അങ്ങനെയൊന്നുമില്ലാതെ തന്നെ മാത്രം ലക്‌ഷ്യം വച്ചാണ് അവര്‍ ആക്രമിച്ചത്. തൊട്ടുമുൻപത്തെ ദിവസം ഗാനമേളക്കാരോടും അവർ ഇത് പോലെ മോശമായിട്ടായിരുന്നു പെരുമാറിയതും. അവർക്ക് പറഞ്ഞതിൽ നിന്ന് 10000 രൂപ കുറച്ചാണ് പ്രതിഫലം നൽകിയത്. പന്ത്രണ്ടരയ്ക്ക് പരിപാടി തീർന്നെങ്കിലും പണം നൽകി പറഞ്ഞയച്ചത് പുലർച്ചെ നാലരയ്ക്കായിരുന്നു. ഇതവരുടെ സ്ഥിരം പരിപാടിയാണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും അസീസ്‌ പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button