GeneralLatest NewsMollywoodNEWSWOODs

പതിനാറാം വയസ്സു മുതൽ പക്കാ ക്രിമിനലാണ് പൾസർ സുനി ; സുനിയ്‌ക്കെതിരെ പ്രതിഭാഗത്തിന്റെ വാദം

നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി നാളെ വിധി പറഞ്ഞേക്കും.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടർന്ന വാദത്തിനൊടുവിൽ വിധി പറയുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി വച്ചു. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കിട്ടിയതിനാൽ ആ വിഷയത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് ഇനിയും ദിലീപിനെ കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമില്ല എന്നാണ് രാമന്‍പിള്ള കോടതിയെ അറിയിച്ചത്. പതിനാറാം വയസ്സിൽ കുട്ടികുറ്റവാളിയായി ജുവനൈൽ ഹോമിൽ കിടന്നിട്ടുള്ള ആളാണ് പൾസർ സുനി. പിടിച്ചു പറി, മാല മോഷണം തുടങ്ങി പള്‍സര്‍ സുനിയ്ക്കെതിരെ നിലവില്‍ 28 കേസുകളുണ്ടെന്നും, അത്തരത്തിലുള്ള ഒരു ക്രിമിനലായ അയാളെ ഉൾപ്പെടുത്തി ദിലീപിനെതിരെ കള്ളക്കേസ് ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും, സുനിയും തമ്മിൽ നേരത്തെ പരിചയമുള്ളതു കാരണം അവർ തമ്മിലുള്ള വ്യക്തിവിരോധമാണ് പ്രതിയെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും രാമന്‍ പിള്ള വാദിച്ചു.

ഒരേ മൊബൈൽ ടവറിനു കീഴിൽ രണ്ടു പേർ ഒരുമിച്ച് വന്നാൽ അതിന്റെ അർത്ഥം അവിടെ ഗൂഡാലോചന നടക്കുന്നു എന്നാണോ? മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ഒരു മൊബൈല്‍ ടവര്‍ വരുന്നത്. അതിന്‍റെ റേഞ്ചില്‍ വരുന്ന മൊബൈല്‍ നമ്പറുകളുടെ ഉടമകള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണോ ചെയ്യുന്നത്? അല്ലെങ്കിലും, സ്വന്തമായി കാരവാന്‍ ഉള്ള ദിലീപ് എന്തിനാണ് റോഡിലും മറ്റും വച്ച് ഗൂഡാലോചന നടത്തുന്നത്? മാത്രമല്ല, പോലീസ് കണ്ടെടുത്ത ദിലീപിന്‍റെ 9 ഫോണുകളിലും പള്‍സര്‍ സുനിയുടെ നമ്പരില്‍ നിന്നും കോള്‍ വന്നിട്ടില്ല. ഇതെല്ലാം തന്നെ ദിലീപിന് ഈ കൃത്യത്തില്‍ പങ്കില്ല, ഒരു ഗൂഡാലോചനയിലും അദ്ദേഹം ഭാഗമായിട്ടില്ല എന്നല്ലേ തെളിയിക്കുന്നത്? അഡ്വ രാമന്‍ പിള്ള കോടതിയില്‍ പറഞ്ഞു.

ഇവിടെയുള്ള ഒരു പരസ്യ ചിത്ര സംവിധായകനും, ഒരു തീയറ്റര്‍ ഉടമയും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ദിലീപിന്‍റെ അറസ്റ്റ് സംഭവിച്ചത്. മാത്രമല്ല സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പലരും ദിലീപിനെ കുടുക്കാനായി പദ്ധതിയിട്ടിരുന്നതിനാല്‍, ഒരു ക്രിമിനലായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നും പ്രതിഭാഗം വാദത്തില്‍ പറയുന്നു. ഇതിനിടെ ഭൂമി കയ്യേറ്റം, ഹവാല ഇടപാടുകള്‍ എന്നൊക്കെ പറഞ്ഞ് പല രീതിയിലുള്ള ഉപദ്രവങ്ങളും ദിലീപിനെതിരെ നടത്തി. എന്നാല്‍ അവയിലൊന്നും അപാകതകള്‍ ഇല്ല എന്നാണു പിന്നീട് തെളിഞ്ഞത്. ഈ ഒരു സാഹചര്യത്തില്‍ ഇനിയും ദിലീപിനെ ക്രൂശിക്കുന്നത് നീതിനിഷേധമാണെന്നും വാദം നടന്നു.

shortlink

Related Articles

Post Your Comments


Back to top button