CinemaGeneralLatest NewsMollywoodNEWSWOODs

മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ട, ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താകാന്‍ കൂട്ട് നിന്നത് മമ്മൂട്ടി ആണെന്ന ആരോപണം ഉന്നയിച്ച് ഗണേഷ് കുമാര്‍ രംഗത്ത് എത്തിയിരുന്നു. ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിനെ പ്രീണിപ്പിക്കാനാണെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍.

ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയുടേത് ശരിയായ നിലപാടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. ‘മമ്മൂട്ടി അമ്മ സംഘടനയുടെ സെക്രട്ടറിയാണ്. സംഘടനയിലെ ഒരു വ്യക്തിയെ പീഡിപ്പിച്ച ഒരാളെന്നു വിശ്വസിക്കുന്ന ഒരാളെ അവസാന ശ്വാസം വരെ സംരക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ അയാളെ അറസ്റ്റ് ചെയ്തപ്പോള്‍ പിന്നെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. അപ്പോഴാണ് അമ്മയുടെ എക്സിക്യൂട്ടിവ് യോഗം വിളിച്ചു ചേര്‍ത്ത് മമ്മൂട്ടി ആ തീരുമാനം എടുത്തത്’ എന്ന് ഒരു മാധ്യമത്തോട് ഉണ്ണിത്താന്‍ പറഞ്ഞു.

‘ധാര്‍മികതയുടെ പേരിലെടുത്തൊരു തീരുമാനമാണ് അത്. ഇപ്പോള്‍ മമ്മൂട്ടിക്കെതിരെ കരുനീക്കം ആരംഭിച്ചിരിക്കുകയാണ്. ഗണേഷ് കുമാര്‍ മമ്മൂട്ടിക്ക് എതിരെയെത്തി. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കേ അറിയൂ. അത് അമ്മയല്ല ഏത് സംഘടനയായാലും. ഒരു സംഘടനയ്ക്കകത്ത് ഒരാള്‍ കുറ്റം ചെയ്താല്‍ ആ സംഘടനയുടെ തലപ്പത്തിരിക്കുന്ന ഒരാള്‍ക്ക് സാമൂഹിക പ്രതിബദ്ധതയില്ലേ. അത് അവര്‍ നിറവേറ്റണ്ടേ. അത് മാത്രമേ മമ്മൂട്ടി ചെയ്തിട്ടുള്ളൂ. മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ട. തെറ്റ് പറ്റിയെന്ന് പറയുകയും വേണ്ട’യെന്ന് ഉണ്ണിത്താന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button