CinemaGeneralNEWS

നീ സിബി മലയിൽ ആണ്, നിന്നെ മലയുടെ മുകളിൽ കണ്ട ഒരേ ഒരാൾ ഞാൻ മാത്രമാണ്”; രഘുനാഥ് പലേരി

ഫേസ്ബുക്കില്‍ എപ്പോഴും നര്‍മ വിഷയങ്ങള്‍ അവതരിപ്പിക്കാറുള്ള തിരക്കഥാകൃത്ത് രഘുനാഥ് പലേരി ഇത്തവണ പങ്കിട്ട കുറിപ്പ് വായനക്കാര്‍ക്ക് ഏറെ രസം സമ്മാനിക്കുന്ന ഒന്നാണ്. സംവിധായകന്‍ സിബി മലയിലും ഒന്നിച്ചുള്ള ഒരു അനുഭവ നിമിഷത്തെ നര്‍മ ശൈലിയോടെ അവതരിപ്പിക്കുകയാണ് രഘുനാഥ് പലേരി.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
“മുത്താരം കുന്ന് പിഒ..” എന്ന സിനിമക്കും മുൻപ് സിബിമലയിലിനു ആദ്യ സംവിധാനത്തിനായി രണ്ടു തിരക്കഥകൾ ഞാൻ എഴുതിയിരുന്നു. രണ്ട് സംവിധാനവും നടന്നില്ലെന്നത് ഇത്തിരി സങ്കടം തരുന്നൊരു ജീവിത തമാശ. എന്നാൽ അത് സാരമില്ലെന്ന് മനസ്സ് പറഞ്ഞത് സിബിയുടെ” മുത്താരം കുന്ന് പിഒ” ദർശിച്ച ശേഷമാണ്. നായകൻ നല്ലപോലെ ഗുസ്തി പിടിച്ചിട്ടാണെങ്കിലും, സിബി സംവിധായകനും, നിർമ്മാതാവ് നിർമ്മാതാവും, ആയല്ലൊ. അതല്ലേ ഏറ്റവും നല്ല തിരക്കഥ.
*
രണ്ടാമത്തെ തിരക്കഥ എഴുതാനായി ഞാനും സിബിയും പൊന്മുടിയിൽ താമസിക്കുന്ന കാലം. രണ്ട് നായകന്മാരുള്ള എന്തോ ഒരു ഹലാക്ക് കഥയാണ് അന്നെന്റെ മനസ്സിൽ വന്നത്. സിബിക്ക് രസിച്ച ആ കഥ രണ്ടു നായകന്മാരെയും മനസ്സിൽ കൈ പിടിച്ച് നടത്തിച്ച് എഴുതിയെടുക്കുന്ന ഒരു പകൽ സമയം ഞാനും സിബിയും പൊന്മുടിയിൽ നടക്കാനിറങ്ങി. നടന്നു നടന്ന് സാമാന്യം ഉയരമുള്ള ഒരു ചെറിയ മലയുടെ മുന്നിൽ എത്തി.
അവിടവിടെ പൊന്തച്ചെടികളും ചെറിയ പാറകളും ഉള്ള മലയിലേക്ക് ഞങ്ങൾ സാവകാശം കയറി. ഏതാണ്ട് പാതിയിൽ അധികം കഴിഞ്ഞതും പാറകളും പൊന്തകളും താഴെ നിന്നും നോക്കിയതിൽ അധികം ഉള്ളതായി തോന്നി. കണ്ണടയും വെച്ച് മുകളിലേക്കുള്ള നടത്തം ഇത്തിരി വിഷമം ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു. കയറിയ വഴി ഇത്തിരി ചെങ്കുത്തായിപ്പോയതുപോലെ. താഴെ നിന്നും കാഴ്ച്ച കൊണ്ടളന്നാൽ ഉയരത്തിന്റെ വളവ് അറിയില്ലെന്നത് അതുവരെ ഒരു മലയും കയറാത്ത എനിക്ക് ആദ്യ അറിവായിരുന്നു. രണ്ടു മൂന്നു തവണ കാല് തെന്നി. കാണുന്നിടത്തല്ല കാലെത്തുന്നതെന്ന് മനസ്സിലായതും സിബിയോട് ചോദിച്ചു.
“ഇനി കയറണോ..?”
സിബി ഉഷാറിലാണ്. അന്ന് അവന് ഇന്നു കാണുന്ന തടിയും ഗർഭവും ഒന്നും ഇല്ല. എനിക്ക് ഗർഭം തീരെയില്ല. സിബി കയറാനുളള ഉത്സാഹത്തിലാണ്. ഞാൻ അവിടെ തന്നെ നിന്നു. എന്റെ വിഷമം കണ്ടതും അവൻ എന്നോട് നിൽക്കാൻ പറഞ്ഞു. ഞാൻ ഒരു പാറയിൽ ഇരുന്നു. സിബി കയറി. കയറിക്കയറി സിബി മലയുടെ മുകളിൽ എത്തി. അവിടെ നിന്ന് എനിക്ക് നേരെ കൈ വിശി. ഉള്ളിൽ ഒരു ഭയവും സന്തോഷവും തോന്നി. ഭയം, അവൻ അവിടെ തനിച്ചാണെന്ന ചിന്ത. സന്തോഷം, അവൻ അത്രയും ഉയരത്തി്ൽ കയറിയല്ലൊ എന്ന സന്തോഷം. തനിച്ചങ്ങിനെ വിട്ടാൽ ശരിയാവില്ലെന്ന തോന്നലോടെ ഇത്തിരി കൂടി ഞാൻ മുകളിലേക്ക് കയറി നോക്കി.
പറ്റൂല. ഇരുന്നു.സിബി തെല്ലിട നേരം അവിടെ തന്നെ നിന്ന് ചുറ്റും നോക്കുന്നു പെട്ടെന്ന് അപ്പുറത്തേക്ക് കടന്നപോലെ അവനെ കാണുന്നില്ല.എന്റെ ഉള്ളിൽ വിഴുങ്ങിയ തിരക്കഥ തിളച്ചു മറിഞ്ഞു. അവനെ ഉച്ചത്തി്ൽ വിളിച്ചു.
“സിബീ..”
രണ്ടക്ഷരമായത് നന്നായി. ഒരു നിലവിളിയിൽ തീരുമല്ലൊ. ഫ്രാൻസിസ് സെബാസ്റ്റ്യൻ സിബിയോ എന്നോ മറ്റോ ആയിരുന്നെങ്കിൽ അത്രേം ഉച്ചത്തിൽ വിളിക്കാൻ ശ്വാസം നീട്ടിക്കിട്ടാൻ നല്ല പാടാണ്.
മൂന്നാമത്തെയോ നാലാമത്തെയോ വിളിയോടെ വീണ്ടും സിബി മുകളിൽ പ്രത്യക്ഷപ്പെട്ടു.
ഇറങ്ങി വരാൻ ഞാൻ വിളിച്ചു പറഞ്ഞു. സിബി താഴേക്കിറങ്ങി. കിതച്ചും ചിരിച്ചും അടുത്തെത്തി. അരികിലെ പാറയിൽ വിയർത്തു കുളിച്ച് ഇരുന്നു. ഇത്തിരി സമയം എടുത്ത് പതിയെ പറഞ്ഞു.
“മണ്ടത്തരാ കാണിച്ചത്. അവിടെ എത്തിയപ്പോ നല്ല പേടി തോന്നി. അപ്പുറം താഴെ നല്ല കാടാണ്. ഒരു പട്ടി ഓടി വന്നാ മതി. എല്ലാ ആവേശവും അതോടെ തീരും.”
ഞാൻ അവനെ പതിയെ കെട്ടിപ്പിടിച്ചു.
“നീ മാത്രം അല്ല ഞാനും പേടിച്ചു. പക്ഷെ ഒരു നല്ല കാര്യംണ്ടായി.”
“എന്താദ്..?”
“നീ സിബിമലയിൽ ആണ്. നിന്നെ മലയുടെ മുകളിൽ കണ്ട ഒരേ ഒരാൾ ഞാൻ മാത്രമാണ്.”

shortlink

Related Articles

Post Your Comments


Back to top button