GeneralMollywood

ചിലി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 9 പുരസ്‌കാരങ്ങൾ സ്വന്തമാക്കി ’24ഡേയ്‌സ്’

സ്വിറ്റ്സർലൻഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 76 ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു

ചിലിയിൽ വച്ച് നടന്ന സൗത്ത് ഫിലിം ആൻഡ് ആർട്സ് അക്കാദമി ഫെസ്റ്റിവലിൽ മലയാള ചിത്രമായ 24 ഡേയ്‌സ് മികച്ച ചിത്രം. സംവിധായകൻ, നടൻ ഉൾപ്പെടെ 9 പ്രധാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി. മികച്ച സിനിമ(24ഡേയ്‌സ്), മികച്ച സംവിധായകൻ (ശ്രീകാന്ത് ഇ. ജി.), മികച്ച നവാഗത സംവിധായകൻ ശ്രീകാന്ത് ഇ. ജി.), മികച്ച നടൻ (ആദിത് യു. എസ്.), ഛായാഗ്രഹണം (നിജിൻ ലൈറ്റ്റൂം), എഡിറ്റിംഗ് (പ്രദീപ് ശങ്കർ), സൗണ്ട് ഡിസൈൻ(ശങ്കർ ദാസ് വി.സി.), കലാസംവിധാനം(ജഗത് ചന്ദ്രൻ), മികച്ച പോസ്റ്റർ(നിജിൻ ലൈറ്റ്റൂം-ഓഡിയൻസ് പോൾ) എന്നിവയാണ് 24 ഡേയ്‌സ് നേടിയത്. ആദ്യമായാണ് ഒരു മലയാള സിനിമ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രധാന വിഭാഗങ്ങളിലെ എല്ലാ പുരസ്‌കാരങ്ങളും കരസ്ഥമാക്കുന്നത്.

ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ 24 ദിവസങ്ങൾ കൊണ്ടു സംഭവിക്കുന്ന വഴിത്തിരിവുകൾ ആണ് 24 ഡെയ്സ് എന്ന ചിത്രത്തിന്റെ പ്രമേയം. കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള ഒരു ബൈക്ക് റാലിയുടെ സമയം കൂടിയാണ് ഈ 24 ദിവസങ്ങൾ.

സ്വിറ്റ്സർലൻഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 76 ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരം കഴിഞ്ഞ മാസം 24 ഡേയ്‌സ് നേടിയിരുന്നു. നൂറിലധികം സിനിമകൾ മത്സരിച്ച കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിൽ ഫൈനൽ റൗണ്ടിൽ ഇടം നേടാനും ചിത്രത്തിന് സാധിച്ചു. ഹോളിവുഡ് ഇന്റർനാഷണൽ മൂവിങ് പിക്ചർസ് ഫിലിം ഫെസ്റ്റിവൽ ( HIMPFF ) ഇൽ സെമിഫൈനലിസ്റ് ആയിരുന്നു 24 ഡേയ്‌സ്

ലെറ്റ്‌ഗോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുകൂട്ടം സിനിമാപ്രേമികൾ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാഭം ആഗ്രഹിക്കാത്ത നല്ല സിനിമയെ സ്നേഹിക്കുന്ന കുറച്ചു പേരുടെ ഒരു കൂട്ടായ്മ ആണ് ലെറ്റ്‌ഗോ. 24 ഡേയ്‌സിന് ശേഷമുള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് ഇപ്പോൾ ലെറ്റ്‌ഗോ ടീം.

shortlink

Post Your Comments


Back to top button