GeneralLatest NewsMollywood

മുറം വീട്ടിലെ ഒരു വിശിഷ്ട വസ്തു ആയിരുന്നു, പുതിയ മുറം വാങ്ങിച്ചാൽ അമ്മ ചാണകം മെഴുകി വെയിലിൽ ഉണക്കും

വീണിടത്തു നിന്നും വള്ളിട്രൗസറും ഇട്ട് അത്ഭുതത്തോടെ മുഖമുയർത്തുമ്പോൾ, ചെത്തിമിനുക്കിയ മുറ്റത്തിന്നതിരിൽ വളർന്നു പാകമായ ചുകന്ന ചീരയിലകൾ പറിക്കുന്നു

ഗൃഹാതുരത്വം നിറയുന്ന ഓര്‍മ്മകള്‍ പങ്കുവച്ചു പ്രമുഖ തിരക്കഥാകൃത്ത് രഘുനാഥ് പലേരി. അമ്മയെന്ന ഓര്‍മ്മയും ബന്ധങ്ങളെയും കുറിച്ചുള്ള രഘുനാഥ് പലേരയുടെ കുറിപ്പ് വൈറല്‍ ആകുന്നു

രഘുനാഥ് പലേരിയുടെ കുറിപ്പ്

അമ്മയെ ആദ്യമായി കണ്ട ദിവസം ഓർമ്മയിലേ ഇല്ല. അഛനെയും അതുപോലെ. പണ്ടത്തെ അമ്മേം അഛനേം കൂടപ്പിറപ്പുകളേം കാണാൻ എത്രയോ തവണ ഓർമ്മയെ റിവേഴ്‌സ് ഗിയറിട്ട് പിറകോട്ട് പറപ്പിച്ചിട്ടുണ്ട്. അതങ്ങിനെ പ്രകാശ വേഗതയിൽ ഓടിപ്പോയി എവിടെയെങ്കിലും വളഞ്ഞു പിരിഞ്ഞ് വഴുക്കി വീഴും.

വീണിടത്തു നിന്നും വള്ളിട്രൗസറും ഇട്ട് അത്ഭുതത്തോടെ മുഖമുയർത്തുമ്പോൾ, ചെത്തിമിനുക്കിയ മുറ്റത്തിന്നതിരിൽ വളർന്നു പാകമായ ചുകന്ന ചീരയിലകൾ പറിക്കുന്നു അമ്മ. മുണ്ടും വേഷ്ടിയും പുള്ളിക്കുത്തു ബ്ലൗസും ധരിച്ച് ഭസ്മ ചന്ദനം തൊട്ട അമ്മ. വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മഷിയാൽ കണ്ണെഴുതിയിരിക്കും.

അമ്മ നട്ട ചീരയാവും അത്. ചുകന്ന ചീര ചോറിൽ പകർന്ന് കുഴച്ചാൽ ചോറ് പിന്നെ ചോപ്പാവും. അമ്മയുടെ കയ്യിൽ അരിവാൾ ആകൃതി ഉള്ള കത്തി ഉണ്ടാവും. ആവശ്യത്തിനുള്ളതേ അമ്മ മുറിച്ചെടുക്കൂ. പിടികൾ കൂടുതൽ ഉണ്ടെങ്കിൽ അയൽവക്കത്തെ അമ്മാളുഅമ്മയുടെ വീട്ടിലും ചിരുതക്കുട്ടിയുടെ വീട്ടിലും അന്ന് ചീരക്കറിയാവും. സ്ഥിരമായി നിന്നിരുന്ന അമരപന്തലിൽ ഇടക്കെല്ലാം പൂത്തു കായ്ക്കുന്ന അമരയാണ് പറിക്കുന്നതെങ്കിൽ അത് മുറത്തിലേക്കാണ് അമ്മ പറിച്ചിടുക. മുറം ഒരു മൾട്ടിപർപ്പസ് ഉപകരണമാണ്. മുറത്തിൽ ചൊരിയുന്ന അരിയിലെ നെല്ലും കല്ലും എത്രയോ അമ്മക്ക് പെറുക്കി കൊടുത്തിട്ടുണ്ട്.

അമര അധികം കാണില്ല. വെള്ളപ്പൂക്കളും നീലപ്പൂക്കളും ഉള്ള അമരയുണ്ട്. രണ്ടിനും രുചി വ്യത്യാസവും ഉണ്ട്. ചില അമരക്കായ്കൾക്ക്‌ നല്ല വീതിയുണ്ടാവും. കുഞ്ഞന്മാരും ഒത്തിരി കാണും.

മുറം വീട്ടിലെ ഒരു വിശിഷ്ട വസ്തു ആയിരുന്നു. പുതിയ മുറം വാങ്ങിച്ചാൽ അമ്മ ചാണകം മെഴുകി വെയിലിൽ ഉണക്കും. അതോടെ മുറത്തിനൊരു ശക്തി വരും. മുറം മാത്രമല്ല കുട്ടക്കും അതേ ചികിത്സയുണ്ട്. വീട്ടിൽ മൂന്നിലധികം കുട്ടകൾ എപ്പോഴും ഉണ്ടാവും. മുറത്തിൽ ധാന്യങ്ങൾ ചേറുന്നതും പതിരുകളും കല്ലും വേർതിരിക്കുന്നതും ഒരു സിംപിൾ ഹംമ്പിൾ ആയോധന കലയാണെന്ന് തോന്നിയിട്ടുണ്ട്. ഇരുകൈയ്യിലും പിടിച്ച് മുറത്തിന്റെ പുറത്ത് തട്ടിത്തട്ടി ധാന്യങ്ങളെ ആകാശത്തേക്കെറിഞ്ഞ്, മുറത്തിൽ തന്നെ വാരിയെടുത്ത് കളകളെ ഒരു മൂലയിലേക്ക് ഒതുക്കിയെടുക്കുന്ന വിദ്യ പരീക്ഷിച്ചു നോക്കിയപ്പോഴൊക്കെ ഞാൻ തോറ്റു തുന്നം പാടിയിട്ടുണ്ട്.

”തോറ്റു തുന്നം പാടി”യെന്നുള്ളത് അക്കാല പ്രയോഗമാണ്. ക്ലാസിലും വീട്ടിലും തറവാട്ടിലും കളിസ്ഥലത്തും എല്ലാം ആ എനർജറ്റിക്ക് പ്രയോഗം കേട്ടിട്ടുണ്ട്. ഇപ്പോൾ അത്തരം ”ഐക്യമത്യ മഹാബല” പ്രയോഗങ്ങൾ എന്തോ കിട്ടാനില്ല.

കുഞ്ഞുനാളിൽ കൈയ്യക്ഷരം നന്നാകാനായും, ഇത്തിരി സാമൂഹ്യ ബോധം വരുത്താനും ചെറിയ ക്ലാസുകളിൽ ഇരട്ടവര നാലുവരെ നോട്ടു പുസ്തകത്തിൽ കോപ്പി എഴുതിക്കുന്ന പരിപാടി ഉണ്ടായിരുന്നു. ആ കോപ്പി എഴുത്തിലെ ഒരു പ്രസിദ്ധ വാചകമായിരുന്നു ”ഐക്യമത്യം മഹാബലം.” വേറെയും ഉണ്ട്. ഉരുട്ടിയുരുട്ടി എഴുതി കഴിഞ്ഞാൽ ഒരു മഹാബലം നേടിയ അനുഭൂതിയാണ്.

റിവേഴ്‌സ് ഗിയറിൽ മനസ്സ് പിന്നാക്കം പറന്നാൽ എത്തിപ്പെടുന്ന ശാന്തസമുദ്രത്തിൽ കാഴ്ച്ചകൾ അനവധിയുണ്ട്. തിരമാലകൾ ഓരോന്നായി കരയിലേക്ക് പെറുക്കി വെച്ച് സമുദ്രം ശാന്തമാക്കിയിട്ടു വേണം അവ ഓരോന്നും കണ്ടെത്താൻ.

എന്നാലും ഞാൻ ശ്രമിക്കുന്നു.
അമ്മയെയും അഛനേയും കൂടപ്പിറപ്പുകളിൽ ഓരോരുത്തരേയും ആദ്യം കണ്ട കാഴ്ച്ചയായി മനസ്സ് പിടിച്ചെടുത്തത് എന്താണെന്നറിയാൻ.
ഒരു കൗതുകം.
ഒരു രസം.
മനസ്സിൽ നിത്യമായ് സൂക്ഷിക്കുന്നൊരു കുട്ടിത്ത മോഹം.
അറിയും ഒരു ദിവസം.
ഉറപ്പ്.
:)

ചിത്രത്തിൽ ഒരു സന്ധ്യ നേരത്തെ അമ്മയും വിളക്കും.

shortlink

Related Articles

Post Your Comments


Back to top button