GeneralLatest NewsMollywoodTV Shows

അന്ന് മരണം ഉറപ്പിച്ച കുറ്റവാളിയെ പോലെ മിണ്ടാതെ ഞാന്‍ തല കുമ്പിട്ടു

ഞാന്‍ വിറച്ച്‌ വിറച്ച്‌ വലതു കൈ നീട്ടി. ചൂരല്‍ പുളഞ്ഞു താഴ്ന്നതും എന്റെ കണ്ണുകളില്‍ ഉറവ പൊട്ടി.

അധ്യാപക ദിനത്തില്‍ സ്‌കൂള്‍കാല അനുഭവങ്ങളും പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവച്ച്‌ അവതാരക അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു

താരത്തിന്റെ പോസ്റ്റ്‌

അര്‍ത്ഥം പറയുക, പല്ലവം. നാലാം ക്ലാസ്സിലെ മലയാളം പീരീഡാണ്. നാരായണന്‍ സാര്‍ ഓരോരുത്തരെയായി എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തി. ആരും ഒരക്ഷരം മിണ്ടുന്നില്ല. എന്റെ ഊഴമെത്തി. ശ്രീകൃഷ്ണനെ വര്‍ണിക്കുന്ന കവിതയൊരെണ്ണം തലേന്ന് പഠിപ്പിച്ചതാണ്. പക്ഷേ പല്ലവം എന്ന വാക്ക് കേട്ടതായി പോലും എനിക്ക് ഓര്‍മ്മയില്ല. മേശപ്പുറത്തിരിക്കുന്ന, ഈര്‍ക്കിളിനേക്കാള്‍ അല്‍പ്പം കൂടിമാത്രം വണ്ണമുള്ള ചൂരല്‍ നോക്കി എന്റെ കൈ വെള്ള വിയര്‍പ്പില്‍ കുതിര്‍ന്നു. നാരായണന്‍ സാറിന്റെ ചൂരല്‍ പ്രയോഗം കണ്ടിട്ടുള്ളതല്ലാതെ അന്നേ വരെ അനുഭവിച്ചിരുന്നില്ല. കൈ നീട്ടാന്‍ ആജ്ഞയുയര്‍ന്നു.

ഞാന്‍ വിറച്ച്‌ വിറച്ച്‌ വലതു കൈ നീട്ടി. ചൂരല്‍ പുളഞ്ഞു താഴ്ന്നതും എന്റെ കണ്ണുകളില്‍ ഉറവ പൊട്ടി. എന്തു വന്നാലും കരയരുതെന്ന് ഉറപ്പിച്ച്‌ പല്ലുകള്‍ ഇറുക്കി നിന്നു. പല്ലവം – തളിര്. സാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞുറപ്പിച്ചു. കുഞ്ഞു കൈ വെള്ളയില്‍ ചുവപ്പനൊരു അട്ട തിണര്‍ത്തു പൊന്തി. അപ്പോഴുണ്ട് അടുത്ത ചോദ്യം.

അധരം- എന്താ അര്‍ത്ഥം? ഞാന്‍ മരണം ഉറപ്പിച്ച കുറ്റവാളിയെ പോലെ മിണ്ടാതെ തല കുമ്ബിട്ടു. ഇടത് കൈ നീട്ടാന്‍ ഉത്തരവ് വന്നു. അടി പൊട്ടും മുന്നേ നാരായണന്‍ സാര്‍ കവിത പോലെ ചൊല്ലി. ‘ഉണ്ണിക്കൈ രണ്ടിലും വെണ്ണയിരിക്കട്ടെ” അധരം – ചുണ്ട്. അശരീരി പോലെ ആ വാക്കുകള്‍ തലയ്ക്ക് മുകളില്‍ മുഴങ്ങി. ഇന്നും ഏതുറക്കത്തില്‍ ചോദിച്ചാലും മറക്കാതെ ഞാന്‍ അര്‍ത്ഥം പറയുന്ന രണ്ട് വാക്കുകള്‍.
പല്ലവം – തളിര്
അധരം – ചുണ്ട്

കുട്ടികളെ അടിച്ച്‌ വേണം ‘പഠിപ്പിക്കാന്‍’ എന്നെനിക്ക് ഇന്നും അഭിപ്രായമില്ല. പക്ഷേ ജീവിതം പിന്നീട് തന്ന പല അടികളെയും നേരിടാന്‍ അന്ന് കിട്ടിയ അടികള്‍ സഹായിച്ചിട്ടുണ്ട് എന്നുറപ്പാണ്. മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ കിട്ടിയിരുന്ന ആ അടികള്‍ പലപ്പോഴും നമ്മുടെ കുഞ്ഞു കുഞ്ഞു ഈഗോകള്‍ക്ക് മുകളില്‍ കൂടി കിട്ടിയിരുന്ന അടികളാണ്. പരാജയം, അപമാനം, സങ്കടം, വേദന ഒക്കെ അനുഭവിച്ച്‌ തന്നെ അതിജീവിക്കാന്‍ ആ അടികള്‍ കാരണമായിട്ടുണ്ട്. തല്ലില്ലാതെ തലോടല്‍ മാത്രമേറ്റ് വളരുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും കുഞ്ഞു കുഞ്ഞു തോല്‍വിക്ക് മുന്നില്‍ കയറെടുക്കുന്നതോര്‍ക്കുമ്ബോള്‍ ചില അടികള്‍ കിട്ടി വളര്‍ന്നത് നന്നായെന്ന് തന്നെയാണ് തോന്നാറ്. ടീച്ചറൊന്നു കണ്ണുരുട്ടിയാല്‍ ഉടനെ വാളെടുത്തു ചോദിക്കാന്‍ ചെല്ലുന്ന അച്ഛനമ്മമാര്‍ ഇല്ലാതിരുന്നതും ഒരു കാരണമാണ്. (എല്ലാത്തിനും ഒരു മറുപുറം ഉണ്ടാവാം, എങ്കിലും) തല്ലിയ, തലോടിയ, തണലായ എല്ലാ അദ്ധ്യാപകരോടും ജന്മം മുഴുവന്‍ കടപ്പാട്. പ്രിയപ്പെട്ട നാരായണന്‍ സാറിനോടും ????

NB : അമ്മയ്ക്ക് പോസ്റ്റിടാന്‍ ചൂരലിനു താഴെ വിശ്വസിച്ച്‌ കൈവച്ചു തന്ന പത്മയ്‌ക്കൊരുമ്മ

shortlink

Related Articles

Post Your Comments


Back to top button