മലയാളത്തിന്റെ അഭിനയ വിസ്മയം മോഹന്‍ലാലിനെ നായകനാക്കി പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് പരദേശി. വലിയകത്ത് മൂസയെന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച ചിത്രം നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. എന്നാല്‍ പരദേശിയില്‍ അഭിനയിക്കേണ്ടിയിരുന്നത് മോഹന്‍ലാല്‍ ആയിരുന്നില്ല മമ്മൂട്ടി ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനായ പി.ടി കുഞ്ഞു മുഹമ്മദ്.
” തിരക്കഥയൊക്കെ പൂര്‍ത്തിയായപ്പോള്‍ ആരാണ് അഭിനയിക്കുക എന്ന വിഷയം വന്നു. ഞാന്‍ മമ്മൂട്ടിയുമൊക്കെ അന്ന് കൈരളിയില്‍ വളരെ അടുപ്പത്തോടെ നില്ക്കുന്ന കാലമാണ്. അങ്ങനെ പാലക്കാട് ചെന്ന് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. തിരക്കഥ ഒന്നും നോക്കാതെ തന്നെ ചെയ്യാമെന്ന് വളരെ സന്തോഷത്തോടെ മമ്മൂട്ടി പറഞ്ഞു. ഒരു പ്രൊഡ്യൂസറെയും കിട്ടി. വളരെ സമ്ബന്നനൊന്നും ആയിരുന്നില്ല അദ്ദേഹം. പ്രൊഡ്യൂസറുമായി വീണ്ടും രണ്ടു മൂന്ന് തവണ മമ്മൂട്ടിയെ കണ്ടു. അയാളോട് സാധാരണ മമ്മൂട്ടിയുടേതായ രീതിയില്‍ സംസാരിച്ചു. അടുത്ത ആഴ്ച വരാനും പറഞ്ഞു.
എന്നാല്‍ കുറച്ച് പൈസ അഡ്വാന്‍സ് ആയി നല്‍കുന്നതാണ് ബുദ്ധിയെന്ന് പ്രൊഡ്യൂസറോട് ഞാന്‍ പറഞ്ഞു. അങ്ങനെ കാശ് കൊടുക്കാനായിട്ട് ഞാന്‍ അവിടെ നിന്ന് ഇറങ്ങുകയാണ് ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക്. അപ്പോള്‍ മമ്മൂട്ടിയുടെ ഫോണ്‍ വന്നു. ഇത് കുറച്ചു നീട്ടി വയ്ക്ക്. അല്ലാതെ ഇപ്പോള്‍ ആലോചിക്കാന്‍ പറ്റില്ല എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ തിരക്കു കൊണ്ടൊക്കെ ആയിരിക്കും. എത്രകാലത്തേക്കാ ചെയര്മാന് നമ്മള് നീട്ടി വയ്ക്കേണ്ടത് എന്ന് ഞാന്‍ ചോദിച്ചു. അല്ലാ അത് ഞാന്‍ പറയാം എന്നായിരുന്നു മറുപടി. എനിക്കത് ഇഷ്ടമായില്ല. എന്നാല്‍ അത് ഒഴിവാക്കാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. അദ്ദേഹം അദ്ദേഹത്തിന്റെതായ കാര്യം സത്യസന്ധമായി പറഞ്ഞതാണ്” പി.ടി കുഞ്ഞുമുഹമ്മദ് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments