Film ArticlesGeneralLatest NewsMollywood

“എന്നെക്കൊണ്ട്‌ എന്തിനാണ് ഈ കടുംകൈ ചെയ്യിക്കുന്നത്? അന്ന് ഒഎന്‍വി ചോദിച്ചു

ഇവിടെയാകുമ്പോൾ അത് കേൾക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ആളുകൾ ഉണ്ടാകും.

മലയാള സിനിമയില്‍ ആരാധകര്‍ ഇന്നും നെഞ്ചോട്‌ ചേര്‍ക്കുന്ന ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീത കൂട്ടുകെട്ടാണ് ഒഎന്‍വി-ജോണ്‍സണ്‍ മാസ്റ്റര്‍. ട്യൂണിനു അനുസരിച്ച് ഗാനങ്ങള്‍ എഴുതുന്നത് തീരെ താത്പര്യം ഇല്ലാത്ത വ്യക്തിയായിരുന്നു ഒഎന്‍വി എന്ന് ജോണ്‍സണ്‍ മാസ്റ്റര്‍ പറഞ്ഞതിനെക്കുറിച്ചു ഓര്‍ത്തെടുക്കുകയാണ് രവി മേനോന്‍.

“മൊഴികളിൽ സംഗീതമായി” എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിന് തിരുവനന്തപുരത്തെ കേസരി ഹാളിൽ ജോൺസൺ മാസ്റ്റർ എത്തിയതും അദ്ദേഹം തന്നോട പങ്കുവച്ചതുമായ കാര്യങ്ങളെക്കുറിച്ച് രവിമേനോന്‍ പറയുന്നതിങ്ങനെ.. ”ചിത്രയോടൊപ്പമാണ് മാസ്റ്റർ വന്നത്. “നിന്റെ പുസ്തകത്തിന്റെ റിലീസിംഗ് ആണെന്ന് ചിത്ര പറഞ്ഞപ്പോൾ നേരെ ഇങ്ങു പോന്നു. നീ ക്ഷണിച്ചില്ലെങ്കിലും ഞാൻ വരും. രണ്ടു വാക്ക് പറയുകയും ചെയ്യും. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഇവിടെയാകുമ്പോൾ അത് കേൾക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ആളുകൾ ഉണ്ടാകും. കുറച്ചധികം പറയാനുണ്ട് എനിക്ക്……” — മാസ്റ്റർ പറഞ്ഞു.

“മൊഴികളിൽ സംഗീതമായി” എന്ന ശീർഷകം മലയാള സിനിമാ സംഗീതത്തിന്റെ പോയി മറഞ്ഞ നന്മകളിലേക്ക് എന്നെ തിരിച്ചുകൊണ്ടുപോകുന്നു — അന്ന് ജോൺസൺ മാസ്റ്റർ പറഞ്ഞു. “ശരിയാണ്. മൊഴികളിൽ വേണം സംഗീതം വന്നു നിറയാൻ. സംശയമില്ല. നമ്മുടെ മഹാരഥന്മാരായ സംഗീത ശില്പികളെല്ലാം ആ പാത പിന്തുടർന്നവരാണ്. എങ്കിലും മറിച്ചുള്ള ഏർപ്പാടിനോട് എതിർപ്പില്ല എനിക്ക്. കവിത്വമുള്ളവർ പാട്ടെഴുത്തുകാരായി വേണം എന്ന് മാത്രം..” ഈണത്തിനനുസരിച്ചുള്ള ഗാനരചനയായിരുന്നു പരാമർശ വിഷയം.

ഉദാഹരണമായി ഒരനുഭവം വിവരിച്ചു അദ്ദേഹം. ചെന്നൈയിലെ വുഡ് ലാൻഡ്‌സ് ഹോട്ടലിൽ പദ്‌മരാജന്റെ “കൂടെവിടെ”യുടെ കമ്പോസിംഗ്. ഒ എൻ വി – ജോൺസൺ ടീമിന്റെതാണ് ഗാനങ്ങൾ . ഈണത്തിനൊത്തു പാട്ടെഴുതേണ്ടി വരുമെന്ന് അറിഞ്ഞപ്പോൾ പ്രതീക്ഷിച്ച പോലെ ഒ എൻ വിയുടെ മുഖം അല്പം മങ്ങി. “എന്നെക്കൊണ്ട്‌ എന്തിനാണ് ഈ കടുംകൈ ചെയ്യിക്കുന്നത്? ചെരിപ്പിനൊത്തു കാലു മുറിക്കുന്ന വിദ്യയിൽ എനിക്ക് താല്പര്യമില്ലെന്ന് ജോൺസണ് അറിഞ്ഞുകൂടെ?” കവിയുടെ ചോദ്യം.

പക്ഷെ ഈണത്തിനൊത്തും അതിമനോഹരമായി എഴുതാന്‍ ഒ എൻ വിക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു ജോണ്‍സണ്. സലില്‍ ചൗധരിയുടെ ട്യൂണിനൊപ്പിച്ചു നിമിഷങ്ങള്‍ക്കകം “സാഗരമേ ശാന്തമാക നീ” (മദനോത്സവം) എന്ന അനശ്വരമായ ഗസല്‍ എഴുതിയ ആളല്ലേ? കവി അനുവദിച്ചു തന്ന സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ട് തന്നെ സ്നേഹപൂർവ്വം നിർബന്ധിച്ചു നോക്കി ജോൺസൺ. മനസ്സില്ലാമനസ്സോടെയാണെങ്കിലും ഒടുവിൽ ഒ എൻ വി വഴങ്ങി. പക്ഷേ ഒരു ഉപാധിയുണ്ട്. ആദ്യവരിയുടെ താളം ചെറുതായൊന്ന് മാറ്റണം — തന്നനാനാനാ എന്നതിന് പകരം താനനാനാനാ. അത്ര മാത്രം. സംഗീത ബോധമുള്ള കവിയുടെ നിർദേശം ശിരസാ വഹിച്ചു ജോൺസൺ . ട്യൂണ്‍ പാടിക്കേട്ട ശേഷം തന്റെ മുറിയിൽ കയറി വാതിലടച്ച ഒ എൻ വി പതിനഞ്ചു മിനിട്ടിനകം പുറത്തു വന്നത് ഗാനത്തിന്റെ വരികളുമായാണ്. “ആദ്യവരി വായിച്ചു കേട്ടപ്പോൾ തന്നെ എന്‍റെ മനസ്സ് പറഞ്ഞു: ഇതാ, വർഷങ്ങളോളം മലയാളികൾ മൂളി നടക്കാൻ പോകുന്ന ഗാനം.” ജോൺസന്റെ വാക്കുകൾ . ആടിവാ കാറ്റേ പാടി വാ കാറ്റേ ആയിരം പൂക്കൾ നുള്ളി വാ… അതായിരുന്നു പാട്ടിന്റെ പല്ലവി. ബാക്കിയുള്ളത് ചരിത്രം.

ഇതേ ഒ എൻ വി തന്നെ “നേരം പുലരുമ്പോൾ”’ എന്ന ചിത്രത്തിന് വേണ്ടി എഴുതിക്കൊടുത്ത കവിതയിൽ നിന്ന് അതീവഹൃദ്യമായ ഈണം സൃഷ്ടിച്ച ചരിത്രവുമുണ്ട് ജോൺസണ്‌. “എന്റെ മൺവീണയിൽ കൂടണയാൻ ഒരു മൗനം പറന്നു പറന്നു വന്നു…” അതാണ് പാട്ടിന്റെ തുടക്കം. ശുദ്ധമായ കവിത. “ആദ്യവായനയിൽ തന്നെ അതിൽ അന്തർലീനമായ സംഗീതം എന്റെ മനസ്സിനെ തൊട്ടു. സത്യത്തിൽ, ഞാൻ ആ വരി മനസ്സിൽ വായിച്ചതു തന്നെ ഇന്ന് നിങ്ങൾ കേൾക്കുന്ന ഈണത്തിലാണ്. കവിതയും സംഗീതവും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരാൾക്കേ അങ്ങനെ എഴുതാനാകൂ..”

ഈണമിട്ടു പാട്ടെഴുതുന്നതില്‍ “വേന്ദ്രന്മാര്‍” എന്ന് ജോൺസൺ മാസ്റ്റര്‍ ഗിരീഷിനെയും ഗിരീഷ് പുത്തഞ്ചേരിയേയും കൈതപ്രത്തെയും വിശേഷിപ്പിച്ചതോർക്കുന്നു. കൈതപ്രവുമായി സിനിമക്ക് വേണ്ടി ആദ്യമായി ഒരുമിച്ച നിമിഷങ്ങൾ മാസ്റ്റർ അയവിറക്കിയതിങ്ങനെ: “വരവേൽപ്പിനു പാട്ടെഴുതാൻ വരുമ്പോൾ കൈതപ്രവുമായി എനിക്ക് പരിചയമില്ല. സത്യൻ പറഞ്ഞു കേട്ട അറിവേ ഉള്ളൂ. അതുകൊണ്ട് തന്നെ ആദ്യം അല്പം ദുഷ്കരമായ ഒരു ട്യൂണ്‍ ഇട്ടു കൊടുത്ത് പുതിയ ആളെ പരീക്ഷിക്കാനാണ് തോന്നിയത്. പക്ഷെ ഈണത്തിനൊത്തു നിഷ്പ്രയാസം ഗാനം എഴുതിത്തന്നു എന്നെ തോൽപ്പിച്ചുകളഞ്ഞു തിരുമേനി: “ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം എന്നെഴുതാൻ കവിത്വമുള്ള ഒരാൾക്കേ കഴിയൂ. എന്നെ കൂടുതൽ സ്പർശിച്ചത് പാട്ടിന്റെ ചരണത്തിലെ ഒരു വരിയാണ്: മഴനീർ തുള്ളിയെ മുത്തായ്‌ മാറ്റും നന്മണി ചിപ്പിയെ പോലെ, നറുനെയ്‌ വിളക്കിനെ താരകമാക്കും സാമഗാനങ്ങളേ പോലെ…. . ”

ദേവരാജൻ സ്കൂളിന്റെ പിന്മുറക്കാരൻ ആയതിനാൽ‍ ആവണം, കവിത ആദ്യം എഴുതി ഈണമിടുന്നത് തന്നെ ഏറ്റവും നല്ല രീതി എന്ന കാര്യത്തിൽ സംശയമില്ല ജോൺസണ്. മലയാളത്തിലെ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന പാട്ടുകൾ ഭൂരിഭാഗവും അങ്ങനെ പിറന്നവയാണ്. പക്ഷെ ഇന്ന് കഥ മാറി. ഗാനസൃഷ്ടിയിൽ പരിമിതികൾ ഏറെയാണ്‌. സമയവും കുറവ്. “പ്രതിഭയുള്ള എഴുത്തുകാരനാണെങ്കിൽ ഈണത്തിനൊത്തും അർത്ഥഭംഗമില്ലാതെ എഴുതാൻ കഴിയും എന്നതിൽ സംശയമില്ല. ഒ എൻ വിയും ഭാസ്കരൻ മാഷും ഒക്കെ മികച്ച ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്.”

ജോൺസണും ഒ എൻ വിയും ഇന്നില്ല; മൊഴികളിൽ സംഗീതം നിറഞ്ഞ കാലവും. പക്ഷേ ആ പാട്ടുകൾ ഇന്നും നമ്മുടെ മനസ്സുകളെ ആർദ്രമാക്കുന്നു; പോയി മറഞ്ഞ ഒരു കാലത്തെ ഹൃദയപൂർവം തിരിച്ചുവിളിക്കുന്നു അവ. ”

–രവിമേനോൻ

shortlink

Post Your Comments


Back to top button