GeneralLatest NewsMollywood

”അവൾ കാണാൻ പോലും വന്നില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു” നടന്‍ ദേവന്‍ വെളിപ്പെടുത്തുന്നു

എന്താണ് അവൾ ഇതുവരെ എന്നെ തേടി വരാത്തത്..ഞാൻ ഇവിടെ വരെ എത്തിയിട്ടും എന്താണ് അവൾക്ക് എന്നെ കാണണമെന്ന് തോന്നാത്തത്

മലയാളത്തിന്റെ സുന്ദരനായ വില്ലന്‍ തമിഴകത്തും പ്രിയങ്കരനാണ്. തെന്നിന്ത്യന്‍ സോപ്പ്ര്‍ താരം രജനികാന്തിനൊപ്പം അഭിനയിച്ച ദേവന്‍ രജനിയെക്കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങള്‍ വൈറല്‍. ‘ബാഷ’ എന്ന സിനിമയില്‍ രജനിയുടെ വില്ലനായി എത്തിയത് ദേവനായിരുന്നു. ആ ചിത്രത്തിന്‍റെ ശൂട്ടിങ്ങിനിന്ടയില്‍ രജനി പങ്കുവച്ച ചില രഹസ്യങ്ങള്‍ ദേവന്‍ ഒരു മാധ്യമത്തിനോട് വെളിപ്പെടുത്തുന്നു.

”ബാഷയുടെ പത്തുദിവസത്തെ ഷൂട്ടിങ് മുംബൈയിലാണ്. അന്നാണ് രജനികാന്ത് എന്ന മനുഷ്യനെ അടുത്തറിയുന്നത്. പച്ചയായ ജീവിതമാണ് അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട് അന്ന് എന്നോട് പറഞ്ഞത്..’ ദേവന്‍ പറഞ്ഞു. സംഭവം ഇങ്ങനെ.. ” ഒരു ദിവസം വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിലെത്തി. അപ്പോൾ രജനി സാർ പറഞ്ഞു. ദേവൻ വൈകിട്ട് റൂമിലേക്ക് വരൂ. ഭക്ഷണം ഒരുമിച്ചാകാം. സാധാരണ എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ഒട്ടും ആത്മാർഥതയില്ലാത്ത ഇൗ വാക്ക് പലകുറി കേട്ടിട്ടുള്ളത് കൊണ്ട് അദ്ദേഹം പറഞ്ഞത് ഞാൻ ആദ്യം കാര്യമാക്കിയില്ല. വൈകിട്ട് പുറത്തൊക്കെ ഒന്നു കറങ്ങി തിരിച്ചെത്തിയപ്പോൾ ഹോട്ടലിലെ ജീവനക്കാരാണ് പറഞ്ഞത്. രജനി സാർ പലതവണ നിങ്ങളുടെ റൂമിലേക്ക് വിളിച്ചിരുന്നു. ഞാൻ ആകെ സങ്കടത്തിലായി. അപ്പോഴാണ് അദ്ദേഹം അത്ര കാര്യമായിട്ടാണ് എന്നെ വിളിച്ചതെന്ന് അറിയുന്നത്. ഞാൻ രജനി സാറിന്റെ റൂമിലേക്ക് പോയി.
വെള്ള കുർത്ത അണിഞ്ഞ് നെറ്റിയിൽ ഭസ്മം ധരിച്ച് വശ്യമായ പുഞ്ചിരിയോടെ രജനി സർ എന്നെ സ്വാഗതം ചെയ്തു. ഞാൻ വൈകിയതിന് അദ്ദേഹത്തോട് മഖ്‌അപ്പു ചോദിച്ചു. അതു സാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. ഇതിനിടയിൽ പ്രണയം ഞങ്ങളുടെ ചർച്ചാ വിഷയമായി. ദേവൻ സാർ നീങ്ക ഫസ്റ്റ് ലൗവേ പറ്റി സൊല്ല്.. എന്ന് അദ്ദേഹം പറഞ്ഞു. ഞാനെന്റെ കോളജ് പ്രണയത്തെ കുറിച്ച് പറഞ്ഞു. പറഞ്ഞുതീർന്നതും രജനി സർ ആകെ അസ്വസ്ഥനായി. കണ്ണൊക്കെ നിറയുന്നത് ഞാൻ കണ്ടു.

സാർ, എന്തിനാണ് കരയുന്നത്. സാറിന് പ്രണയമുണ്ടായിട്ടുണ്ടോ? കൗതുകത്തോടെ ഞാൻ ചോദിച്ചു. നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. ‘ഉണ്ട്..എന്റെ എന്റെ നിമ്മി..നിർമല..’ പിന്നീട് അദ്ദേഹം പറഞ്ഞ പ്രണയകഥ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.

ബെംഗളൂരുവിൽ ബസ് കണ്ടക്ടറായി അദ്ദേഹം ജോലി നോക്കുന്ന സമയം. അവിടെ ബസിന്റെ പിൻ വാതിലിലൂടെയാണ് യാത്രക്കാർ കയറുന്നത്. ഇറങ്ങുന്നതാകട്ടെ മുന്നിലെ വാതിലിലൂടെയാണ്. ഒരു ദിവസം ഒരു പെൺകുട്ടി മുന്നിലെ വാതിലിലൂടെ ബസിലേക്ക് കയറാൻ ശ്രമിച്ചു. ഇതു കണ്ട രജനി സാർ അതു തടഞ്ഞു. അവർ തമ്മിൽ വഴക്കായി. രജനിയുടെ കൈ തട്ടിമാറ്റി ആ പെൺകുട്ടി മുന്നിലെ വാതിലൂടെ തന്നെ ബസിൽ കയറി. അവളുടെ പേര് നിർമ്മല. എംബിബിഎസ് വിദ്യാർഥിനിയായിരുന്നു. ഇൗ വഴക്ക് പതിയ പ്രണയത്തിൽ ചെന്നു നിന്നു. അതിങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് രജനി സർ അഭിനയിച്ച ഒരു നാടകം കാണാൻ നിർമലയെ അദ്ദേഹം ക്ഷണിക്കുന്നത്. അവൾ അതു കാണാൻ എത്തുകയും ചെയ്തു.

പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം രജനിയെ തേടി എത്തുന്നത് ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കത്താണ്. കത്ത് വന്നപ്പോൾ രജനി അമ്പരന്നു. കാരണം ഇങ്ങനെ ഒരു കത്ത് തനിക്ക് വരേണ്ട കാര്യമില്ല. അദ്ദേഹം അപേക്ഷ അയച്ചിരുന്നില്ല. അന്വേഷിച്ചപ്പോൾ നിമ്മി എന്ന് അദ്ദേഹം വിളിക്കുന്ന നിർമ്മലയാണ് ഇൗ അപേക്ഷ അയച്ചത്. എന്തിനാണ് ഇതു ചെയ്തതെന്ന് ചോദിച്ചപ്പോൾ നിമ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘നീ നന്നായി അഭിനയിക്കുന്നുണ്ട്. എന്തോ ഒരു പ്രത്യേകതയുണ്ട് നിനക്ക്. എനിക്ക് നിന്നെ സിനിമാ പോസ്റ്ററുകളിൽ കാണണം. തിയറ്ററിന് മുന്നിൽ നിന്റെ വലിയ ചിത്രം ഇരിക്കുന്നത് കാണണം. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടനാകണം. അതാണ് എന്റെ ആഗ്രഹം. അന്നു നാടകം കണ്ടപ്പോൾ തന്നെ ഞാൻ അതു മനസിൽ കണ്ടിരുന്നു. അതാണ് അപേക്ഷ അയച്ചത്. നീ പോകണം..’

എന്നാൽ അദ്ദേഹം ഇതിന് താൽപര്യം കാണിച്ചില്ല. അതിന് ഒരുപാട് പണം വേണം. ഇൗ ജോലി വിട്ട് ഞാൻ ചെന്നൈയ്ക്ക് പോയാൽ എല്ലാം അവതാളത്തിലാകും. പണമില്ല എന്നൊക്കെ രജനി പറഞ്ഞു. എന്നാൽ അതിൽ നിന്നും പിൻമാറാൻ അവൾ തയാറായിരുന്നില്ല. പിന്നീട് അവൾ എത്തിയത് 500 രൂപയുമായിട്ടാണ്. അത് രജനിക്ക് സമ്മാനിച്ച് നിമ്മി പറഞ്ഞു. പണം ഞാൻ അയച്ചു തരാം നീ ചെന്നൈയ്ക്ക് പോകണം. സിനിമ പഠിക്കണം..മനസില്ലാ മനസോടെ ബസ് കണ്ട്ടർ ജോലി മതിയാക്കി നിമ്മിയുടെ ആഗ്രഹപ്രകാരം രജനി ചെന്നൈയിൽ പഠിക്കാൻ എത്തി.

ചെന്നൈയിലെ പഠനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ നിമ്മിയെ പറ്റി ഒരു അറിവുമില്ലാതായി. ഉടൻ നാട്ടിലെത്തിയ അദ്ദേഹം അവളെ കുറിച്ച് അന്വേഷിച്ചു. എന്നാൽ ആർക്കും അവൾ എങ്ങോട്ട് പോയെന്ന് അറിയില്ല. പിന്നീട് അവളുടെ വീട്ടിൽ പോയി. അപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നു. അയൽക്കാരോട് കാര്യം തിരക്കിയപ്പോൾ എങ്ങോട്ട് പോയെന്ന് അറിയില്ല. അവർ വീടു കാലിയാക്കി പോയി എന്ന മറുപടിയാണ് ലഭിച്ചത്. ഇതു പറഞ്ഞുതീർന്നതും രജനി സാർ കരഞ്ഞു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു. ഇന്ന് ഞാൻ ഒരു സിനിമാ നടനാണ്. പക്ഷേ അവൾ ഇതുവരെ എന്നെ അന്വേഷിച്ച് വന്നിട്ടില്ല. ഹിമാലയത്തിൽ പോയാലും അമേരിക്കയിൽ പോയാലും ഞാൻ തേടുന്നത് എന്റെ നിമ്മിയെയാണ്. ഒാരോ ജനക്കൂട്ടത്തിലും അവളെ ഞാൻ തിരക്കും. പക്ഷേ ദേവൻ സർ, എന്താണ് അവൾ ഇതുവരെ എന്നെ തേടി വരാത്തത്..ഞാൻ ഇവിടെ വരെ എത്തിയിട്ടും എന്താണ് അവൾക്ക് എന്നെ കാണണമെന്ന് തോന്നാത്തത്..’അടുത്തിടെ രജനികാന്തിനെ കണ്ടപ്പോഴും താനിക്കാര്യം തിരക്കി. അവർ തേടി എത്തിയോ എന്ന്. പക്ഷേ ‘ഇല്ല, ദേവാ.. ഇനിയും വന്നില്ല,,’ എന്നായിരുന്നു രജനിയുടെ മറുപടി.

കടപ്പാട്: മനോരമ

shortlink

Related Articles

Post Your Comments


Back to top button