CinemaGeneralLatest NewsMollywoodNEWS

സാമ്പാര്‍ വേണമെന്ന് ഇംഗ്ലീഷില്‍ ചോദിച്ച് യേശുദാസ്, മലയാളിയാണെന്ന് പറയാതെ മധു വാര്യര്‍

മുംബൈയിലെ ലീല ഹോട്ടലില്‍ ജോലി ചെയ്യുന്ന കാലത്ത് നടന്ന ഒരു രസകരമായ സംഭവമാണ് മധു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസിനെക്കുറിച്ചുള്ള പഴയൊരു ഓര്‍മ പങ്കുവച്ച് നടൻ മധു വാര്യര്‍.  മുംബൈയിലെ ലീല ഹോട്ടലില്‍ ജോലി ചെയ്യുന്ന കാലത്ത് നടന്ന ഒരു രസകരമായ സംഭവമാണ് മധു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളി ആണെന്ന് അറിയിക്കാതെ യേശുദാസിനെ പറ്റിച്ച  അനുഭവമാണ് മധു പങ്കുവെച്ചിരിക്കുന്നത്.

മധു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്………………

മുംബൈയിൽ ലീലയിൽ ഉപജീവനം നടത്തുന്ന കാലം.

ഗാനഗന്ധർവൻ ദാസേട്ടനും ഭാര്യ പ്രഭച്ചേച്ചിയും അതിഥികളായി എത്തിയപ്പോൾ അവരുടെ എല്ലാ സൗകര്യങ്ങളും നോക്കി നടത്താനുള്ള ഉത്തവാദിത്തം ലീലയുടെ ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്നെയേൽപ്പിച്ചു.

ഉച്ചയൂണിന് അവരുടെ മുറിയിലേക്ക് അന്തരിച്ച ഗായിക രാധികാ തിലകും അവരുടെ ഭർത്താവ് ശ്രീ സുരേഷും എത്തി. അവരുടെ സ്വകാര്യതയ്ക്ക് ഭ്രംശം വരുത്താതെ വളരെ പ്രൊഫഷണലായി തന്നെ ഭക്ഷണം വിളമ്പി.

ദാസേട്ടൻ: കുറച്ച് സാമ്പാർ തരൂ

പ്രഭച്ചേച്ചി: ഇത് ബോംബെയല്ലേ? മലയാളത്തിൽ പറഞ്ഞാൽ ആ കുട്ടിക്ക് മനസിലാവുമോ?

ദാസേട്ടൻ: ഓ! സോറി! പ്ലീസ് ഗിവ് മി സം സാമ്പാർ

ചിരി പൊട്ടിയെങ്കിലും പ്രൊഫഷണലിസം വിടാതെ തന്നെ സാമ്പാർ വിളമ്പി. രണ്ടാമത് ചോറ് വിളമ്പിക്കഴിഞ്ഞ് …

ദാസേട്ടൻ: എനിക്ക് കുറച്ച് കൂടി സാമ്പാർ വേണം

പ്രഭച്ചേച്ചി: ഇംഗ്ലീഷിൽ പറയൂന്നേ

ദാസേട്ടൻ: സോറി എഗെയിൻ! സം മോർ സാമ്പാർ പ്ലീസ്

ഊണ് കഴിഞ്ഞ് ടേബിൾ ക്ലിയർ ചെയ്ത് പോകാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു, “വരട്ടെ സർ, എന്താവശ്യമുണ്ടെങ്കിലും റൂം സർവീസിൽ വിളിച്ചാൽ മതി. ഞാൻ വന്നോളാം.”

ദാസേട്ടൻ: അമ്പട! മലയാളിയായിരുന്നോ!! എന്നിട്ടാണോ എന്നെക്കൊണ്ട് ഈ ഇംഗ്ലീഷൊക്കെ പറയിച്ചത്???!!!

shortlink

Related Articles

Post Your Comments


Back to top button