GeneralNEWS

മണ്ണപ്പം ചുടാത്ത ആരുമില്ല: ഗൃഹാതുരത്വത്തിന്റെ വര്‍ണം വിതറി ഒരു രഘുനാഥ് പലേരി രചന

കുഞ്ഞു വിരലുകൾ അമർത്തി ചിരട്ടയോടും മണ്ണിനോടും പരസ്പരം സ്‌നേഹിക്കാൻ പറയണം

തന്മയത്ത്വമായി സിനിമകള്‍ എഴുതും പോലെ തന്റെ ഫേസ്ബുക്ക് വായനക്കാര്‍ക്കും ഹൃദ്യമായ എഴുത്ത് അനുഭവം പകര്‍ന്നു നല്‍കുന്ന തിരക്കഥാകൃത്താണ് രഘുനാഥ് പലേരി.അദ്ദേഹത്തിന്റെ പുതിയ മുഖപുസ്തക രചന വായനക്കാരെ വീണ്ടും കയ്യിലെടുത്തിയിരിക്കുകയാണ്.

ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന രഘുനാഥ് പലേരിയുടെ പുതിയ ഫേസ്ബുക്ക് രചന വായിക്കാം

ചുട്ടെടുക്കുന്ന കുഞ്ഞു കുഞ്ഞു മണ്ണപ്പങ്ങൾക്ക് എന്തു രുചിയാണ്. ആദ്യം ചിരട്ട നല്ലപോലെ ഒന്നു നനക്കണം. ചെറു കല്ലുകളില്ലാത്ത മണ്ണിന് ഇത്തിരി നനവുണ്ടായാൽ നല്ലത്. കുഞ്ഞു പച്ചിലക്കഷ്ണങ്ങളും മഞ്ഞയും നീലയും വെള്ളയുമായ കുഞ്ഞുപൂക്കൾ പെറുക്കി ആദ്യം ചിരട്ടയിൽ ഇടണം. പിന്നെ മണ്ണ് നിറക്കണം. കുഞ്ഞു വിരലുകൾ അമർത്തി ചിരട്ടയോടും മണ്ണിനോടും പരസ്പരം സ്‌നേഹിക്കാൻ പറയണം. പിന്നെ ആ ചിരട്ട നിലത്ത് കമഴ്ത്തി വെള്ളാരം കല്ലുകൊണ്ടോ മറ്റൊരു ചിരട്ടകൊണ്ടോ സാധാരണ കല്ലുകൊണ്ടോ പതിയെ മേടണം. ഓരോ മേടും ഓരോ താളം തരും. ഒപ്പം ഇരുന്ന് അപ്പം ചുടുന്നവർ പുഞ്ചിരിയോടെ നോക്കി നിൽക്കേ അവർക്കു മുന്നിൽ പതിയെ ചിരട്ട ഉയർത്തണം. അവരാരും ഇല്ലെങ്കിൽ അവനവൻ ഒപ്പം ഉണ്ടെന്ന തിരിച്ചറിവോടെ ഉയർത്തണം.
മുന്നിൽ മണ്ണപ്പം റെഡി.

തലക്കു മുകളിൽ കിരീടംപോലെ ഇത്തിരി പച്ചയോ നീലയോ വെള്ളയോ മഞ്ഞയോ നിറവുമായി ഒരു സൃഷ്ടി. ജീവിതത്തിന്റെ നേർപ്പകർപ്പ്. ചുട്ടെടുത്ത ഇടത്തെ ചുറ്റുമുള്ള
മൺതരികൾ തുടച്ചു വെടിപ്പാക്കി അപ്പവും നോക്കി മനസ്സു നിറഞ്ഞൊരു ചിരിയുണ്ട്. ആ ചിരിയിലാണ് മണ്ണപ്പം വേവുന്ന മണം ഉയരുക. ജീവതച്ചൂടിൽ വേവുന്ന മനസ്സിന്റെ വിശപ്പാറ്റുന്ന വാസനയും അതു തന്നെ.

ആ വാസനയാണ് ജീവിക്കാനുള്ള ശക്തിയും പ്രത്യാശയും തരുന്നതും വളർത്തുന്നതും നിലനിർത്തുന്നതും. മണ്ണപ്പം ചുടാത്ത ആരുമില്ല. ചുട്ടു ചുട്ട് വിശപ്പുമാറിയവരും ഇല്ല. ചുടാതെ പോയൊരു ബാല്ല്യവും ഇല്ല. ബാല്ല്യം കലർത്താതെ ജീവിതം തുടർന്നവരും ഇല്ല. ഈ പ്രകൃതിയിലെ ഏറ്റവും സാധുവും നിഷ്‌ക്രിയനും നിസ്സഹായനും വിവേകിയും അവിവേകിയും ആയ ഒരേ ഒരു ജിവൻ മനുഷ്യനാണ്. അവനാവട്ടെ മണ്ണപ്പം ചുട്ടുചുട്ടങ്ങിനെ തള്ളാനേ അറിയൂ. ഒടുക്കം എല്ലാം നേടിയെന്ന ഭോഷ്‌ക്കോടെയും ഒന്നും നേടിയില്ലെന്ന അറിവോടെയും ധർമ്മം എന്താണെന്ന തിരിച്ചറിവോടെയും ഇല്ലാതാവാനേ അറിയൂ. അല്ലെങ്കിലും ജനനത്തിനും മരണത്തിനും ഇടയിലുള്ള ഇത്തിരി മൺതരി ദൂരേക്ക്, എത്ര കോമാളിക്കളി കളിച്ചാലും എത്ര യുദ്ധം നേടിയാലും, മനുഷ്യ ജന്മത്തിന് ആകെ കിട്ടുന്നത് ശരീരം എന്നൊരു മണ്ണപ്പമല്ലെ. അറിയാതൊന്ന് മുറുക്കിപ്പിടിച്ചാൽ അതങ്ങ് പൊടിഞ്ഞ് കാറ്റിൽ പറക്കുന്ന തരികളായി മാറും.

അഛന്റെ അസ്ഥി സഞ്ചയന ദിവസം.
ദഹനക്ഷേത്ര മണ്ഡപത്തിൽ നിന്നും രണ്ടു ചമത കമ്പുകളിലായി ശാന്തമായ ചിതയിൽ നിന്നും അസ്ഥിത്തുണ്ടുകളിലൊന്ന് ഇറുക്കിപ്പിടിച്ച് എടുത്ത് ജലവും സ്‌നേഹവും (എണ്ണ) നനച്ച് ഞാൻ ആകാശം കാണിച്ചു..

ഗംഗനം ദൃശ്യയാമി.
അവിടുന്നാണ് അങ്ങ് വന്നത്.
അവിടേക്ക് തന്നെ തിരിച്ചു പോകാൻ ഒരു കളത്രപുത്രാദികളുടെയും സമ്മതം വേണ്ട.
അങ്ങ് ഞങ്ങൾക്ക് കിട്ടിയ മഹാതേജസ്സ്. ഓർമ്മകളിലും ചിന്തകളിലും സ്വപ്നങ്ങളിലും എന്നും ചിന്തയോടെ ഉദിച്ചു നിൽക്കുന്ന മഹാ തേജസ്സ്. ആകാശം കാണിച്ച് ആ പിതാസ്ഥി തുണ്ട്
കവുങ്ങിൻ പാളപ്പാത്രത്തിൽ ആദരവോടെ വെച്ചു. അടുത്തത് എടുത്തു. അതും വെച്ചു. വീണ്ടും ഒരെണ്ണം എടുത്തു. അതും വെച്ചു. അപ്പോഴാണ് ചിതയിൽ എനിക്കായി അസ്ഥി തിരയുന്ന ദഹന സ്ഥലത്ത് ചിതയൊരുക്കിയ ആൾ ഒരു കുഞ്ഞു അസ്ഥിതുണ്ട് എടുത്ത് വിരലുകൾക്കിടയിൽ വെച്ചൊന്ന് അമർത്തിയത്. അഛന്റെ കൈ പിടിച്ച് നടന്നു കയറിയ കോഴിക്കോട് നടക്കാവ് ഗവർമ്മെണ്ട് അപ്പർ പ്രൈമറി സ്‌ക്കൂളിലെ ഒന്നാം ക്ലാസിലെ വനജ ടീച്ചർ കരയാതിരിക്കാനായി തന്ന ബോർഡിൽ എഴുതുന്ന ചോക്ക് കഷ്ണം ആദ്യ ദിവസം തന്നെ കൈയ്യിൽ കിടന്ന് പൊടിഞ്ഞതു പോലെ, ആ അസ്ഥിതുണ്ടങ്ങ് അദ്ദേഹത്തിന്റെ വിരലകുൾക്കിടയിൽ കിടന്ന് പൊടിഞ്ഞതും ഉള്ളൊന്ന് പിടഞ്ഞു. ഉൾപ്രകമ്പനം അറിഞ്ഞ അദ്ദേഹം ആശ്വസിപ്പിച്ചു.
”വിഷമിക്കേണ്ട. ഇത് വെറും കാൽസ്യം. ശുദ്ധ കാൽസ്യം. രാഘവേട്ടൻ സംശുദ്ധനായ ഒരു മനുഷ്യനായിരുന്നു.”

അഛന്റെ ചങ്ങാതിയായിരുന്നു അദ്ദേഹം.
അഛൻ യാത്രയാവുന്നതിന്നു മുൻപ് പലതവണ ഞാനും അഛനും ആ ശ്മാശനത്തിൽ വന്നിട്ടുണ്ട്. അപ്പോഴൊക്കെ അവിടുത്തെ സൂക്ഷിപ്പുകാരനായ അദ്ദേഹത്തോട് മിണ്ടീം പറഞ്ഞും നിന്നിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ കാണുമ്പോൾ അഛൻ പുഞ്ചിരിക്കും.
”ഒരു കാര്യവുമില്ല. ഇതെല്ലാം മരിക്കാത്തവന്റെ മനഃസ്സമാധാനത്തിന്. ”
”മരിച്ചവർക്ക് മനസ്സുണ്ടാകുമോ..?”
”ഫ്യൂസായ കമ്പിയിൽ എവിടാ മോനേ കറണ്ട്..?”

അതാണ് സത്യം. കറന്റെന്ന ചാലക ശക്തി നിലക്കുമ്പോൾ സർവ്വതും ജഡം. അഛനും അഛൻ തന്ന അമ്മയേയുംപോലെ ഒരു ദിവ്യ തേജസ്സ് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അവരെ എന്തുകൊണ്ട് ഞാനിത്രയും ഗാഢമായി സ്‌നേഹിക്കുന്നുവെന്നും
എനിക്കറിയില്ല. അവർ രണ്ടു വ്യക്തികളോ രണ്ടു മനസ്സോ ശരീരമോ അല്ല. എന്റെ ആകെയുള്ള മൂലധനം അവരാണ്. അവരിൽ നിന്നുമാണ് എന്നിലെ സർവ്വതിന്റെയും ആരംഭം. കടലിൽ
അമരുന്ന സൂര്യനെപോലെ അവരെന്നിൽ അസ്തമിക്കുന്നു. അതേ കടലിൽ ഉദിക്കുന്ന
സൂര്യനായി വീണ്ടും ഉണരുന്നു. ഞാനൊരു കടൽ മാത്രം. എന്നെ കടലാക്കുന്നതും എന്നിൽ ജീവൻ നിറക്കുന്നതും എന്നിൽ നിന്നും അതെല്ലാം തിരിച്ചെടുക്കുന്നതും അവർ മാത്രം.

2.
ഒരു സംഭവം ഓർക്കുകയാണ്.
എട്ടാം ക്ലാസിൽ ഒരു പരീക്ഷാ കാലത്ത് ചില വിഷയങ്ങളുടെ സകല ചോദ്യങ്ങളും ഞാൻ തെറ്റിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഉത്തരങ്ങൾ അറിയുന്ന ചോദ്യങ്ങൾ തന്നെയായിരുന്നു എല്ലാം. പക്ഷെ ആ ഉത്തരങ്ങൾക്കൊന്നും മാർക്ക് കിട്ടിയില്ല. പരീക്ഷാ വിജയവും തോൽവിയും അറിയിച്ചുകൊണ്ട് കയ്യിൽ കിട്ടിയ മഞ്ഞ കാർഡ് നിറയെ അനേകം വിപ്ലവ വരകൾ വരച്ച് മാഷ് കയ്യിൽ തന്നു.
”നീ തോറ്റ് തൊപ്പിയിട്ടു. നീ ഇനി നന്നാവൂല.”

നന്നാവുന്നതും നന്നാവാത്തതും തൊപ്പിയിടുന്നതും ഒന്നും എനിക്ക് പ്രശ്‌നമല്ല. പക്ഷെ ഞാനെങ്ങിനെ ആ ഉത്തരങ്ങളെല്ലാം തെറ്റിച്ചു..?! ആ പ്രായത്തിൽ വണ്ടറടിച്ചു നിൽക്കാംന്നല്ലാതെ മാഷന്മാരോട് തർക്കിക്കാൻ പാടില്ല. ആ വരകൾ അഛനേം അമ്മേം ഏട്ടന്മാരേം കാണിക്കാൻ എന്തോ മനസ്സ് സമ്മതിച്ചില്ല.

അന്ന് കാണാറുള്ള സിനിമകളിൽ നാടുവിട്ടു പോകുന്ന പ്രേംനസീറിനെയും തിരികെ പണക്കാരനായി വരുന്ന പ്രേംനസീറിനെയും കണ്ടിട്ടുണ്ട്. ഞാനും പ്രേംനസീറും തമ്മിൽ എന്താ വ്യത്യാസം. സ്‌ക്കൂളിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകാതെ ആ ദിവസം തന്നെ ഞാനും നാടുവിട്ടു.
വെള്ളയിൽ സ്റ്റേഷനിൽ വന്നു നിന്ന ഒരു പാസഞ്ചർ തീവണ്ടിയിൽ ടിക്കറ്റെടുക്കാതെ കയറി
ഇരുന്നു. വണ്ടി പുറപ്പെട്ടു. ആദ്യമായാണ് തനിച്ച് തീവണ്ടിയിൽ പോകുന്നത്. അതും വീട്ടിൽ
പറയാതെ. വെള്ളയിലിനും അപ്പുറം ഏതോ മഹാനഗരം ഉണ്ടെന്ന് മനസ്സു പറയുന്നു. ആ നഗരത്തിലേക്ക് പോകണം. അവിടം തെണ്ടി നടന്ന് വല്ല പണിയും കിട്ടുമോന്ന് നോക്കണം. കിട്ടുംന്ന് ഉറപ്പാണ്. കിട്ടുന്ന പൈസക്ക് കോട്ടും സൂട്ടും വാങ്ങണം. കുറെ കാലം കഴിഞ്ഞ് തിരിച്ചു വരണം. കയ്യിലുള്ള സമ്പാദ്യമെല്ലാം അഛനും അമ്മക്കും കൊടുക്കണം.
കുടുംബം നോക്കേണ്ടത് ഒരു മകന്റെ ഉത്തരവാദിത്വമാണ്.

ഓടുന്ന തീവണ്ടിയെ പെട്ടെന്ന് രാത്രി പൊതിഞ്ഞു. ഇരുട്ടിലൂടെ കൂക്കി വിളിച്ച് ഓടുന്നതല്ലാതെ തീവണ്ടി ഒരു മഹാനഗരത്തിലും എത്തുന്നില്ല. കുറെ കഴിഞ്ഞപ്പോൾ തീവണ്ടി വടകര സ്റ്റേഷനിൽ എത്തി. മുനിഞ്ഞു കത്തുന്ന ചില വിളക്കുകൾ അല്ലാതെ മറ്റൊന്നും സ്റ്റേഷനിൽ ഇല്ല. വടകരയെങ്കിൽ വടകര. വടകരയും ഒരു നഗരമാണല്ലൊ. ഇറങ്ങി.

തീവണ്ടി മംഗളം നേർന്ന് കൂവിക്കിതച്ച് ഓടിപ്പോയി. തീവണ്ടി മണമല്ലാതെ മറ്റൊന്നും കാറ്റിൽപോലും ഇല്ല. പ്ലാറ്റ്‌ഫോം വിട്ട് പുറത്തേക്കിറങ്ങി. ചുറ്റും ഇരുട്ട്. അഞ്ചാറ് പട്ടികൾ എന്നെയും നോക്കി ചിരിച്ചു നിന്നു. അവരെ വിട്ട് മനുഷ്യ വർഗ്ഗത്തിൽ ആരും നിരത്തിൽ ഇല്ല. ഇത്രയും ശുഷ്‌കിച്ച മഹാനഗരമാണോ വടകര. തീവണ്ടി ഇറങ്ങി വന്നവരെപോലും എങ്ങും കാണാനില്ല. നിന്നിടത്തു നിന്നും വട്ടം കറങ്ങി വീണ്ടും ചെന്നു കയറിയത് സ്റ്റേഷന്നുള്ളിൽ തന്നെ. ആ നേരം കോഴിക്കോട്ടേക്ക് പോകുന്ന മറ്റൊരു പാസഞ്ചർ പ്ലാറ്റ്‌ഫോമിൽ വന്നു നിന്നു. കയറി ഇരുന്നു.

കോഴിക്കോട് ഓട്ടം അവസാനിപ്പിച്ച തീവണ്ടി മുറിയിൽ ഉറങ്ങുകയായിരുന്ന എന്നെ
വിളിച്ചുണർത്തിയത് ഒരു റെയിൽവേ തൊഴിലാളി. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്ന് എത്തിപ്പെട്ടത് രാധാ തിയേറ്ററിന്നു മുന്നിൽ. അവിടം ”ഉദ്യോഗസ്ഥ” എന്ന സിനിമ സെക്കന്റ് ഷോ ഏതാണ്ട് കഴിയാറായിരിക്കുന്നു. ചൂടു കാരണം വാതിലുകളെല്ലാം തുറന്നിട്ടാണ് ഷോ നടക്കുന്നത്. ചുമ്മാ അങ്ങ് കയറിച്ചെന്നു. വാതിൽക്കൽ താഴേക്കിറങ്ങുന്ന ചവിട്ടു പടികളിലൊന്നിൽ ഇരുന്ന് ഏങ്ങോട്ടും നാടുവിട്ടു പോകാതെ നേരാംവണ്ണം സിനിമയിൽ അഭിനയിക്കുന്ന പ്രേംനസീറിനെ കണ്ടു. ഈ നായകൻ കാരണമാണ് ഞാനിപ്പോൾ വടകര വരെ പോയത്.

സിനിമ കഴിഞ്ഞ് രാത്രി നേരം നിരത്തിലൂടെ വീട്ടിലേക്ക് നടക്കേ പിന്നിൽ ഒരു സൈക്കിൾ ബെല്ല് കേട്ടു. തിരിഞ്ഞു നോക്കി. മുന്നിൽ അഛനും മൂത്ത ഏട്ടനും. കുറെ നേരമായി എന്‌നെ തിരിയുന്ന ഏട്ടൻ കോപം കാരണം ചെവി പിടിക്കാൻ വന്നു. അഛൻ തടഞ്ഞു. പുഞ്ചിരിച്ചു. വീട്ടിലേക്ക് പോകുമ്പോൾ ഞാൻ സൈക്കിളിന്റെ മുന്നിലാണ് ഇരുന്നത്. അഛൻ പിറകിലും. ഏട്ടൻ ത്രിബിൾ എടുത്തു. അക്കാലത്ത് സൈക്കിളിൽ ഡബിൾ എടുത്താൽ അപൂർവ്വമായി പോലീസ് പിടിക്കും. പോലീസുകാർ ആരും ഒന്നും എതിരെ വന്നതുമില്ല. ഒരുപക്ഷെ അവരും നാടുവിട്ടു കാണും.

വീട്ടിൽ എത്തുമ്പോൾ അനിയനും അനിയത്തിയും അരവിയേട്ടനും മുരളിയേട്ടനും
ഉറങ്ങിയിരുന്നു. അമ്മയുടെ കണ്ണിൽ ഒരു മഴ കണ്ടു. അമ്മ തന്നെ അത് തുടച്ചു മായ്ച്ചു. ആ ചുകന്ന വിപ്ലവ വരകൾ വീട്ടിൽ ഒരു കലാപവും ഉണ്ടാക്കിയില്ല. അത്രയും മണിക്കൂറുകൾ എന്നെ കാണാതെ വീട്ടിൽ എന്താണ് സംഭവിച്ചതെന്നും ഞാൻ തിരക്കിയില്ല. ആരും അത് കാര്യമായി എടുത്തതേയില്ല. പിന്നീടെപ്പോഴോ കൈ പിടിച്ചു നടക്കേ അഛൻ മാത്രം ഒരിക്കൽ പറഞ്ഞു.
”നീ എവിടേക്ക് വേണെങ്കിലും നാടു വിട്ടോ. പക്ഷെ പറഞ്ഞിട്ടു പോണം.”
ഞാൻ കൗതുകത്തോടെ ചോദിച്ചു.
”പറയാതെ പോകുമ്പോഴല്ലേ അഛാ.. നാടു വിടൽ ആവൂ..”
”അല്ല. പറഞ്ഞിട്ട് വിടുന്നതും നാടു വിടൽ ആണ്. സ്ഥലം വിടുന്നൂന്ന് അഛൻ
വീട്ടുകാരോട് പറഞ്ഞിട്ടല്ലേ പണ്ട് നാടു വിട്ട് കോഴിക്കോട്ടെത്തിയത്..?”

പിന്നീട് രണ്ടു തവണ കൂടി പറഞ്ഞുകൊണ്ട് ഞാൻ നാടു വിട്ടു. രണ്ടാമത്തെ നാടുവിടലിൽ ആണ് ”മൈ ഡിയർ കുട്ടിച്ചാത്തനും” ”ഒന്നുമുതൽ പൂജ്യംവരെയും” എല്ലാം പെറുക്കാൻ തുടങ്ങിയത്. പിന്നീട് ഇന്നുവരെ എന്നിൽ നിന്നല്ലാതെ എവിടേക്കും ഞാൻ നാടു വിട്ടിട്ടില്ല.
:)

(കടപ്പാട് ശ്രീ എംജി രാധാകൃഷ്ണനോട്.
ഇത് അദ്ദേഹത്തിന്റെ പ്രവാസി മാസികയിൽ
എഴുതിയ വരികളിൽ നിന്നും ഒരു പിടി വാരിയതാണ്. അടുത്ത പിടി രണ്ടു നാൾ കഴിഞ്ഞ് തരാം.)

ചിത്രത്തിൽ അഛനും അമ്മയും അവരുടെ സന്തോഷ മൗനവും

shortlink

Related Articles

Post Your Comments


Back to top button