BollywoodCinemaGeneralLatest NewsNEWS

”എന്തിനാണ് നിങ്ങള്‍ മുഖം മറച്ചിരിക്കുന്നത്” ; ജെഎന്‍യു ക്യാമ്പസിൽ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരങ്ങള്‍

പൗരത്വ ഭേദഗതി നിയമത്തിൽ പിന്തുണ തേടി ബോളിവുഡ് താരങ്ങള്‍ക്കായി ഇന്നലെ മുംബൈയില്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു.

ജെഎന്‍യു ക്യാമ്പസില്‍ ഇന്നലെ രാത്രിയുണ്ടായ ആക്രമണങ്ങളില്‍ പ്രതികരിച്ച് ബോളിവുഡ് താരങ്ങള്‍. പൂജാ ഭട്ട്, തപ്സി പന്നു, ഷബാന ആസ്മി, സ്വര ഭാസ്കര്‍, തുടങ്ങിയവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.   പൗരത്വ ഭേദഗതി നിയമത്തിൽ പിന്തുണ തേടി ബോളിവുഡ് താരങ്ങള്‍ക്കായി ഇന്നലെ മുംബൈയില്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് വിരുന്നൊരുക്കിയത്. രാത്രി എട്ടുമണിയോടെയായിരുന്നു വിരുന്ന്. ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണമുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഈ വിരുന്ന്.

അത്താഴവിരുന്നില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരെ കണക്കിന് വിമര്‍ശിച്ച് നടിയും നിര്‍മ്മാതാവുമായ പൂജാ ഭട്ട് രംഗത്തെത്തി. ”ഭരിക്കുന്ന പാര്‍ട്ടിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ പോയ ‘സഹപ്രവര്‍ത്തകരോട്’, ഇനിയെങ്കിലും രാജ്യത്ത് അഴിച്ചുവിടുന്ന ആക്രമണങ്ങള്‍ കുറയ്ക്കാന്‍ അവരോട് അപേക്ഷിക്കുമെന്ന് കരുതുന്നു…” – പൂജാ ഭട്ട് ട്വീറ്റ് ചെയ്തു.

റിതേഷ് സിധ്വാനി, ഭൂഷണ്‍ കുമാര്‍, കുനാല്‍ കോഹ്ലി, രമേഷ് തൗരാനി, രാഹുല്‍ റവാലി, സെന്‍സര്‍ ബോര്‍ഡ് ചീഫ് പ്രസൂന്‍ ജോഷി, രണ്‍വിര്‍ ഷെറോയ്, ഗായകന്‍ ഷാന്‍, കൈലാഷ് ഖേര്‍, നടി ഉര്‍വശി റൗട്ടാല എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു. എന്നാല്‍ മുന്‍നിര താരങ്ങളാരും വിരുന്നിനെത്തിയിരുന്നില്ല.

ജെഎന്‍യു ആക്രമണത്തില്‍ പ്രതികരിച്ച് ആദ്യമായി ബോളിവുഡില്‍ നിന്ന് ഉയര്‍ന്ന ശബ്ദം തപ്സി പന്നുവിന്‍റേതായിരുന്നു. ”ഭാവിയെ വാര്‍ത്തെടുക്കുന്നതെന്ന് നമ്മള്‍ കരുതുന്ന സ്ഥലത്തിനുള്ളിലെ അവസ്ഥ ഇതാണ്. എന്തുതരത്തിലുള്ള രൂപീകരണമാണ് അവിടെ നടക്കുന്നത്…” – തപ്സി പന്നു ട്വീറ്റ് ചെയ്തു. അര്‍ദ്ധരാത്രിയില്‍ നടന്ന ജെഎന്‍യു ആക്രമണം അപമാനകരവും അതിഭീകരവും ഹൃദയഭേദകവുമാണെന്ന് രാജ്കുമാര്‍ റാവു പ്രതികരിച്ചു.

ജെഎന്‍യു വിദ്യാര്‍ത്ഥി കൂടിയായിരുന്ന സ്വര ഭാസ്കര്‍ വികാരാധീനയായാണ് ഇന്‍സ്റ്റഗ്രാമിലെത്തിയത്. സ്വരയുടെ മാതാപിതാക്കള്‍ ജെഎന്‍യു ക്യാമ്പസിലാണ് താമസിക്കുന്നത്. സ്വര ഭാസ്കറിന്‍റെ വീഡിയോ നടി ഷബാന ആസ്മിയും പങ്കുവച്ചു. ഇത് ഞെട്ടിക്കുന്നതിനും അപ്പുറമാണ്. കുറ്റവാളിക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും ഷബാന ആസ്മി വീഡിയോ പങ്കുവെച്ച് കുറിച്ചു.

”എന്തിനാണ് നിങ്ങള്‍ മുഖം മറച്ചിരിക്കുന്നത് ? കാരണം നിങ്ങള്‍ക്ക് തന്നെയറിയാം നിങ്ങള്‍ ചെയ്യുന്നത് തെറ്റായതും നിയവിരുദ്ധവും ശിക്ഷാര്‍ഹവുമായ കാര്യമാണെന്ന്” – നടന്‍ റിതേഷ് ദേശ് മുഖ് പ്രതികരിച്ചു. ഒപ്പം ഭാര്യ ജനീലിയ ഡിസൂസയും ആക്രമണത്തിനെതിരെ രംഗത്തെത്തി.

സാധാരണ രീതിയില്‍ കേന്ദ്ര സർക്കാർ നയങ്ങൾക്ക് മികച്ച സ്വീകരണം ലഭിക്കാറുള്ള ബോളിവുഡിൽനിന്ന് നിരവധി എതിർസ്വരങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാന്‍ കേന്ദ്രം ഇങ്ങനെ ഒരു നീക്കം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button