CinemaGeneralLatest NewsMollywoodNEWS

അട്ടപ്പാടിയിലേക്ക് സത്യത്തില്‍ മദ്യം കൊണ്ടു പോകുന്നതിന് വിലക്കുണ്ടോ?; കുറിപ്പുമായി എഴുത്തുകാരന്‍ തോമസ് കെയല്‍

ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ ഒരു ബന്ധുവിനും കൂട്ടുകാര്‍ക്കും സംഭവിച്ചതും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളും ഓര്‍മ്മവന്നു.

പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോകുന്നതും പിന്നീട് സംഭവിക്കുന്ന പ്രശ്നങ്ങളുടെയും കഥയാണ് ചിത്രം പറഞ്ഞത്. എന്നാല്‍ അട്ടപ്പാടിയിലേക്ക് സത്യത്തില്‍ മദ്യം കൊണ്ടു പോകുന്നതിന് വിലക്കുണ്ടോ. അത് വിശദമാക്കി ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ തോമസ് കെയല്‍.

കുറിപ്പിന്റെ പൂർണരൂപം…………………………………

അയ്യപ്പനും കോശിയും..(പിന്നെ ഞാനും)

ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ ഒരു ബന്ധുവിനും കൂട്ടുകാര്‍ക്കും സംഭവിച്ചതും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളും ഓര്‍മ്മവന്നു.

അട്ടപ്പാടിയില്‍ നിന്ന് മണ്ണാര്‍ക്കാട് പോയാല്‍ തിരികെപ്പോരുമ്പോള്‍ ഒരു കുപ്പിയെങ്കിലും വാങ്ങി വണ്ടിയിലിടുന്നതാണ് മദ്യപരുടെ ശീലം. ചുരം കയറിയാല്‍ പിന്നെ മദ്യവില്‍പന നിരോധിച്ചയിടമായതുകൊണ്ട് ദ്രാവകം കരിഞ്ചന്തയിലേ കിട്ടൂ, അല്ലെങ്കില്‍ തമിഴന്റെ ആനക്കട്ടിയില്‍ പോകണം.

പതിവ് തെറ്റിക്കാതെ ബന്ധുവും കൂട്ടരും രണ്ടുമൂന്ന് കുപ്പി മദ്യം ബിവറേജസില്‍ നിന്ന് ബില്‍ സഹിതം വാങ്ങി ജീപ്പിലിട്ടു. വഴിയിലെങ്ങാനും പരിശോധനയുണ്ടായാല്‍ ബോധ്യപ്പെടുത്താനാണ് ബില്ല്. മിക്കപ്പോഴും രാത്രിയിലാണ് ചുരത്തിലെ പരിശോധന. അങ്ങനെ ആ രാത്രിയില്‍ ആരോ പറഞ്ഞുവച്ചപോലെ കൃത്യമായി ആ കുപ്പികള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചതുംപോര ‘അട്ടപ്പാടി മദ്യനിരോധിത മേഖലയാണെന്നറിയില്ലേ’ എന്നൊരു പരിഹാസവും കൂടിയായപ്പോള്‍ ബന്ധുവിനും കൂടെയുള്ളര്‍ക്കും ഇളകി. ചെന്നിട്ട് വീശാനുള്ളത് പിടിച്ചുവച്ചിട്ടാണ് ഈ പുന്നാരം പറച്ചില്‍.

‘ ഇപ്പറഞ്ഞത് ശരിയല്ലല്ലോ സാറമ്മാരെ അട്ടപ്പാടിയില്‍ മദ്യം വില്‍ക്കാന്‍ പാടില്ല എന്നല്ലേ നിയമം..’ ഈ മറുചോദ്യമാണ് പ്രശ്‌നമായത്. ‘ മദ്യം അട്ടപ്പാടിലേക്ക് കൊണ്ടുപോകണതും കുറ്റമാണ്.. വല്യ പത്രാസ് കാണിക്കാതെ പോവാന്‍ നോക്കടാ..അധികം വെളഞ്ഞാല്‍ പിടിച്ച് അകത്തിടും..’

ഇങ്ങനെ പിടിച്ചെടുക്കുന്ന മദ്യം തിരികെ കൊടുക്കുന്ന കീഴ്‌വഴക്കമില്ല. ചിലപ്പോള്‍ ഇവര്‍ കുപ്പികള്‍ എറിഞ്ഞ് പൊട്ടിച്ചുകളയും അതല്ല സൗകര്യമൊത്താല്‍ പിന്നീടുപകാരെപ്പെട്ടാലൊ എന്ന് കരുതി അവരുടെ ജീപ്പില്‍ ഒളിപ്പിച്ച്കളയും. മദ്യം തിരികെ തന്നില്ലെങ്കില്‍ അത് എഴുതിക്കിട്ടണമെന്നായപ്പോള്‍ മനസ്സില്ലാമനസ്സോടെ ഉദ്യോഗസ്ഥര്‍ എഴുതി രശീത് കൊടുത്തു. പിറ്റേന്നാണ് ഈ വിവരങ്ങള്‍ വച്ച് ഒരു പരാതി എഴുതിത്തരാന്‍ പറഞ്ഞ് ബന്ധു എന്നെ പിടികൂടിയത്. അങ്ങനെ ആദ്യവും അവസാനവുമായി ഞാനൊരു പരാതി, എക്‌സൈസ് കമ്മീഷണര്‍ക്ക് അയക്കാന്‍ എഴുതിക്കൊടുത്ത് സൗദിയിലേക്ക് രക്ഷപ്പെട്ടു..

പിന്നെയറിയുന്നത് കേസ് എങ്ങനെയെങ്കിലും ഒതുക്കിത്തീര്‍ക്കാന്‍ മദ്യം പിടിച്ചെടുത്ത ഓഫീസര്‍ ഒന്നിലധികം തവണ അട്ടപ്പാടി കയറിയിറങ്ങിയെന്നാണ്..അട്ടപ്പാടിയില്‍ അധികൃതവും അനധികൃതവുമായ മദ്യവില്‍പനയേ നിരോധിച്ചിട്ടുള്ളൂ അല്ലാതെ അനുവദനീയമായ അളവില്‍ മദ്യം കൊണ്ടുപോകുന്നതിനോ അത് ഉപയോഗിക്കുന്നതിനോ തടസമില്ല. ഈ നിയമവശം അറിയാത്ത അട്ടപ്പാടിവാസികളെ കബളിപ്പിക്കുകയായിരുന്നു അത്രയും കാലം ഉദ്യോഗസ്ഥര്‍. ഈ സംഭവത്തോടെ മദ്യവേട്ടക്ക് കുറച്ചൊക്കെ ശമനം വന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇനി ഞാന്‍ സിനിമ കണ്ടിട്ട് ബാക്കി പറയാം

shortlink

Related Articles

Post Your Comments


Back to top button