GeneralLatest NewsMollywood

ഭക്ഷണം കഴിക്കുമ്പോൾ ദൈവം തമ്പുരാൻ വന്നാൽ പോലും എഴുന്നേൽക്കാൻ പാടില്ല, ഒരു കല്ലിൽ ഇരുന്ന് ഭക്ഷണം കഴിച്ച കലാകാരന്‍

''സാറേ ഇങ്ങളെ കാണാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യാട്ടോ'' എന്ന് ഷൂട്ടിംഗ് കാണാൻ വന്ന ഒരു വീട്ടമ്മ പറഞ്ഞു അവരോട് അദ്ദേഹം തിരിച്ചു പറഞ്ഞത് ''നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഞാനും ഭാഗ്യവാനാണ് ജീവിതത്തിൽ നിങ്ങളെ കാണാൻ കഴിയും എന്ന് ഞാനും കരുതിയതല്ലല്ലോ''

മലയാളത്തിന്റെ പ്രിയ നടന്‍ ശശി കലിംഗ ഓര്‍മ്മയായി. തനായ ശൈലിയില്‍ നര്‍മ്മ ബോധത്തോടെ വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രിയ നടൻ ശശി കലിംഗയുമൊത്തുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ രാജു ചന്ദ്ര. ഷൂട്ടിങിനിടെ ശശി കലിംഗ രസകരമായ നർമകഥ തിരക്കഥയായി ചെയ്യാൻ ഇരിക്കുകയായിരുന്നുവെന്നും ആ വാക്ക് പാലിക്കാതെ അദ്ദേഹം യാത്രയായെന്നും രാജു പറയുന്നു. ശശി കലിംഗ അവസാനമായി അഭിനയിച്ച ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയുടെ സംവിധായകനാണ് രാജു.

രാജു ചന്ദ്ര പറയുന്നു…

പാതി വച്ച് പോയല്ലോ ശശിയേട്ടാ…ഇന്ന് ഏപ്രിൽ 7, 2020… കോഴിക്കോട്. രാവിലെമുതൽ കാണുന്ന കനത്ത മഴയാണ്… ശശിയേട്ടന്റെ ചുമയുടെ ഇടക്കുള്ള ചിരിയുടെ മിന്നൽ ശകലങ്ങൾ, അത്‌ കാതിൽ മുഴങ്ങി.. നെഞ്ചിൽ അലക്കുന്നു.

നാടകങ്ങളിലെ പൊലീസ് വേഷം, ഉത്സവപറമ്പുകളിൽ സ്റ്റേജിൽ മുഴങ്ങുന്ന ശശിയേട്ടന്റെ ഡയലോഗ്,ആരാധനയോടെ കണ്ടു നിന്ന നാളുകൾ.

ജിമ്മിയുടെ ഷൂട്ടിങ് സമയത്ത്.. മാർപാപ്പയും ഹോളിവുഡ് സിനിമയിലെ അനുഭവങ്ങളും ചേർത്ത് പറഞ്ഞ രസകരമായ നർമകഥ, താനിത് എഴുതി സംവിധാനം ചെയ്യേഡോ.. കാശൊക്കെ നമുക്ക് ഒപ്പിക്കാം… ഉം… ”; ദുബായിൽ ജിമ്മി ഷൂട്ടിനിടയ്ക്ക് തന്ന വാക്ക്, ഷൂട്ടിങ് കഴിഞ്ഞ് നാട്ടിൽ ഡബ്ബിങ് വന്നപ്പോഴും ആവർത്തിച്ചു ആഗ്രഹം. എഴുതി തീർത്താൽ വായിച്ചു കേൾക്കാൻ നിൽക്കാതെ.. വാക്കു പാലിക്കാതെ..തിരക്കുപിടിച്ചു.. മഴയത്തു.. പാതി വച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ…

ശശി കലിംഗയ്ക്കൊപ്പം അഭിനയിച്ച സഹതാരം സിയാസുദീന്‍ അദ്ദേഹത്തെക്കുറിച്ച് പങ്കുവച്ചതിങ്ങനെ..

നല്ല കഴിവുള്ള കലാകാരൻ എളിമയുള്ള പെരുമാറ്റം ജീവിതത്തിൽ തരണം ചെയ്ത പ്രതിസന്ധികൾ ഓർമയിലുള്ളത് കൊണ്ടാവണം ഒട്ടും ജാഡയില്ലാത്ത സംസാരം ഇതൊക്കെയാണ് ശശി കലിംഗ എന്ന നടനിൽ ഞാൻ കണ്ട പ്രത്യേകതകൾ.ഒരു സിനിമാ ലൊക്കേഷനിൽ ആദ്യവസാനം വരെ ഒന്നിച്ചു ഉണ്ടായതിൽ വ്യത്യസ്തമായ ചില അനുഭവങ്ങൾ എനിക്കുണ്ട്

വ്യക്തി സംഭാഷണത്തിൽ പോലും ഒരുപാട് നർമ്മങ്ങൾ കലർത്തി അദ്ദേഹം സംസാരിക്കുമായിരുന്നു.

”സാറേ ഇങ്ങളെ കാണാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യാട്ടോ” എന്ന് ഷൂട്ടിംഗ് കാണാൻ വന്ന ഒരു വീട്ടമ്മ പറഞ്ഞു അവരോട് അദ്ദേഹം തിരിച്ചു പറഞ്ഞത് ”നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഞാനും ഭാഗ്യവാനാണ് ജീവിതത്തിൽ നിങ്ങളെ കാണാൻ കഴിയും എന്ന് ഞാനും കരുതിയതല്ലല്ലോ”

കസേരയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് അദ്ദേഹത്തെ കണ്ടപ്പോൾ എഴുന്നേറ്റു ”; ഭക്ഷണം കഴിക്കുമ്പോൾ ദൈവം തമ്പുരാൻ വന്നാൽ പോലും എഴുന്നേൽക്കാൻ പാടില്ല”എന്ന് തനത് ശൈലിയിൽ പറഞ്ഞ് ഒരു കല്ലിൽ ഇരുന്ന് ഭക്ഷണം കഴിച്ചു.

ഹോളിവുഡ് വരെ എത്തിയ അഭിനയപ്രതിഭ ലോകത്തോട് വിട പറഞ്ഞു എന്ന വാർത്തയാണ് ഇന്ന് പ്രഭാതത്തിലെന്നെ തേടിയെത്തിയത് അതുല്യനായ മഹാപ്രതിഭക്ക് ആദരാഞ്ജലികൾ

shortlink

Related Articles

Post Your Comments


Back to top button