Latest NewsNEWS

പത്മരാജന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു

ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മികച്ച സംവിധായകനുള്ള പുരസ്‌കാരം കുമ്പളങ്ങി നൈറ്റ്‌സിലൂടെ മധു സി നാരായണനെ തേടിയെത്തി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഈ വര്‍ഷം മുതല്‍ പുതിയതായി ഏര്‍പ്പെടുത്തിയ 20,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന മികച്ച നോവലിവുള്ള പുരസ്‌കാരം സുഭാഷ് ചന്ദ്രന്‍ രചിച്ച ‘സമുദ്രശില’ സ്വന്തമാക്കി.

മികച്ച ചെറുകഥയായി സാറാ ജോസഫ് രചിച്ച ‘നീ’ തിരഞ്ഞെടുത്തു. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രസന്നരാജന്‍ ചെയര്‍മാനും റോസ്‌മേരി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരത്തിന് ‘ബിരിയാണി’ എന്ന സിനിമയ്ക്ക് സജിന്‍ ബാബു അര്‍ഹനായി. 15,000 രൂപയും, ശില്‍പവും, പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ‘ഉയരേ’ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം ഉണ്ട്. ശ്യാമപ്രസാദ് ചെയര്‍മാനായ പുരസ്‌കാരനിര്‍ണയസമിതിയില്‍ ജലജ, വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്

മെയ് 23ന് പി. പത്മരാജന്റെ 75-ാം ജന്മവാര്‍ഷികമാണ്. അന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിപുലമായ ആഘോഷ പരിപാടികളില്‍ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാനിരുന്നത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റൊരു തിയതിയിലേക്ക് മാറ്റി. കഴിഞ്ഞ 27 വര്‍ഷമായി പത്മരാജന്റെ ജന്മദിനത്തില്‍ മുടങ്ങാതെ തിരുവനന്തപുരത്ത് വച്ചാണ് പുരസ്‌കാരദാന ചടങ്ങുകള്‍ നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button