CinemaGeneralLatest NewsNEWS

റോഷന്റെ ശബ്ദം പോലും അദ്ദേഹത്തെ സഹായിക്കുന്നു,; അയാളുടെ കണ്ണുകളിലാണ് അഭിനയത്തിന്റെ സൗന്ദര്യം മുഴുവനും; റോഷൻ ഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമല്ല , അയാളൊരു ഉറപ്പും കൂടിയാണ്; വൈറൽ കുറിപ്പ്

സിനിമയിൽ അഭിനയത്തിന്റെ സ്ഥിരതയോടെ ഒരു ഇരുപതെട്ട്‌ കാരൻ സ്കോർ ചെയ്യുമ്പോൾ ഇഷ്ടപ്പെടാതെ തരമില്ല

പ്രശസ്ത മലയാള നടന്‍ റോഷന്‍ മാത്യവിന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. മഹേഷ് നാരായണന്‍ ഒരുക്കിയ ‘സീ യു സൂണ്‍’ എന്ന ചിത്രത്തിലെ അഭിനയത്തെ പ്രശംസിച്ചാണ് ടിങ്കു ജോണ്‍സണ്‍ എന്ന ആരാധകന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം…..
“സീ യു സൂൺ ” സിനിമയിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചു ഫഹദിനെ ഫോൺ ചെയ്യുന്നൊരു രംഗമുണ്ട് . അതിൽ റോഷന്റെ ശബ്ദത്തിൽ പോലും ഒരു വിറയലുണ്ട് , അതോടൊപ്പം നിസ്സഹായതയുമുണ്ട് .
അതോടൊപ്പം തന്നെ ഫഹദിനോട് ദേഷ്യപ്പെടുന്ന സീനിൽ അയാളുടെ ശബ്ദത്തിൽ തന്നെ അത്രയും ദേഷ്യവും നിരാശയുമൊക്കെ മിന്നിമറയുന്നുമുണ്ട് .

യൂട്യൂബിൽ നോക്കിയാൽ ഏതാണ്ട് ഒൻപത് മിനിറ്റോളം നീളമുള്ള അയാളുടെ ഒരു കഥപറച്ചിലും കാണാൻ കഴിയും . അതിൽ അയാളുടെ അവതരണവും ശബ്ദമാറ്റവുമൊക്കെ നല്ല രസമാണ് .

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അയാളുടെ മൂന്ന് സിനിമകൾ ഒറ്റയിരുപ്പിൽ കണ്ട് തീർത്തതും . കപ്പേളയിൽ അയാളുടെ ശബ്ദത്തിനോടാണ് ഇഷ്ടം തോന്നിയതെങ്കിൽ മൂത്തോനിൽ അയാളുടെ കണ്ണുകളിലാണ് അഭിനയത്തിന്റെ സൗന്ദര്യം മുഴുവനും . ഇതൊക്കെ കണ്ട അനുരാഗ് കശ്യപ് അയാളെ തന്റെ സിനിമയിലെ കഥാപാത്രമാക്കിയെന്നതിൽ അതിശയമേയില്ല .

ഒരു നടന്റെ വളർച്ചയുടെ ഗ്രാഫ് വരച്ചു നോക്കിയാൽ ഏറ്റവും വളർച്ചയുണ്ടായിട്ടുള്ളത് റോഷൻ എന്ന വ്യക്തിക്ക് തന്നെയാകണം . ആനന്ദത്തിൽ നിന്നും സീ യു സൂണിൽ എത്തുമ്പോഴേക്കും അയാൾ ഭാവിയിലേക്കുള്ള പ്രതീക്ഷ മാത്രമല്ല , അയാളൊരു ഉറപ്പും കൂടിയാണ് .
അയാൾ തിരഞ്ഞെടുക്കുന്നത് സിനിമകളെയല്ല , കഥാപാത്രങ്ങളെയാണ് .

അതിനാൽ തന്നെ അയാളുടെ കഴിവുകളെ സ്‌ക്രീനിലെത്തിക്കാൻ അയാൾ തന്നെ അവസരമുണ്ടാക്കുന്നതായി തന്നെയാണ് തോന്നുന്നതും , അതിന് അയാളുടെ ശബ്ദം പോലും അത്രയും സഹായിക്കുന്നുണ്ട് .. ഒന്നും രണ്ടുമൊന്നുമല്ല , അയാളുടേതായി വന്ന് കൊണ്ടിരിക്കുന്ന ഓരോ കഥാപാത്രങ്ങളും സ്ഥിരതയോടെ മുന്നോട്ട് തന്നെയാണ് പോകുന്നത് .

എത്രയോ നടന്മാർക്ക് ഇന്ന് സാധിക്കാത്തതും അതാണ് …. സ്ഥിരതയോടെ റൺസ് അടിച്ചു കൂട്ടുന്നത് കൊണ്ടാകണം ക്രിക്കറ്റിൽ ഒരാളെ നമ്മൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് . സിനിമയിൽ അഭിനയത്തിന്റെ സ്ഥിരതയോടെ ഒരു ഇരുപതെട്ട്‌ കാരൻ സ്കോർ ചെയ്യുമ്പോൾ ഇഷ്ടപ്പെടാതെ തരമില്ലല്ലോ
Roshan Mathew

shortlink

Related Articles

Post Your Comments


Back to top button