CinemaGeneralMollywoodNEWS

കനകയെ കണ്ടതും ‘അയ്യോ ഇതാണോ ഞങ്ങളുടെ നായിക’ എന്ന ചിന്തയായിരുന്നു സിദ്ധിഖ് ലാലിന്‍റെ മനസ്സില്‍

രാമഭദ്രന്‍ എന്ന കഥാപാത്രമായി മുകേഷ് സിനിമയില്‍ നിറഞ്ഞു നിന്നപ്പോള്‍ നായിക വേഷം ചെയ്ത കനകയുടെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു

സിദ്ധിഖ് – ലാല്‍ ടീമിന്റെ എവര്‍ഗ്രീന്‍ ക്ലാസിക് ഹിറ്റാണ് 1991-ല്‍ പുറത്തിറങ്ങിയ ‘ഗോഡ്ഫാദര്‍’. ഈ സിനിമയുമായി ബന്ധപ്പെട്ട് ഇവരെ ഏറ്റവും കൂടുതല്‍ ആശയ കുഴപ്പത്തിലാക്കിയത് ഇതിന്റെ കാസ്റ്റിംഗ് തന്നെയായിരുന്നു. നാടകാചാര്യന്‍ എന്‍എന്‍ പിള്ള വരുന്നതിന് മുന്‍പ് തിലകന്‍ ഡബിള്‍ റോളില്‍ അഭിനയിക്കാനിരുന്ന ചിത്രം പല രീതിയിലും കാസ്റ്റിംഗിന്‍റെ കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരെ മാറ്റി ചിന്തിപ്പിച്ചിരുന്നു. നെടുമുടി വേണുവും, ശ്രീനിവാസനുമൊക്കെ ഗോഡ്ഫാദറിലെ കഥാപാത്രങ്ങളായി ഇവരുടെ മനസ്സില്‍ നില്‍ക്കുമ്പോഴും ഏറ്റവും വലിയ വെല്ലുവിളി അതിലെ നായികയെ കണ്ടെത്തുക എന്നതായിരുന്നു. വളരെ എക്സ്പീരിയന്‍സ് ആയിട്ടുള്ള ഒരു നടിക്ക് ആ വേഷം നല്‍കാതെ ഒരു പുതുമുഖ നടിയെ കൊണ്ട് ചിത്രത്തിലെ ഹീറോയിന്‍ വേഷം ചെയ്യിക്കണമെന്ന് തീരുമാനിച്ച സിദ്ധിഖ് ലാലിനോട് നടി കനകയുടെ കാര്യം പറഞ്ഞത് നടന്‍ മുകേഷായിരുന്നു. മുകേഷിന്റെ അഭിപ്രായത്തെ തുടര്‍ന്ന് കനകയെ കാണാന്‍ പോയ സിദ്ധിഖ് – ലാല്‍ ടീമിന് നിരാശയായിരുന്നു ഫലം. കാരണം വലിയ ഒരുക്കങ്ങളില്ലാതെ, സാധാരണ രീതിയില്‍ വസ്ത്രം ധരിച്ചും, മുടി മുകളിലോട്ട് ഉയര്‍ത്തി കെട്ടിയുമൊക്കെ ഒരു പ്രത്യേക കോലത്തിലാണ് കനക അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കനക സിനിമയ്ക്ക് യോജ്യമായ വേഷത്തില്‍ എത്തിയതോടെ ഇത് തന്നെയാണ് തങ്ങളുടെ സിനിമയിലെ നായികയെന്ന് സിദ്ധിഖ് ലാല്‍ ടീം പിന്നീട് സ്വയം തിരിച്ചറിഞ്ഞു.

രാമഭദ്രന്‍ എന്ന കഥാപാത്രമായി മുകേഷ് ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ നിറഞ്ഞു നിന്നപ്പോള്‍ നായിക വേഷം ചെയ്ത കനകയുടെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു. നായകനുള്ള പ്രാധാന്യം പോലെ തന്നെ ചിത്രത്തിലെ ഹീറോയിനും ശക്തമായ കഥാപാത്രമായിരുന്നു സിദ്ധിഖ് ലാല്‍ ടീം നല്‍കിയത്. പിന്നീട് സിദ്ധിഖ് ലാലിന്‍റെ ‘വിയറ്റ്നാം കോളനി’ എന്ന സിനിമയിലും കനക നായികയായി അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button