GeneralLatest NewsNEWS

ഒരു സിനിമയും തിരക്കഥയുമെല്ലാം ഒത്തു വരുന്നതിനിടെ ജയനങ്ങ് പറന്നു പോയി: വേറിട്ട കുറിപ്പുമായി രഘുനാഥ് പലേരി

അതൊരു വല്ലാത്ത പറക്കലായിരുന്നു

ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് വേറിട്ട എഴുത്തുകള്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സമ്മാനിക്കാറുള്ള രഘുനാഥ് പലേരി ചുറ്റുമുള്ള ജനജീവിതങ്ങളാണ് കൂടുതലും വിഷയമാക്കുന്നത്. തന്റെ ഫേസ്ബുക്കിലെ പുതു രചനയില്‍ സൂപ്പര്‍ ഹീറോ ജയനെ പരാമര്‍ശിക്കുന്ന വ്യത്യസ്തമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്ത്.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

‘ഒരു യാത്രയിൽ കൂട്ടായി വന്നതാണ് ഉമേഷ്. യാത്രക്കിടയിൽ പലപ്പോഴും ഉമേഷ്നെ സുമേഷ് എന്നാണ് വിളിച്ചിരുന്നത്. ആദ്യാക്ഷരം സ്ഥാനം മാറി മനസ്സിൽ വരുന്നത് ആ അക്ഷരം പലയാവിർത്തി ഉച്ചരിക്കുന്നതുകൊണ്ടാവാം എന്നു തോന്നാറുണ്ട്. ഉമേഷ് ഭംഗിയായി വാഹനം ഓടിക്കും. മിതമായ വേഗത. ഹോണടിച്ചും വെട്ടിച്ചും കുലുക്കിയും തുള്ളിച്ചാടിച്ചും ചക്രം തിരിക്കാതെ വായുവിലങ്ങിനെ ഒഴുകുംപോലൊരു യാത്ര. പോളിംഗ ബുത്തുകളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ശാന്തമായ പകൽ നേരത്തായിരുന്നു സഞ്ചാരം. വാഹന സാരഥിയാവും മുൻപ് ഉമേഷ് ഒരു വ്യവസായ സംരംഭകനായിരുന്നു. കടല മുട്ടായി, മിക്സ്ച്ചർ, അയനാസ് തുടങ്ങിയ പലഹാരങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി പായ്ക്ക് ചെയ്ത് വിൽക്കലായിരുന്നു വരുമാന മാർഗം. ഒന്നിനു പിറകെ ഒന്നായി വന്ന തടസ്സങ്ങൾ കാരണം സാവകാശം അത് നിന്നു.
തടസ്സങ്ങളും പ്രയാസങ്ങളും ഏത് വഴിക്കും വരും. ശർക്കരപാവ്പോലെ അവ ചുറ്റും വന്നു നിറയും. കട്ടപിടിക്കും. പൊട്ടിച്ചു പുറത്ത് കടക്കാൻ നിർവ്വാഹമില്ലാതെ അതിന്നുള്ളിൽ തന്നെ ഉറഞ്ഞു പോവും. ജീവിതം അങ്ങിനെയാണ്. അതൊരു കടല മുട്ടായി ആണ്. ഒരാൾ മുട്ടായി ആയി മാറുമ്പോൾ അത് കടിച്ചു മുറിച്ചു തിന്നുന്നത് മറ്റാരോക്കെയോ ആണ്. അവനവന് വിശപ്പാറ്റാനും മനസ്സാറ്റാനും അതിലൊരു തരി കിട്ടുന്നവർ ഭാഗ്യവാന്മാർ.
ഉമേഷ് പലർക്കും മുട്ടായി ആയി മാറിയെങ്കിലും ഉമേഷിൻറെ അഛനും മുത്തഛനും മുട്ടായി ആയത് ജയനായിരുന്നു. ഒരുകാലത്ത് വെള്ളിത്തിരയിലെ സൂര്യനായ ജയൻ. ഇൻഡ്യൻ നേവിയിലെ കൃഷ്ണൻനായർ. ജയനെ എനിക്ക് നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. ഒരു സിനിമയും തിരക്കഥയുമെല്ലാം ഒത്തു വരുന്നതിനിടെ ജയനങ്ങ് പറന്നു പോയി. അതൊരു വല്ലാത്ത പറക്കലായിുന്നു. ആ കാലത്ത് ഉമേഷിൻറെ അഛനും മുത്തഛനും തടസ്സങ്ങളുടെ ശർക്കരപ്പാവ് വന്നു നിറയുന്ന കടലോരത്തായിരുന്നു. എങ്ങിനെ പൊട്ടിച്ചു പുറത്തു വരണമെന്നറിയാതെ ജയൻറെ ആരാധകനായ അഛൻ നേരെ ശിവകാശിയിൽ ചെന്നു. കിട്ടാവുന്നത്ര ജയൻ ചിത്രങ്ങൾ അച്ചടിച്ചു വാങ്ങി പലയിടത്തും നടന്നു വിറ്റു. ഒടുക്കും ആ മുട്ടായി ചിത്രങ്ങൾ വിറ്റു വിറ്റ് അഞ്ച് സെൻറ് ഭൂമി വാങ്ങി കുഞ്ഞു വീടും വെച്ചു.
ഉമേഷ് പറഞ്ഞു നിർത്തി.
“ഉമേഷ് ജയനെ കണ്ടിട്ടുണ്ടോ..?”
“ഇല്ല, കേട്ടിട്ടേ ഉള്ളൂ. അഛന് ജീവനാണ്.”
ഏതോ ബ്രഹ്മാണ്ട വിഹായസ്സിലെ മേലാപ്പിലിരുന്ന് ജയൻ ഉമേഷിൻറെ വാക്കുകൾ കേട്ടിരിക്കാം.
മുഖത്ത് വന്നു നിറഞ്ഞ സ്നേഹവും ആനന്ദം കണ്ടിരിക്കാം.

shortlink

Related Articles

Post Your Comments


Back to top button